Meditation

Palm Sunday_Year B_സ്നേഹിക്കുന്നവന്റെ കടന്നുവരവ് (മർക്കോ 14:1-15:47)

സ്നേഹത്തിന്റെ കെണിയിലേക്കാണ് അവൻ നടന്നു കയറുന്നത്...

ഓശാന ഞായർ

അവനെ കല്ലെറിഞ്ഞ് കൊല്ലുവാനാണ് അവർ തീരുമാനിച്ചിരുന്നത്. കാരണം അവൻ സ്വയം ദൈവമായി പ്രദർശിപ്പിക്കുന്നു. അതുകൊണ്ടാണവൻ ജറുസലേമിൽ നിന്നും ജോർദാന്റെ മറുകരയിലേക്ക് പിന്മാറിയത് (യോഹ 10:31-40). അപ്പോഴാണ് ഒരു സന്ദേശം അവന് ലഭിക്കുന്നത്; “നിന്റെ സുഹൃത്ത് ലാസർ രോഗബാധിതനായിരിക്കുന്നു” (യോഹ. 11:3). സ്വന്തം മരണത്തിനു മുന്നേ സുഹൃത്തിന്റെ മരണം സംഭവിക്കുന്നു. അങ്ങനെ അവൻ വീണ്ടും ജറുസലേമിലേക്ക് വരുന്നു. പക്ഷേ ആദ്യം ബഥാനിയായിലേക്ക് പോകുന്നു. സുഹൃത്തിനെ പുനർജീവിപ്പിക്കുന്നു. എന്നിട്ട് രാജകീയമായി ജെറുസലേം പട്ടണത്തിലേക്ക്.

ജറുസലേമിൽ നിന്നും ഒഴിഞ്ഞു മാറിയവനെ വീണ്ടും അങ്ങോട്ട് പോകാൻ പ്രേരിപ്പിച്ചത് എന്തായിരിക്കണം? സ്നേഹം മാത്രമായിരുന്നു. അതുകൊണ്ട് ഈ രാജകീയ പ്രവേശനം ചരിത്രപരം എന്നതിനേക്കാളുപരി ദൃഷ്ടാന്തപരമാണ്. സ്നേഹത്തിന്റെ കെണിയിലേക്കാണ് അവൻ നടന്നു കയറുന്നത്. ഒരു നിശ്ചയദാർഢ്യമുള്ള പ്രണയിനിയെപോലെ അവൻ മരണത്തിലേക്ക് കടന്നു വരുന്നു. സമാധാനകാംഷിയായ ഒരു രാജാവിനെ പോലെ വിനീതനായി വരുന്നു. ആരിലും ഒന്നും അടിച്ചേൽപ്പിക്കാത്ത ദൈവം തന്നെ തള്ളിക്കളഞ്ഞവരുടെ ഇടയിലേക്ക് എളിമയോടെ വരുന്നു.

രാജാവിന് ഒരു കഴുതയെ വേണം. യുദ്ധത്തിനല്ല, സമാധാനത്തിന്. അതെ, രാജാവ് ദൈവമാണ്. ആ ദൈവം സ്നേഹമാണ്. ആ ദൈവത്തിന് വേണ്ടത് സമാധാനത്തിന്റെയും ആർദ്രതയുടെയും വക്താക്കളെയാണ്. അക്രമത്തിന്റെ കുതിരശക്തിയല്ല ദൈവത്തിന്റെ മഹത്വം. ആർദ്രതയുടെ മൂഢയുക്തിയാണ്. അത് ഹൃദയത്തിന്റെ യുക്തിയാണ്, പ്രണയത്തിന്റെ വാശിയാണ്. ഉടമ്പടികൾ ലംഘിക്കപ്പെടുമ്പോൾ ആർദ്രമായി സ്നേഹിക്കുന്നവൻ സമാധാനത്തിന്റെ പാത സ്വീകരിക്കും. അങ്ങനെ അവൻ ഒരു കഴുതപ്പുറത്ത് കയറി വീണ്ടും കൂട്ടുകൂടുവാൻ വരും. കാരണം അവന്റെ സ്നേഹം സത്യമാണ്. ആ സ്നേഹം നിലനിർത്താൻ മണ്ണോളം താഴാനും കുരിശോളം ഉയരാനും തയ്യാറാണവൻ.

സ്നേഹത്തെ പ്രതി താഴ്ന്നവനാണ് അനുഗ്രഹീതൻ. കാരണം അവൻ കടന്നുവരുന്നത് ദൈവനാമത്തിലാണ്. സ്നേഹബന്ധങ്ങൾ തകരാതിരിക്കുന്നതിനുവേണ്ടി മരണത്തെ പോലും ആലിംഗനം ചെയ്യാൻ സന്നദ്ധരാകുന്നവർക്കുള്ളതാണ് ദൈവപരിവേഷം. അവർ ദൈവനാമത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവരാണ്. അതെ, ദൈവം അങ്ങനെയൊക്കെയാണ് നമ്മിലേക്ക് വരിക. അതുകൊണ്ടാണ് കല്ലെറിയാനായി കാത്തിരുന്നവരുടെ ഇടയിലൂടെ അവൻ നിശബ്ദമായി നടന്നുനീങ്ങിയതിനുശേഷം വഴക്ക് വേണ്ട നമുക്ക് സമാധാനത്തോടെ സംസാരിക്കാമെന്ന ആഗ്രഹത്തോടെ ഒരു കഴുതപ്പുറത്തേറി അവനും വരുന്നത്. സ്നേഹത്തിന് അത്രമേൽ വിലകൽപ്പിക്കുന്നവർക്ക് മാത്രമേ കൂട്ടുകൂടാൻ കഴുതപ്പുറത്തേറി വീട്ടിലേക്ക് തിരികെ വരാൻ സാധിക്കു: വന്നാലും അവിടെ കാത്തിരിക്കുന്നത് മരണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. കാരണം സ്നേഹം കണക്കുകളൊന്നും ഓർത്തു വയ്ക്കുന്നില്ല. അതിന്റെ മുന്നിലുള്ളത് ആർദ്രതയിലധിഷ്ഠിതമായ അനുരഞ്ജനം മാത്രമാണ്.

മുന്നിലുള്ള ദിനങ്ങൾ വിശുദ്ധമാണ്. സ്നേഹത്തെ പ്രതി കടന്നു വരുന്നവന് സഹനവും മരണവുമാണ് മുന്നിലുള്ളത്. അതെ, ദിനങ്ങൾ വിശുദ്ധമാകുന്നത് സഹനങ്ങൾ സ്നേഹത്തെ പ്രതിയാകുമ്പോഴാണ്. സാങ്കല്പികമല്ല സഹനവും മരണവും. പച്ച യാഥാർത്ഥ്യമാണ്. അത് ദൈവകല്പിതവുമാണ്. വെളിച്ചത്തിന്റെ അടയാളങ്ങളെന്നപോലെ ചിലപ്പോൾ അത് നമ്മിലേക്ക് വരുന്നു, മറ്റു ചിലപ്പോൾ നമ്മൾ അതിലേക്ക് നടന്നടുക്കുന്നു. ജീവിതത്തിന്റെ ഏറ്റവും വശ്യമായ ലാവണ്യം നൊമ്പരങ്ങളെ വിശുദ്ധമായ കണ്ണീരോട് കൂടി നുണയുന്നതാണ്. അത് ജീവിതത്തിൻെറ കുരിശനുഭവമാണ്. ഉള്ളിൽ സ്നേഹമുള്ളവർക്കെ അത് അനുഭവിക്കാൻ സാധിക്കു. അല്ലാത്തവർ ഒളിച്ചോടും. അങ്ങനെയുള്ളവർ ഇന്ന് നിനക്ക് വേണ്ടി ഓശാന പാടും, നാളെ നിനക്കെതിരെ അലമുറയിടും. കാരണം അവരെ സംബന്ധിച്ച് സ്നേഹം ഒരു നൈമിഷിക വികാരം മാത്രമാണ്.

കുരിശിനു മാത്രമേ സ്നേഹത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള സംശയങ്ങൾ ദൂരീകരിക്കാൻ സാധിക്കു. നൊമ്പരങ്ങളില്ലാത്ത സ്നേഹവും കുരിശില്ലാത്ത ദൈവവും വിഗ്രഹങ്ങളെ സൃഷ്ടിക്കും. ബന്ധത്തിന്റെ കാര്യത്തിലും ദൈവത്തിന്റെ കാര്യത്തിലും വിഗ്രഹങ്ങളെ വിശ്വസിക്കരുത്. അവർക്ക് വേണ്ടത് ബലിയാണ്, ആർദ്രതയല്ല. നിത്യ സ്നേഹത്തിന്റെ തീക്കനൽ നിന്നിൽ തുളച്ചു കയറുക കുരിശ് എന്ന നൊമ്പരമരത്തിലൂടെ മാത്രമാണ്. അതുകൊണ്ടാണ് കുരിശിൽ കിടന്നവനെ നോക്കി ഒരു പട്ടാളക്കാരൻ വിളിച്ചുപറയുന്നത്: “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു”. നോക്കുക, ഒരത്ഭുതവും അവിടെ സംഭവിച്ചിട്ടില്ല. എന്നിട്ടും നഗ്നനായി തൂങ്ങിക്കിടക്കുന്നവനെ നോക്കി പീഡനമേൽപ്പിച്ചവരിൽ ഒരുവൻ വിളിച്ചു പറയുന്നു; “ഈ മനുഷ്യൻ ദൈവപുത്രനാണ്”. ഇതാണ് വിജയം. സ്നേഹത്തിലേക്ക് നൊമ്പരങ്ങൾ ആളിപ്പടരുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. വിജയമുണ്ടാകുന്നത്. നൊമ്പര പടികൾ ചവിട്ടാതെ ഒന്നാമതെത്തിയവൻ വിജയിയല്ല, കൗശലക്കാരനാണ്. വിജയിയുടെ പിന്നിൽ ഒരു കുരിശുണ്ടാകും. സ്നേഹത്തെ പ്രതി ഏറ്റുവാങ്ങിയ മുറിപ്പാടുകൾ അവന്റെ ഉള്ളിലും പുറത്തുമുണ്ടാകും. എന്നിട്ട് അവൻ നിശബ്ദമായി മരണത്തെ പുൽകും. തിരിച്ചു വരുമെന്ന ഉറപ്പോടെ കൂടി തന്നെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker