Editorial

ക്രിസ്തു ചൂണ്ടിക്കാട്ടുന്ന വിവേകശാലികളും വിവേകശൂന്യരും

ക്രിസ്തു ചൂണ്ടിക്കാട്ടുന്ന വിവേകശാലികളും വിവേകശൂന്യരും

വിശുദ്ധ മത്തായി 25,  1-13  ആണ്ടുവട്ടം 32-Ɔ൦ ഞായര്‍ 

1. ജീവിതവെളിച്ചത്തിന്‍റെ  വിവേകം    പുതിയ നിയമത്തില്‍ ഏറേ ആവര്‍ത്തിക്കപ്പെടുന്ന പദമാണ് വെളിച്ചം! വെളിച്ചം വിവേകമാണ്. വെളിച്ചത്തില്‍ ആയിരിക്കാനുള്ള ക്ഷണമാണ് സുവിശേഷം. വിജ്ഞാനത്തിന്‍റെ ഗ്രന്ഥം ജ്ഞാനത്തെ തേജസ്സുറ്റതെന്ന് വിശേഷിപ്പിക്കുന്നു. തേടുന്നവര്‍ കണ്ടെത്തുന്നു. സ്നേഹിക്കുന്നവരെ അത് പ്രണയിക്കുന്നു. മറുവശത്ത് ഭൂമിയിലെ വലിയ അബദ്ധങ്ങളില്‍ ഒന്നാണ് ഇരുട്ട്. ഇരുട്ടിന് അതില്‍ത്തന്നെ അസ്തിത്വമില്ല. വെളിച്ചത്തിന്‍റെ അഭാവമാണ് ഇരുട്ടെന്നു മനസ്സിലാക്കിയാല്‍ ആ പ്രതിസന്ധി അവസാനിപ്പിക്കാവുന്നതേയുള്ളൂ. കണ്ണ് വിളക്കായാല്‍ നാം ജീവിതത്തില്‍  നന്മ കാണുന്നവരാകും (വിജ്ഞാനം 6, 12).

2.  ധൂര്‍ത്ത് – അശ്രദ്ധമായ ചെലവാക്കല്‍     ക്രിസ്തു പറഞ്ഞ പത്തു കന്യകമാരുടെ ഉപമ വെളിച്ചത്തിന്‍റെ സുവിശേഷമാണ് (മത്തായി 25, 1-13). ഇന്നത് മാനവരാശിയുടെ ഉപമയായി മാറിക്കഴിഞ്ഞു. ഉപമ വിവരിക്കുന്നപോലെ ലോകത്ത് രണ്ടുതരം മനുഷ്യര്‍ എന്നുമുണ്ടാകും – വിളക്കില്‍ എണ്ണ കരുതിയ വിവേകശാലികളും, എണ്ണ കരുതാതിരുന്ന വിവേകശൂന്യരും.  ഉപമയുടെ തുടക്കത്തില്‍ ഇരുകൂട്ടര്‍ക്കും ഓരേ സാദ്ധ്യതയുടെ തട്ടകമായിരുന്നു. ഒരേ വരയില്‍നിന്ന് ഓട്ടം ആരംഭിക്കുന്ന കായിക താരങ്ങളെപ്പോലെയാണവര്‍. അങ്ങനെയെങ്കില്‍  ഈശോ പറഞ്ഞ കഥയിലെ 10 കന്യകമാരുടെയും കൈവശം ഒരേ അളവിലായിരിക്കണം എണ്ണ ഉണ്ടായിരുന്നത്. ഇത് കഥയുടെ മീതെ മെനയുന്ന കഥയാണ്. പിന്നെങ്ങിനെ അഞ്ചുപേരുടെ കൈയ്യില്‍ എണ്ണതീര്‍ന്നുപോയി എന്നതാണ് അടുത്ത ചോദ്യം. അവര്‍ കാണിച്ച അബദ്ധമായിരിക്കാം എന്ന് മിക്കവാറും നമ്മളെല്ലാവരും ആവര്‍ത്തിച്ചു പറയും. അത് ധൂര്‍ത്താണ്.
ധൂര്‍ത്ത് അല്ലെങ്കില്‍ ഒരു extravaganza എന്നു പറഞ്ഞാല്‍ ഉള്ളത് അശ്രദ്ധമായി പാഴാക്കിക്കളയുകയെന്നാണ്. അനുപാതമില്ലാത്തതും അശ്രദ്ധവുമായ ചെലവൊഴിക്കലിന്‍റെ ലയമാണ് ധൂര്‍ത്ത് പ്രകടമാക്കുന്നത്. ഓരോന്നും അര്‍ഹിക്കുന്നതിലേറെ വ്യയംചെയ്താല്‍ ഒടുവില്‍ പാപ്പരായിത്തീരുകയല്ലാതെ മറ്റൊരു ഗതിയുമില്ല. മക്കളുടെ സ്നേഹനിരാസങ്ങളെക്കുറിച്ച് പരിഭവിച്ചും കലഹിച്ചും വാര്‍ദ്ധക്യത്തെ കഠിനമാക്കുന്നവരെ കണ്ടിട്ടുണ്ട്. അവര്‍ ഉള്ളതെല്ലാം മക്കളില്‍ വക്കോളം ചൊരിയുകയായിരുന്നു. ഒപ്പം അവരില്‍ ചൊരിഞ്ഞ സ്നേഹത്തിന്‍റെ പലിശ വാങ്ങി ജീവിതസന്ധ്യകളെ ഐശ്വര്യപൂര്‍ണ്ണാക്കാമെന്നും അവര്‍ ആശിച്ചു. അതിനിടയില്‍ സ്വയം കാണാനോ കണ്ടെത്താനോ ആവശ്യമായ ധ്യാനമോ സംശയമോ ഇല്ലാതെ പോയ പാവം മനുഷ്യര്‍! സമാനമായ പിഴവുകള്‍ എവിടെയും എന്തിനും എന്നിലും സംഭവിക്കാം.

3. സ്വരചേര്‍ച്ചയ്ക്ക് അനിവാര്യമായ അകലം     മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ പ്രണയത്തിലോ ദാമ്പത്യത്തിലോ ആരെങ്കിലും പങ്കാളിയില്‍ അത്രമേല്‍ ശ്രദ്ധിച്ചു ശ്രദ്ധിച്ചു ജീവിച്ചതിനാല്‍ ഒരു നിലക്കണ്ണാടിയുടെ മുന്നില്‍ ധ്യാനത്തിന്‍റെ  ഒരു നിമിഷാര്‍ദ്ധംപോലും നില്ക്കാന്‍ നേരമില്ലാത്തപോലെ ജീവിച്ചു. അതുകൊണ്ടു ഖലീല്‍ ജിബ്രാന്‍‍ പറയുന്നത്, സ്നേഹത്തിലോ പ്രണയത്തിലോ ഒന്നായിരിക്കുമ്പോഴും ദൂരങ്ങള്‍ സൂക്ഷിക്കണമെന്നാണ്! തന്ത്രീവാദ്യങ്ങള്‍ അറിയാമല്ലോ! തന്ത്രികള്‍ക്കിടയിലെ അകലങ്ങള്‍ എപ്പോഴും സൂക്ഷിക്കപ്പെടണം. അകലങ്ങളാണ് നാദലയങ്ങള്‍ സൃഷ്ടിക്കുന്നത്. ന്യായമായ അകലങ്ങള്‍ സൂക്ഷിക്കാനാവാത്തതു കൊണ്ടാണ് സ്വരചേര്‍ച്ചയില്ലാതാകുന്നത്. ഏറ്റവും ചെറിയൊരു അവിശ്വസ്തതയുടെ സൂചനപോലും നമ്മെ വലയ്ക്കുന്നു.
ജീവിതത്തിലെ സ്വാഭാവിക ധര്‍മ്മങ്ങളോട് നാം മുഖംതിരിച്ചു നില്ക്കണമന്ന് ഇതിന്   അര്‍ത്ഥമില്ല. “അന്യവീട്ടില്‍ വേലയ്ക്കു നില്ക്കുന്ന ആയയെപ്പോലെ ജീവിക്കാന്‍ ഞാന്‍ എന്‍റെ മനസ്സിനെ പഠിപ്പിച്ചിട്ടുണ്ട്,” എന്നുച്ചരിച്ച വിവേകാനന്ദ സ്വാമികളുടെ സൂക്തമാണിവിടെ ധ്യാനിക്കേണ്ടത്. ഇതല്ല എന്‍റെ കുഞ്ഞ്, ഇതല്ല എന്‍റെ പെങ്ങള്‍, ഇതല്ല എന്‍റെ അത്താഴം,  ഇതല്ല എന്‍റെ വീട്! നേതി, നേതി.. അല്ല… അല്ല!! അതിനാള്‍ കണ്ടതില്‍ ബ്രമിച്ചുനില്ക്കാതെ നിലനില്ക്കുന്നവയുമായി ബന്ധപ്പെട്ടു ജീവിക്കുക എന്നാണതിന്‍റെ അര്‍ത്ഥം. അതേ, – ദൈവവുമായി ചേര്‍ന്നുനില്ക്കുക, ബാക്കിയുള്ളതൊക്കെ കടന്നുപോകും. ഉപമയിലെ, കഥയിലെ മണവാളന്‍ ദൈവമാണ്, ക്രിസ്തുവാണ്! ക്രിസ്തു കാലത്തിന്‍റെയും ചരിത്രത്തിന്‍റെയും മണവാളനാണ്. ഭാരതബിംബത്തിലെ ഉത്തമപുരുഷനാണ് അവിടുന്ന്.

4.  അറിവിന്‍റെ ജാഗ്രത!    ആ ഉത്തമപുരുഷന്‍റെ ശയ്യാഗൃഹത്തില്‍ എരിഞ്ഞുനില്ക്കാനുള്ള എണ്ണയുണ്ടോ നമ്മുടെ വിളക്കിലെന്ന് ആരായേണ്ടത്. അപ്രതീക്ഷിതമായ യാമത്തിന്‍റെ ആനന്ദമുഹൂര്‍ത്തമാണ് ഉപമയില്‍ പറയുന്നത്. അത് മണവാളന്‍ വന്നെത്തിയ യാമമാണ്. തന്‍റെ ദിവ്യപ്രഭയാല്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിനച്ചിരിക്കാത്ത നേരത്താണ് അയാള്‍ കടന്നുവരാന്‍ പോകുന്നത്! എല്ലാ അറിവുകളും കഴിവുകളും ഒരാളെ രക്ഷിക്കണമെന്നില്ല, എന്ന സങ്കടം ഈ ഉപമയുടെ അടിത്തട്ടിലുണ്ട്. എന്നിട്ടും അനുദിനജീവിതത്തില്‍ നാം അറിഞ്ഞുകൊണ്ടുതന്നെ അലസതയ്ക്കും നിരുത്തരവാദിത്വത്തിനും നിരായശ്യ്ക്കും കീഴ്പ്പെട്ടുപോകുന്നു. അപൂര്‍വ്വം ചിലര്‍ മാത്രം അറിവിനു നിരക്കുന്ന ശ്രദ്ധയും കരുതലും രൂപപ്പെടുത്തുന്നു. ഇതുകൊണ്ടാവാം കാരണവന്മാര്‍ നിനച്ചിരുന്നു പറയാറ്, “അറിവും ഒരു ആഡംബരമാണ്!” ഓരോ പ്രഭാതത്തിലും ആരൊക്കെയോ ഓരോ രാവിലും മണവാളന്‍റെ ആഗമനം അറിയിച്ചുകൊണ്ട് ഉറക്കെ പ്രഘോഷിക്കുന്നുണ്ട്. എന്നാല്‍ ഒരു മഹാനിദ്രയിലാണ് ലോകമെന്നു മാത്രം. അതുകൊണ്ട്, Awake!  ഉണര്‍ന്ന്, ജാഗരൂകരായിരിക്കുവിന്‍!! ജാഗ്രതയെന്ന പദം സുവിശേഷത്തില്‍ ഉടനീളം ക്രിസ്തു ഉപയോഗിക്കുന്നുണ്ട്. ഉറക്കത്തിലും സൂക്ഷിക്കേണ്ട ഉണര്‍വ്വാണിത് – ജാഗരൂകരായിരിക്കുവിന്‍! ഇവിടെ ക്രിസ്തു ആജ്‍ഞാപിക്കുന്നത്, അനുദിന ജീവിതത്തിനാവശ്യമായ ആന്തരിക ഉണര്‍വിനെക്കുറിച്ചാണ്.

5.   ജീവിതവിളക്കില്‍ എണ്ണയില്ലാത്തവര്‍    ഇനി, കുറെപ്പേര്‍ക്ക് കൈവശം എണ്ണയില്ലെന്ന് കഥയില്‍ പറയുന്ന പ്രതിസന്ധിയെ നാം എങ്ങനെ നേരിടും? ആദ്യമായിട്ട്, സ്വന്തം ജീവനാകുന്ന വിളക്കും സംവഹിച്ചു നല്കുന്നവരാണ് എല്ലാവരും. അതിനാല്‍ ഞങ്ങളുടെ ജീവന്‍റെ എണ്ണ കൈമാറാന്‍ ആവില്ല എന്ന സത്യസന്ധമായ ഉത്തരംകൊണ്ടാണ് അവര്‍ നമ്മെ നിരാശരാക്കുന്നത്. കൈവെള്ളയിലെ നാണയം എടുത്തോളൂ. ഭാണ്ഡം എടുത്തോളൂ, മേശയിലെ അപ്പക്കഷണങ്ങളും എടുത്തോളൂ. എന്നാല്‍ എന്‍റെ ജീവിതത്തിന്‍റെ ആഗാധങ്ങളിലെ സ്നേഹവും വെളിച്ചവുമൊക്കെ വ്യാപാരമല്ലെന്നാണ് ഇതു പറയുന്നത്, പഠിപ്പിക്കുന്നത്. അവിടെ കൊടുക്കമേടിക്കല്‍ സാദ്ധ്യമല്ല. സ്വന്തം ജീവന്‍കൊണ്ടും, നിശബ്ദതകൊണ്ടും, അസ്വസ്ഥകൊണ്ടും നേരിടേണ്ടതാണ് വിശുദ്ധി, വിശുദ്ധിയാകുന്ന ജീവിതവിളക്കിലെ എണ്ണ നേടാന്‍ എളുപ്പവഴികളില്ല!

6.  തിരികെ  വരാത്ത  ഊഴങ്ങള്‍    രണ്ടാമതായി, ഉപമയില്‍ കമ്പോളത്തിലേയ്ക്ക് പോകാന്‍ പറയുന്നു. വാണിഭശാല തുറന്നിരിക്കുമോ എപ്പോഴും? അറിയില്ല! എല്ലാത്തിനും ഓരോ നേരമുണ്ടെന്ന് ബൈബിള്‍ പറയുന്നുണ്ടല്ലോ, എല്ലാറ്റിനും ഓരോ ഊഴങ്ങള്‍ ഉണ്ട്. ഊഴങ്ങള്‍ കാത്തുനിന്നില്ലെങ്കില്‍ അവ നഷ്ടമാകും. അതിന് അളവും ഗുണവുമുണ്ട്. അനന്തമായി നീളുന്ന ഒരു ഔഴവും ഉണ്ടാവില്ല. മുന്തിരി ചക്കിലിട്ടാല്‍ വീഞ്ഞുകിട്ടും എന്നാല്‍ നല്ലവീഞ്ഞിന് ഒരു നേരമുണ്ട്. മേന്മയുള്ള വീഞ്ഞിന് ഒരു കൃത്യതയുണ്ടാവണം. അതുപോലെ നല്ല പ്രായത്തിലേ ഹൃദയംനിറയെ നന്മയാര്‍ജ്ജിക്കണം. ഹൃദയത്തിനും ബുദ്ധിക്കും പൂര്‍ണ്ണ ആരോഗ്യമുള്ള കാലത്ത്.. അത് യൗവ്വനമാകാം, പക്വമാര്‍ന്ന മറ്റൊരു പ്രായമാകാം. ആ നല്ലപ്രായത്തിലാണ് അലച്ചിലുകളും കണ്ടെത്തലുകളും വേണ്ടത്. ചിലര്‍ പറയാറുണ്ട്, റിട്ടയര്‍മെന്‍റ് കഴിഞ്ഞശേഷം എവിടെങ്കിലും പോയി ഒരു ധ്യാനംകൂടി നന്നാകാം. ഇപ്പോള്‍ ‘വണ്ടി ട്രാക്ക് തെറ്റി ഓടട്ടെ! സാരമില്ല!!, എന്നു കരുന്നുത് മൗഢ്യമാണ്!

7. അടയ്ക്കപ്പെടുന്ന വാതിലുകള്‍     ഇനി, ഉപമയുടെ അവാസനഭാഗത്ത്… ഇതാ, മണവാളന്‍ വന്നു. വാതില്‍ അടയ്ക്കുകയാണ്! “ഞാന്‍ വാതിലാണ്, ജീവന്‍റെ വാതിലാണ്,” എന്ന്, വെളിപ്പെടുത്തിയവന്‍റെ വാതില്‍ ഇതാ, അടയ്ക്കപ്പെടുന്നു! (യോഹ. 10, 9).
മജ്ജയില്‍ തണുപ്പു കയറുകയാണ്. ഇത്തിരി ബോധം വന്നപ്പോള്‍ത്തൊട്ട് പ്രണമിച്ച്, കാത്തിരുന്നു. ചേര്‍ന്നു നടക്കാനും, കൂടെ ആയിരിക്കാനും, ഇടപഴകാനുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടു.  എന്നിട്ടും അയാള്‍ക്കും എനിക്കുമിടയില്‍ വാതില്‍ അടയ്ക്കപ്പെട്ടാല്‍ ഇനി എന്തുചെയ്യാന്‍? അവനെ അറിയാമെന്നൊരു അഹങ്കാരമുണ്ടായിരുന്നു മനസ്സില്‍. എന്നാല്‍ “നിങ്ങളെ ഞാന്‍ അറിയുകയില്ല,” എന്നാണ് മറുപടി. പ്രശ്നം ഇതുതന്നെ. എന്നെ ഒട്ടും പരിചയമില്ലാത്തപോലെ അയാള്‍ പുറത്താക്കി, വാതിലടച്ചു. ചിലപ്പോള്‍  നമ്മെ അറിയുന്നവര്‍പോലും വാതിലടച്ച് നമ്മെ പുറത്താക്കുന്നു, ഒഴിവാക്കുന്ന അവസ്ഥ എത്രയോ വേദനാജനകം!

8. ഹൃദയകവാടത്തില്‍ മുട്ടുന്ന ദൈവം!       ജീവിത വിളക്കില്‍ എണ്ണയുള്ളവരെ മാത്രമാണ് അവിടുന്നിപ്പോള്‍ അറിയുന്നത്.
അത് ആത്മാവബോധത്തിന്‍റെ എണ്ണയാണ്. ആത്മാവബോധത്തിന്‍റെ അപ്പം മുറിക്കുന്ന സ്നേഹിതരാണ് അവിടെ ജീവന്‍റെ വിരുന്നിനായി കാത്തുനില്ക്കുന്നത്. അവരെയാണ് അവിടുന്നിപ്പോള്‍ തിരയുന്നത്. അല്ലാത്തവര്‍ യൂദാസിനെപ്പോലെ ക്രിസ്തുവിന്‍റെ വിരുന്നു മേശയില്‍നിന്നും പുറത്തെ ഇരുളിലേയ്ക്ക് ഇറങ്ങിപ്പോകേണ്ടി വരും. കാലാകാലങ്ങളില്‍ കുമിഞ്ഞുകൂടിയ ഇരുള്‍കൊണ്ട് ക്രിസ്തുവാകുന്ന മണവാളനെ നാം കാണാതെ പോകാം. മണവാളനെ കാത്തിരിക്കാനോ തിരിച്ചറിയാനോ കഴിയാത്തവരായി മാറാം. കൈയ്യെത്താവുന്ന അകലത്തിലും, നോക്കെത്താവുന്ന ദൂരത്തിലും, കേള്‍ക്കാവുന്ന വിധത്തിലും അവിടുന്നു ഉണ്ടായിരുന്നിട്ടും നമുക്ക് അവിടുന്നു നഷ്ടമാകുന്നു. അല്ലെങ്കില്‍ നാം അവിടുത്തെ മാറ്റിനിര്‍ത്തുന്നു മുന്‍വിധികളുടെ കാറ്റ് നമ്മുടെ വിളക്കുകളെ കെടുത്തിക്കളയുകയാണ്. ഇനി ഇരുട്ടിനെക്കാള്‍ ഇരുട്ടാണ്. ജീവിതത്തില്‍ അടഞ്ഞുപോകുന്ന സമാധാന വാതിലുകളുടെ, ഹൃദയകവാടത്തിന്‍റെ അനുഭവമാണിത്. പുറത്ത്, കരിച്ചിലും പല്ലുകടിയും അനുഭവപ്പെടുന്നു. ഏറ്റവും വിലപിടിപ്പുള്ളത് കളഞ്ഞു പോയവരുടെ അനുഭവമാണിത്. ഖേദത്തിന്‍റെയും ക്ഷോഭത്തിന്‍റെയും അനുഭവങ്ങള്‍ അപ്പോള്‍ ദൈവാനുഭവത്തിന്‍റെ പറൂദീസ നഷ്ടമാകുന്നവര്‍ക്ക് ഉണ്ടാകും! അതിനാല്‍ കരുതലോടെ ജീവിക്കാം.
ജീവിതാവബോധത്തിന്‍റെ എണ്ണ ധൂര്‍ത്തുകൊണ്ടും, നമ്മുടെ അശ്രദ്ധകൊണ്ടും നഷ്ടമാവാതെ കാത്തുസൂക്ഷിക്കാം. മണവാളന്‍ എനിക്കെതിരെ വാതില്‍ അടയ്ക്കാതിരക്കട്ടെ! ദിവ്യമണവാളന്‍ എനിക്കെതിരെ വാതില്‍ അടയ്ക്കാതിരിക്കാന്‍ ഹൃദയവിളക്കില്‍ ജീവിതനന്മയുടെയും വിശുദ്ധിയുടെയും എണ്ണനിറച്ച് കാത്തിരിക്കാം. അതിനെന്നെ തുണയ്ക്കണേ, ദൈവമേ! എന്നു പ്രാര്‍ത്ഥിക്കാം.

കടപ്പാട് : ബോബി ജോസ് കട്ടിക്കാട്, കപൂച്ചിന്‍

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker