Articles

ഗർഭച്ഛിദ്രം ഭീകരതയുടെ പുതിയ മുഖം

ഈ കൊലപാതകലൈസൻസിന്റെ അമ്പതാംവർഷം വെറും കരിവർഷമല്ല, കരിക്കൂറ വർഷമാണ്...

ഫാ.ജോഷി മയ്യാറ്റിൽ

ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിന്റെ ഇരകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചുനില്ക്കാൻ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിന്റെയും ഇസ്ലാമിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയിൽ പതിഞ്ഞിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ.

എന്നാൽ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളിൽ നിർബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ്. സ്ത്രീ-പുരുഷ സംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാൻ ഏതാനും വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ എത്തിയവർ സംഘംചേർന്നു നടത്തുന്ന ഭീകരപ്രവർത്തനത്തിന്റെ പേരാണ് ഗർഭച്ഛിദ്രം! അതിന് ഒത്താശ ചെയ്തുകൊടുക്കാൻ സർക്കാരുകളും ‘പരിഷ്കൃത’ലോകവും കൂടെയുണ്ട് എന്ന വ്യത്യാസമേയുള്ളൂ.

ലോകസമാധാനം അപകടത്തിൽ

സത്യത്തിൽ, ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭ്രൂണഹത്യ. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായ അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞിന് സുരക്ഷിതമായി കഴിയാനാവില്ലെങ്കിൽ ലോകത്തിൽ ഒരിടത്തും ഒരു മനുഷ്യനും സുരക്ഷിതത്വം ഉണ്ടാകില്ല. നിഷ്കളങ്കനായ ഒരു മനുഷ്യക്കുഞ്ഞിനെ ഭരണഘടനാനുസൃതം നിഷ്കരുണം കൊല്ലാമെങ്കിൽ ആരെയും കൊല്ലുന്നതിൽനിന്നു മറ്റാരെയെങ്കിലും തടയാൻ രാഷ്ട്രത്തിനു കഴിയുന്നതെങ്ങനെ? സ്വയം പ്രതിരോധിക്കാനാവാത്ത ഗർഭസ്ഥ ശിശുക്കളെ വധിക്കാൻ അനുവാദമുള്ളിടത്ത് സ്വയം പ്രതിരോധിക്കാൻ കഴിവുള്ളവരെ വധിക്കാൻ അനുവാദമില്ലാതാകുന്നത് എങ്ങനെ?

കുടുംബജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സമാധാനം കെടുത്തുന്ന ക്രൂരകൃത്യവുമാണ് ഭ്രൂണഹത്യ. മദർ തെരേസ ഒരിക്കൽ പറഞ്ഞതുപോലെ, ഭ്രൂണഹത്യ രണ്ടു ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത് – ശിശുവിന്റെ ജീവിതത്തെയും അമ്മയുടെ മനസ്സാക്ഷിയെയും! ഗർഭച്ഛിദ്രം ചെയ്ത സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ കാര്യമായ ഒരു പഠനവും നടന്നിട്ടില്ല. മതമേഖലയിൽ വൈദികർക്കും മതേതരമേഖലയിൽ കൗൺസിലേഴ്സിനും മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയാൻ കഴിയുന്നുള്ളൂ. അതിനാൽ സംശയമേതും കൂടാതെ ഇവിടെ ഞാൻ ഒരു കാര്യം വ്യക്തമാക്കുന്നു: ഭ്രൂണഹത്യ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും നശിപ്പിക്കും!

എന്തൊരു ഓമനത്വം!

കേട്ടാൽ ഓമനത്വം തുളുമ്പുന്ന ഒരു പേരാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP). 1971 ഓഗസ്റ്റ് പത്താംതീയതി ആണ് MTP Actലൂടെ ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമായിത്തീർന്നത്. നിയമവിരുദ്ധമായ ഗർഭച്ഛിദ്രങ്ങൾ വർധിക്കുകയും അത് സ്ത്രീകൾക്ക് ഹാനികരമാകുകയും ചെയ്യുന്നു എന്ന പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ്, 1966-ൽ നിയോഗിക്കപ്പെട്ട ഗർഭച്ഛിദ്രപഠന സമിതിയുടെ ശുപാർശ പ്രകാരം, ഇന്ത്യൻ പാർലിമെന്റിൽ ഇന്ദിരാഗാന്ധി സർക്കാർ ഈ നിയമനിർമാണത്തിനുള്ള ബിൽ കൊണ്ടുവന്നത്. ആർക്കെല്ലാം, എവിടെവച്ച്, ഏതു കാലയളവിൽ, ഏതെല്ലാം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം നടത്താം എന്ന് ഈ നിയമം വ്യക്തത നല്കി. അമ്മയുടെ സമഗ്രാരോഗ്യത്തിന് ഉണ്ടാകാവുന്ന ഗുരുതരമായ പ്രശ്നങ്ങളും ജനിച്ചുവീഴുന്ന കുഞ്ഞിന് ഉണ്ടാകാവുന്ന ശാരീരിക-മാനസിക വൈകല്യങ്ങളും പരിഗണിച്ച് ഇരുപത് ആഴ്ചകൾ വരെ പ്രായമായ ശിശുക്കളെ വധിക്കാൻ ഈ നിഷാദനിയമം ഇന്ത്യക്കാർക്ക് അനുവാദം നല്കി.

ഗർഭച്ഛിദ്രം നടത്തുന്ന സ്ഥലത്തെക്കുറിച്ചും അവിടെ ഉണ്ടാകേണ്ട ആരോഗ്യപരിചരണ സംവിധാനങ്ങളെക്കുറിച്ചും വ്യക്തത നല്കിക്കൊണ്ട് 2003-ൽ ഈ നിയമം നവീകരിക്കപ്പെട്ടു. 2016-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ വെളിച്ചത്തിൽ 24 ആഴ്ചകൾ പ്രായമുള്ള ഗർഭസ്ഥശിശുക്കളെയും കൊല്ലാനുള്ള അനുവാദംനല്കുന്ന അമൻമെന്റ് 2021-ൽ ഇന്ത്യൻ പാർലിമെന്റ് പാസാക്കി.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

1. ഇരുപത്തിനാല് ആഴ്ചകൾ വരെ ഗർഭസ്ഥശിശുവിനെ കൊല്ലാമെങ്കിൽ ഒറ്റ ദിവസം കഴിഞ്ഞാൽ കുഞ്ഞിന് ജീവിക്കാനുള്ള അവകാശം കിട്ടുന്നത് എങ്ങനെയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗർഭസ്ഥശിശുവിന്റെ ജീവന്റെയും മരണത്തിന്റെയും അതിരുമണിക്കൂർ നിശ്ചയിക്കാൻ ജനപ്രതിനിധികൾക്കും ന്യായാധിപന്മാർക്കും എവിടെ നിന്നാണ് അധികാരം ലഭിച്ചിട്ടുള്ളത്?

2. പതിനാറുമുതൽ പതിനെട്ടുവരെ ആഴ്ചകൾ വളർച്ചയെത്തിയ ശിശുക്കൾ പോലും ഗർഭപാത്രത്തിൽനിന്നു പുറത്തുവന്നതും ഇൻക്യുബേറ്ററിന്റെ സഹായത്തിലൂടെ പൂർണവളർച്ചയെത്തിയതുമായ അനുഭവങ്ങൾ നമുക്കിടയിലുണ്ടായിട്ടില്ലേ? എങ്കിൽ, അവരെ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ കൊല്ലുന്നതിൽ എന്തു ന്യായമാണുള്ളത്?

3. മനുഷ്യഭ്രൂണം ഒരു മനുഷ്യവ്യക്തിയല്ലാതെ മറ്റെന്തെങ്കിലും ആയിത്തീർന്നതായി ചരിത്രത്തിൽ കേട്ടിട്ടുണ്ടോ? ഇല്ലായെങ്കിൽ, മനുഷ്യനുള്ള നിയമ പരിരക്ഷ ഭ്രൂണാവസ്ഥ മുതൽതന്നെ ഗർഭസ്ഥശിശുവിനു നല്കുക എന്നതല്ലേ കൂടുതൽ യുക്തിസഹം?

4. ഇന്ത്യയിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ പരിശോധന അനുവദിച്ചിട്ടില്ല. പക്ഷേ, ഇരുപതാം ആഴ്ചമുതൽ സാധാരണ സ്കാനിങ്ങിലൂടെ ആൺകുട്ടിയെ തിരിച്ചറിയാനാകും എന്ന് അനുഭവസമ്പത്തുള്ള ഡോക്ടർമാർതന്നെ വ്യക്തമാക്കുന്നു. വ്യക്തിസവിശേഷതകളുടെ ഇത്തരം സൂചനകൾ പോലും വ്യക്തമായിരിക്കേ, എന്ത് അടിസ്ഥാനത്തിലാണ് മനുഷ്യ വ്യക്തിക്കു ലഭിക്കേണ്ട ജീവിക്കാനുള്ള അവകാശം ഗർഭത്തിലെ കുഞ്ഞുങ്ങൾക്കു നിഷേധിക്കുന്നത്?

സത്യത്തിൽ, ഇത്തരം ചോദ്യങ്ങൾ ഉയർത്താൻ കഴിയാത്തവിധം ഹൃദയവും മനസ്സും മന്ദീഭവിച്ചവർക്കേ ഇന്നത്തെ ഫറവോവിളയാട്ടത്തെ നിസ്സംഗതയോടെ നോക്കിനില്ക്കാനാകൂ. പാർലിമെന്റിലും കോടതിയിലും നടക്കുന്നത് അക്ഷന്തവ്യമായ കോപ്പിയടിയാണ് – വികസിതരാജ്യങ്ങളിൽ നടക്കുന്നത് അതേപടി പകർത്തിവയ്ക്കുന്ന ബുദ്ധിശൂന്യവും നാണംകെട്ടതുമായ ഏർപ്പാട്!

ജീവന്റെ പന്ത് ഡോക്ടർമാരുടെ കോർട്ടിൽ

ഡോക്ടർമാരുടെ വിവേചനാശക്തിക്കാണ് ഈ നിയമത്തിൽ പ്രാമുഖ്യം ലഭിച്ചിട്ടുള്ളത്. പക്ഷേ, പ്രയോഗത്തിൽ അത് അമ്മയുടെ ഉദരത്തിൽ വളരുന്ന ഏറ്റവും നിസ്സഹായമായ മനുഷ്യജീവനെ നിഷ്കരുണം കൊലചെയ്യുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത അവസ്ഥ രാജ്യത്ത് ഉളവാക്കിക്കഴിഞ്ഞു. ഈ കുറിക്കുന്ന ഞാൻ തന്നെ ഇതിനകം എത്ര മാതാപിതാക്കളിൽ നിന്നു കേട്ടു കഴിഞ്ഞു: “കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാകും എന്നു പറഞ്ഞ് അബോർട്ടുചെയ്യാൻ ഡോക്ടർ ഞങ്ങളെ നിർബന്ധിച്ചതാണ്. പക്ഷേ, ഞങ്ങൾ തയ്യാറായില്ല. നോക്കൂ, ഡോക്ടർ പറഞ്ഞ ഒരു പ്രശ്നവും ഇവനില്ല”! അമ്മയ്ക്കു ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുണ്ടാകും എന്നു പേടിപ്പിച്ച് ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിച്ച ഡോക്ടർമാരെക്കുറിച്ചും അവരുടെ പാളിപ്പോയ പ്രവചനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും ഏറെ കേൾക്കാനിടയായിട്ടുണ്ട്. പോർച്ചുഗലിൽ ഗർഭിണിയായ ഒരു സ്ത്രീക്ക് ലഭിച്ച സമാനമായ ഉപദേശം അവർ അവഗണിച്ചതുകൊണ്ടാണല്ലോ ഇന്ന് ഫുട്ബോളിൽ വിശ്രുതനായ ക്രിസ്ത്യാനോ റൊണാൾഡോയെ ലോകത്തിന് ലഭിച്ചിരിക്കുന്നത്! ഒരു പക്ഷേ, ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള പൗരന്മാരുടെ കണക്കെടുക്കുകയോ അവരുടെ അനുഭവങ്ങൾ പുസ്തക രൂപത്തിലാക്കുകയോ ചെയ്താൽ ജീവന്റെ സംരക്ഷകർ എന്ന പട്ടം ചാർത്തിക്കൊടുത്ത്, ഡോക്ടർമാരെ ഗർഭസ്ഥശിശുവധചരിതം ആട്ടക്കഥയുടെ സംഘാടകരായി നിയോഗിച്ചിരിക്കുന്നതിലെ അപകടം വ്യക്തമാകും.

കൊല്ലാൻ ഡോക്ടർമാർക്കുള്ള ഈ ഉത്സാഹത്തിൻ്റെ യഥാർത്ഥ കാരണം എന്താകാം എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയിൽ ഗർഭസ്ഥശിശുക്കളെ കൊല്ലാൻ നൂറുശതമാനം സാമ്പത്തിക സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിക്കും എന്നതാകാം ഉത്തരം. സർക്കാരിന്റെ ദേശീയ ആരോഗ്യഇൻഷുറൻസുകളായ ആയുഷ്മാൻ ഭാരത് (പേരിലെ വിരോധാഭാസം നോക്കണേ!), ESI എന്നിവ ഗർഭച്ഛിദ്ര ചെലവുകൾ പൂർണമായി വഹിക്കും. ഗർഭച്ഛിദ്ര ശസ്ത്രക്രിയയ്ക്ക് 15,500 രൂപയും മരുന്നുപയോഗിച്ചുള്ള ഗർഭച്ഛിദ്രത്തിന് 1500 രൂപയുമാണ് ഇന്നത്തെ ക്വട്ടേഷൻ റേറ്റ്. മാത്രമല്ല, കോസ്മെറ്റിക്കുകൾ ഉത്പാദിപ്പിക്കാൻ വ്യാവസായികമായി ഡിമാൻ്റുള്ള ഒന്നാണ് ഗർഭച്ഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരം.

ഏതു ശരീരത്തിനുമേൽ ആർക്ക് അവകാശം?

“എന്റെ ശരീരം, എന്റെ തീരുമാനം” എന്ന മുദ്രാവാക്യത്തിന് ഈയടുത്ത നാളുകളിൽ വല്ലാതെ സ്വരം കൂടിയിട്ടുണ്ട്. കൊടിമൂത്ത ഫെമിനിസ്റ്റുകൾ വിദേശ നാടുകളിൽനിന്ന് കോപ്പിയടിച്ച് ഇവിടെ പ്രചരിപ്പിക്കുന്ന ഒരു മുദ്രാവാക്യമാണത്. സിനിമാകരിയറിനു വേണ്ടി ഉദരത്തിലെ കുഞ്ഞിനെ കൊല്ലുന്ന സാറാസിനെ കാണാനുള്ള ദുർഗതിപോലും കൈരളിക്ക് ഈയിടെയുണ്ടായി.

വെയ്സ്റ്റു തള്ളുന്ന ലാഘവത്തോടെ “മൈ ചോയിസു”കാർ വെട്ടിനുറുക്കി പുറന്തള്ളുന്നത് “മൈ ബോഡി” തന്നെയോ എന്നതാണ് പ്രസക്തമായ ചോദ്യം. വേറൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ഗർഭിണിയുടെ ഉദരത്തിൽ വളരുന്ന ജീവൻ അതിൽത്തന്നെ തനിമയുള്ളതാണോ, അതോ തന്റെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവംപോലെതന്നെ ‘എന്റേത്‌’ എന്ന് അവൾക്കു വിളിക്കാവുന്ന ഒന്നാണോ? ഗർഭിണിയുടെ ഉള്ളിൽ വളരുന്നത് കുഞ്ഞിന്റെ ജീവനാണ്, അമ്മയുടെ ജീവനല്ല എന്നതിൽ ആർക്കും തർക്കമുണ്ടാവില്ലല്ലോ. എങ്കിൽ, ആ ജീവൻ വളരുന്ന ശരീരം കുഞ്ഞിന്റെ ശരീരമല്ലേ? അതെങ്ങനെ അമ്മയുടെ ശരീരമാകും? ആ ശരീരത്തിൽ എങ്ങനെയാണ് അമ്മയ്ക്ക് പരമാധികാരമുണ്ടാകുന്നത്?

കുട്ടികൾക്കും സ്ത്രീകൾക്കും എതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് കർക്കശമായ നിയമങ്ങളുണ്ടാക്കി അവരെ പരിരക്ഷിക്കുന്നതിനു പിന്നിലെ യുക്തി അവർ vulnerable ആണ് എന്നതാണല്ലോ. എങ്കിൽ, അവരെക്കാൾ കൂടുതൽ vulnerable ആയ, തീർത്തും നിസ്സഹായരും ദുർബലരുമായ, ഗർഭസ്ഥശിശുക്കളുടെ കാര്യത്തിൽ അതിനെക്കാൾ കൂടുതൽ പരിരക്ഷ നല്കുന്ന രാഷ്ട്രനിയമങ്ങളല്ലേ ഉണ്ടാകേണ്ടത്? ഗർഭസ്ഥശിശുക്കളുടെ അവകാശത്തെക്കുറിച്ച് ഗൗരവമായ ചർച്ചയും നിയമനിർമാണവും ഉണ്ടാകേണ്ടതല്ലേ? ഈ ചോദ്യങ്ങൾ തികച്ചും യുക്തിഭദ്രമാണെങ്കിലും യുക്തിയെക്കാളും ധാർമികതയെക്കാളും സ്ഥായിയായ സമാധാനത്തെക്കാളും ഒട്ടുമിക്കവർക്കും ഇഷ്ടം താല്ക്കാലികമായ ലൊട്ടുലൊടുക്കു പരിഹാരങ്ങളാണ്. ക്ഷിപ്രമായ പ്രായോഗികത മാത്രമാണ് പലരെയും നയിക്കുന്നത്. അതിനു വളം വച്ചുകൊടുക്കാൻ ആഴമായ ചിന്തയില്ലാത്ത ഭരണകർത്താക്കളും കച്ചവടക്കണ്ണുള്ളവരും മരണ സംസ്കാരത്തിന്റെ വക്താക്കളുമുള്ളപ്പോൾ ഇന്നത്തെ അവസ്ഥ ഇനിയും ഗുരുതരമാകാനാണ് സാധ്യത. ഗർഭച്ഛിദ്രത്തിനു വേണ്ടി വാദിക്കാനും പണമിറക്കാനും സർക്കാരുകളെ സ്വാധീനിക്കാനും കഴിവുള്ള മരണസംസ്കാരത്തിന്റെ ശക്തികൾ പ്രബലരാണ്.

പിറക്കാതെ പോയവർക്കായി ഒരു ദിനം

കോടിക്കണക്കിന് ശിശുക്കൾ കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ഇന്ത്യയിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. 2015ൽ മാത്രം ഒന്നര കോടി കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകലൈസൻസിന്റെ അമ്പതാംവർഷം വെറും കരിവർഷമല്ല, കരിക്കൂറ വർഷമാണ്. മരണ സംസ്കാരത്തിനു വളംവച്ചു കൊടുക്കുന്ന ഈ കരിനിയമത്തിന്റെ പിൻബലത്തിൽ കഴിഞ്ഞ 50 വർഷങ്ങളായി ഇന്ത്യയിൽ ഗർഭച്ഛിദ്രത്തിന് വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോലൈഫ് മനോഭാവം ഭാരതീയർക്കിടയിൽ വളർത്താനുമായി ഭാരത കത്തോലിക്കാസഭ ഓഗസ്റ്റ് പത്താംതീയതി ജീവന്റെ സംരക്ഷണദിനമായി ആചരിക്കുന്നു. സിബിസിഐ പ്രസിഡൻറ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എല്ലാ മെത്രാന്മാർക്കും ഇതുസംബന്ധിച്ച് കത്തുകളയച്ചു.

കൊല്ലപ്പെട്ട ശിശുക്കൾക്കു വേണ്ടി ബലിയർപ്പണം, പ്രാർത്ഥനായജ്ഞങ്ങൾ, കരുണക്കൊന്ത തുടങ്ങിയവയും പൊതുജനത്തിന്റെ ബോധവത്കരണത്തിനുവേണ്ടി 24 മണിക്കൂർ നീളുന്ന സോഷ്യൽ മീഡിയ ഉപവാസം (ഡിജിറ്റൽ ബ്ലാക്ക് ഔട്ട്), രണ്ടു മിനിറ്റു നേരം ദേവാലയങ്ങളിൽ മരണമണി മുഴക്കൽ, അനുസ്മരണാസമ്മേളനങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കേരളസഭയിൽ ജീവസംരക്ഷണദിനം ആചരിക്കാൻ കെസിബിസി ഫാമിലി കമ്മീഷൻ ഇതിനകം സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിലായിരിക്കും ഈ ദിനാചരണം നടത്തപ്പെടുന്നത്.

ജീവനുവേണ്ടി കൈകോർക്കൂ…

കത്തോലിക്കാസഭയാണ് ഇതിന് മുൻകൈ എടുക്കുന്നതെങ്കിലും സന്മനസ്സുള്ള ഏവർക്കും ഈ ദിനം വിവിധ രീതികളിൽ ആചരിക്കാവുന്നതാണ്. ജീവൽസംസ്കാരത്തിന്റെ വക്താക്കളായ വ്യക്തികളും പ്രോലൈഫ്പ്രസ്ഥാനങ്ങളും ദൈവവിശ്വാസികളും നിരീശ്വരരും ഈ അവസരത്തിൽ മുന്നോട്ടുവരേണ്ടതുണ്ട്. ജീവന്റെ സംസ്കാരമേ ഭാരതത്തിന് ശോഭനമായ ഭാവി സമ്മാനിക്കൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker