Kerala

ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങൾ ചാനൽ ചർച്ചയ്ക്ക് വിഷയമാക്കുന്ന മാധ്യമ നയം പ്രതിഷേധാർഹം

കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ

ജോസ് മാർട്ടിൻ

കൊച്ചി: ഏതാനും വർഷങ്ങളായി വിവിധ മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുത്ത് ക്രൈസ്തവരുടെയും കത്തോലിക്കാ സഭയുടെയും ആഭ്യന്തര വിഷയങ്ങൾ അന്തി ചർച്ചകളാക്കി മാറ്റുന്ന പ്രവണതയുണ്ട്. സമീപ കാലങ്ങളിൽ ആ ശൈലി വർദ്ധിച്ചുവരുന്നതായി കാണാം. വളരെ പ്രാധാന്യമർഹിക്കുന്ന മറ്റ് പല പൊതുവിഷയങ്ങളെയും ലാഘവത്തോടെ മാറ്റിവച്ച് ഇത്തരം വിഷയങ്ങളിൽ അമിതാവേശത്തോടെ ഇടപെടുന്ന പ്രവണത പ്രതിഷേധാർഹമാണെന്ന് കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ.

പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങൾ പോലും അനാവശ്യമായി ചർച്ചയ്ക്ക് വയ്ക്കുകയും, സഭാവിരുദ്ധ – ക്രൈസ്തവ വിരുദ്ധ നിലപാടുകൾ ഉള്ളവരെ അത്തരം ചർച്ചകളിൽ പ്രധാന പ്രഭാഷകരായി നിശ്ചയിക്കുകയും ചെയ്യുന്നതുവഴി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങൾ ലക്ഷ്യമാക്കുന്നത്. കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രതിനിധികൾ എന്ന വ്യാജേന മറ്റു ചിലരെ ഇത്തരം ചർച്ചകളിൽ അവതരിപ്പിക്കുന്നതും പതിവാണ്. വിവിധ വിഷയങ്ങളിലുള്ള ക്രൈസ്തവ – കത്തോലിക്കാ നിലപാടുകൾ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇത്തരം ദുഷ്ടലാക്കോടുകൂടിയ മാധ്യമ ഇടപെടലുകൾ കാരണമായിട്ടുണ്ട്.

പാലാ രൂപത കഴിഞ്ഞദിവസം സദുദ്ദേശ്യത്തോടെ മുന്നോട്ടുവച്ച ആശയത്തെ വളച്ചൊടിക്കാനും, അതുവഴി സഭയെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കാനും ചില മാധ്യമങ്ങൾ പ്രകടിപ്പിച്ച ആവേശം ഇത്തരം കാര്യങ്ങളിലുള്ള അവിഹിതമായ മാധ്യമ ഇടപെടലുകൾക്ക് ഉദാഹരണമാണ്. ഉത്തരവാദിത്തത്തോടെ കൂടുതൽ കുട്ടികളെ വളർത്താൻ തയ്യാറുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടുമിക്ക ലോക രാജ്യങ്ങളുടെയും കത്തോലിക്കാ സഭയുടെയും പൊതുവായ നയമാണ്. എക്കാലവും, കേരളസമൂഹത്തിനും ലോകത്തിനും അനുഗ്രഹവും, മുതൽകൂട്ടുമായി മാറിയിട്ടുള്ള കേരളത്തിലെ ക്രൈസ്തവർ ജനസംഖ്യ കുറഞ്ഞ് ദുർബല സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ദോഷം മനസിലാക്കുന്ന അനേകർ ഈ സമൂഹത്തിൽ ഉണ്ടായിരിക്കെ തന്നെയാണ്, ജനസംഖ്യാ വർദ്ധനവിന്റെ പേര് പറഞ്ഞ് പാലാ മെത്രാന്റെ നിർദ്ദേശത്തെ ചിലർ അപഹാസ്യമായി അവതരിപ്പിക്കുന്നത്.

ഒരു ജനസംഖ്യാ വിസ്ഫോടനത്തെയാണ് കത്തോലിക്കാ സഭ ലക്‌ഷ്യം വയ്ക്കുന്നതെന്ന വിധത്തിലുള്ള മാധ്യമ ദുഷ്പ്രചാരണങ്ങൾ നടത്തുന്നവരുടെ ലക്‌ഷ്യം ക്രൈസ്തവ സമൂഹങ്ങളുടെ തകർച്ച തന്നെയാണെന്ന് വ്യക്തം. സർക്കുലേഷൻ വർദ്ധിപ്പിക്കാനും, കാണികളെ ആകർഷിക്കാനും കത്തോലിക്കാ സഭയെയും ക്രൈസ്തവ സമൂഹത്തെയും പ്രതിക്കൂട്ടിൽ നിർത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന പ്രവണത മാധ്യമങ്ങൾ കൈവെടിയണം. മറ്റ് നിരവധി വിഷയങ്ങളിലും തികച്ചും അനാവശ്യമായ വിധത്തിൽ കൈകടത്തലുകൾ നടത്തുകയും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന ദൃശ്യ – പത്ര മാധ്യമ നേതൃത്വങ്ങളുടെ യഥാർത്ഥ ലക്‌ഷ്യം മനസിലാക്കി അവരെ തിരുത്തുവാൻ കേരളത്തിലെ പൊതു സമൂഹവും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിവിധ മതേതര നേതൃത്വങ്ങളും തയ്യാറാകണമെന്ന്
കെസിബിസി ജാഗ്രതാ കമ്മീഷൻ പുറത്തിറക്കിയ പത്ര കുറിപ്പിൽ അറിയിച്ചു.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker