Vatican

ആഗോള കത്തോലിക്ക സഭ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു

ആഗോള കത്തോലിക്ക സഭ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു. കാരുണ്യവര്‍ഷത്തിന്റെ സമാപനവേളയിലാണു നവംബര്‍ 19 പാവങ്ങളുടെ ദിനമായി പാപ്പ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ പത്തിനു വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. വിവിധ ദേശത്തു നിന്നും വത്തിക്കാനില്‍ എത്തുന്ന നാലായിരത്തിലധികം അതിദരിദ്രരായ ആളുകള്‍ വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കും.

ഉച്ചയ്ക്കു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ത്രികാല ജപത്തിനുശേഷമാണ് പോള്‍ ആറാമന്‍ ഹാളില്‍ പാവങ്ങള്‍ക്കായി ഭക്ഷണം നല്‍കുന്നത്. നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണു ദിനാചരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 13 മുതല്‍ വത്തിക്കാനില്‍ സൗജന്യ ചികിത്സാപദ്ധതിയും ഒരുക്കിയിരിന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്തുള്ള പന്ത്രണ്ടാം പീയൂസിന്‍റെ അങ്കണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന താല്‍ക്കാലിക സൗജന്യചികിത്സാ കേന്ദ്രത്തില്‍ പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരിന്നു.

കാരുണ്യജീവിതത്തിനായുള്ള പാപ്പായുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ലോകമാസകലം ഈ ദിനത്തോടനുബന്ധിച്ച് വിവിധരീതിയിലുള്ള പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. കേരളസഭയിലും വിവിധ പരിപാടികള്‍ നടക്കും. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന, മേഖലാ, രൂപതാ, ഇടവകതലങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തും.

പാവങ്ങളുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് അവരോടൊത്തു ബലിയര്‍പ്പണം, നിര്‍ധനര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പരിപാടികള്‍, നാടോടികള്‍, കോളനി നിവാസികള്‍, വിധവകള്‍ എന്നിവരൊത്തു കൂട്ടായ്മ, അഗതിമന്ദിരങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലും സന്ദര്‍ശനം, പരിസരശുചീകരണം എന്നിവയുണ്ടാകും.

സംസ്ഥാനതല ആഘോഷം കൂവപ്പടി ബത്‌ലെഹം അഭയഭവനില്‍വച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് നടക്കുന്ന സമ്മേളനം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. ഇന്നസെന്റ് എം.പി അദ്ധ്യക്ഷത വഹിക്കും. ബത്‌ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്ടര്‍ മേരി എസ്തപ്പാന്‍ നേതൃത്വം നല്കും.

കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സലസ്റ്റിന്‍ ജോണ്‍, മേരി ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ബത്‌ലഹേം അഭയഭവന്‍ രക്ഷാധികാരി ജോര്‍ജ്ജ് പുത്തന്‍പുര, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വട്ടോളി CST, ഫാ. റോബര്‍ട്ട് കാളാരാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Tags
Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker