International

ഭീകരാക്രമണങ്ങള്‍ക്ക് നടുവിലും വീണ്ടും ഇറാഖില്‍ ആദ്യ കുര്‍ബാന സ്വീകരണം

ഇറാഖി നഗരമായ ടെല്‍സ്കുഫിലെ സെന്‍റ് ജോര്‍ജ് കല്‍ദായ ദേവാലയത്തില്‍ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.

സ്വന്തം ലേഖകന്‍

നിനവേ: ആര്‍ത്തിരമ്പി വരുന്ന മിസൈല്‍ ആക്രണങ്ങള്‍ക്ക് നടുവിലും വിശ്വാസത്തെ ചേര്‍ത്ത് പിടിച്ച് ഇറാഖി ജനത. ഭീകരാക്രണങ്ങളുടെ നടുവിലും ഇറാഖി കത്തോലിക്കാ സഭ ഇന്ന് ആഹ്ളാദിക്കുന്നു. ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന് ഇതാ ഒരു പുതിയ തെളിവുകൂടി-

സംഘര്‍ഷ ഭരിതമായ നാളുകളില്‍ പ്രത്യാശയുടെ തിരിനാളമായി ഇറാഖി നഗരമായ ടെല്‍സ്കുഫിലെ സെന്‍റ് ജോര്‍ജ് കല്‍ദായ ദേവാലയത്തില്‍ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. വടക്കന്‍ ഇറാഖിലെ നിനവേ സമതലത്തില്‍ സ്ഥിതിചെയ്യുന്ന, കുര്‍ദിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശവും ഐസിസ് പിടിച്ചടക്കിയിരുന്നു.

ടല്‍സ്കുഫില്‍ സേവനം ചെയ്യുന്ന ഫാ. കരം ഷമാഷയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ വിവരങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘ഏതാനും വര്‍ഷംമുമ്പ് ഐസിസിന്‍റെ ആക്രമണത്തിന് ഇരയായ സ്ഥലമാണിത്. എന്നാല്‍, ഇന്ന് അത്യുച്ചത്തില്‍ പ്രഘോഷിക്കുന്നു, ഞങ്ങളുടെ വിശ്വാസവും കുരിശും വിജയം വരിച്ചിരിക്കുന്നു,’ എന്ന കുറിപ്പുസഹിതമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘യുദ്ധകാലഘട്ടത്തില്‍ ജനിച്ച ഈ കുഞ്ഞുങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്. കാരണം ഒരിക്കല്‍പോലും അവര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്കിലും ഈശോ സംസാരിച്ചിരുന്ന അരമായ ഭാഷയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും അവിടുത്തേക്ക് സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ കഴിയുന്നതിന്‍റെയും ആഹ്ലാദത്തിലാണവര്‍,’ പ്രമുഖ മാധ്യമമായ ‘ക്രക്സി’ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഷമാഷ വ്യക്തമാക്കി.

വൈകാരികമായ ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സമീപ പ്രദേശത്തുനിന്ന് അനേകര്‍ ദൈവാലയത്തില്‍ എത്തിയതും ശ്രദ്ധേയമായി. സുരക്ഷാഭീഷണി നിലനില്‍ക്കുമ്പോഴും ഇറാഖീസഭയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന ആദ്യകുര്‍ബാന സ്വീകരണം വലിയ ആവേശമാണ് വിശ്വാസീസമൂഹത്തിന് നല്‍കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ക്വാരഘോഷ് ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങളിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങള്‍ നടന്നിരുന്നു.

 

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker