Kerala

സന്യസ്ഥരെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ഉപവാസ സമരം

രാവിലെ പത്തു മണിക്ക് ആരംഭിച്ച ഉപവാസസമരം വൈകുന്നേരം നാലു മണിക്കാണ് അവസാനിച്ചത്...

ജോസ് മാർട്ടിൻ

കാട്ടൂർ/ആലപ്പുഴ: ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ സന്യസ്ഥരെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴ രൂപതാ കെ.എൽ.സി.എ. യുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ആലപ്പുഴയിലെ കാട്ടൂർ സെന്റ് മൈക്കിൾസ് ഫൊറോന ദേവാലയ അങ്കണത്തിൽ നടന്ന ഉപവാസ സമരത്തിൽ ആലപ്പുഴയിലെ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ള സന്യസ്ഥരും ബി.സി.സി., കെ.സി.വൈ.എം., കെ.എൽ.സി.എ. തുടങ്ങിയ സംഘടനാ നേതാക്കളും പങ്കെടുത്തു. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു. രാവിലെ പത്തു മണിക്ക് ആരംഭിച്ച ഉപവാസസമരം വൈകുന്നേരം നാലു മണിക്കാണ് അവസാനിച്ചത്.

കെ.എൽ.സി.എ. ആലപ്പുഴ രൂപതാ പ്രസിഡന്റ് ജോൺ ബ്രിട്ടാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, രൂപതാ ജുഡീഷ്യൽ വികാർ ഫാ.യേശുദാസ് കാട്ടുങ്കൽതയ്യിൽ മുഖ്യസന്ദേശം നൽകി. ജനങ്ങളെ യഥാർത്ഥമായി ബോധവൽക്കരിച്ചുകൊണ്ട് മനുഷ്യത്വം അംഗീകരിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തണമെന്നും, അവരിൽ ദൈവം ഉണ്ടെന്നും തത്വമസി എന്നത് പാലിക്കപ്പെടണമെന്നും മോൺ.പയസ് ആറാട്ട്കുളം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഫാ.സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നിന്റെ ഈ കാലയളവിൽ സന്യസ്തർ ആരാണ്, എന്താണ്? എന്ന തിരിച്ചറിവ് ഉണ്ടാവണമെന്നും, അവർ ആരെയും തോൽപ്പിക്കുവാനോ, ആർക്കുമെതിരായി മത്സരിക്കുവാനോ, സാമ്പത്തിക ക്രമക്കേടുകൾ നടത്തി പേരുദോഷം വരുത്തിവയ്ക്കുവാനോ ശ്രമിക്കാറില്ലെന്നും, അതുകൊണ്ട് അവരുടെ ജീവിത മഹത്വം തിരിച്ചറിയണമെന്നും, ഈ രാജ്യത്തിനു വേണ്ടി ഒട്ടേറെ സേവനങ്ങൾ ചെയ്യുന്ന സന്യാസിനിമാരെ ഒരിക്കലും മറക്കരുതെന്നും ഫാ.യേശുദാസ് കാട്ടുങ്കൽതയ്യിൽ പറഞ്ഞു.

കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, സംസ്ഥാന ഭാരവാഹികളായ ബിജു ജോസി കരുമാഞ്ചേരി, ജസ്റ്റിനാ ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി. ഉപവാസ സമരത്തിൽ പങ്കെടുത്ത വൈദീകരുടെയും, അൽമായരുടെയും സാന്നിധ്യം ഈ വിഷയം വിശ്വാസമൂഹത്തിൽ എത്രമാത്രം ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുവെന്ന് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker