Sunday Homilies

19th Sunday_Year B_ജീവിതയാത്രയിലെ അപ്പം

ജീവന്റെ അപ്പത്തെ ഭക്ഷിക്കുന്നവൻ വീണ്ടും എഴുന്നേൽക്കും, ശക്തി പ്രാപിക്കും...

ആണ്ടുവട്ടം പത്തൊമ്പതാം ഞായർ
ഒന്നാം വായന: 1 രാജാക്കന്മാർ 19:4-8
രണ്ടാം വായന: എഫേസേസ് 4:30-5:2
സുവിശേഷം: വി.യോഹന്നാൻ 6:41-51

ദിവ്യബലിയ്ക്ക് ആമുഖം

വി.യോഹന്നാന്റെ ദിവ്യകാരുണ്യത്തെ കുറിച്ചുള്ള മതബോധന പരമ്പര ഈ ഞായാഴ്ചയും തുടരുകയാണ്. ഇന്നത്തെ സുവിശേഷത്തിൽ തന്റെ വിമർശകരെ നിശബ്ദരാക്കികൊണ്ട് താൻ ജീവന്റെ അപ്പമാണെന്ന് യേശു പ്രഖ്യാപിക്കുന്നു. ഒന്നാമത്തെ വായനയിൽ മരുഭൂമിയിലൂടെ പാലായനം ചെയ്യുന്ന ഏലിയാ പ്രവാചകനെ ദൈവം എങ്ങനെയാണ് പരിപാലിക്കുന്നതെന്ന് നാം കാണുന്നു. ഈ രണ്ട് വായനകളെയും കോർത്തിണക്കി ഏലിയായെ ശക്തിപ്പെടുത്തിയ അതേ ദൈവം ഇന്ന് ദിവ്യകാരുണ്യത്തിലൂടെ നമ്മെയും ശക്തിപ്പെടുത്തുന്നുവെന്ന് തിരുസഭ പഠിപ്പിക്കുന്നു. വിശുദ്ധമായ മനസ്സോടെ ജീവവചസ്സുകൾ ശ്രവിക്കാനും ജീവന്റെയപ്പം സ്വീകരിക്കുവാനുമായി നമുക്കൊരുങ്ങാം.

ദൈവവചനപ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ഇന്നത്തെ ഒന്നാം വായനയിൽ മാലാഖ പ്രത്യക്ഷപ്പെട്ട് ഏലിയാ പ്രവാചകനെ ശക്തിപ്പെടുത്തുവാൻ അപ്പവും വെള്ളവും നല്കുന്ന തിരുവചനഭാഗം നാം ശ്രവിച്ചു. ഇതിന്റെ പൊരുൾ മനസ്സിലാക്കുന്നതിന് പ്രവാചകന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നത് മനസ്സിലാക്കാം.

യേശുവിന് ഒമ്പതാം നൂറ്റാണ്ട് മുമ്പ് വിജാതിയ ദേവനായ ബാലിനോടുള്ള ആരാധന നിലനിന്നിരുന്നു. ഇസ്രായേൽ ജനത്തിന്റെ അന്യദേവന്മാരോടുള്ള ആരാധനയെ ശക്തിയുക്തം എതിർത്തിരുന്ന പ്രവാചകനാണ് ഏലിയ. കാർമ്മൽ മലയിൽ വച്ച്‌ രാജാവായ ആഹാബിന്റെയും ജനങ്ങളുടെയും മുന്നിൽവച്ച് വിജാതിയ പുരോഹിതന്മാരുടെ കാപട്യം പുറത്ത് കൊണ്ടുവന്ന് ബാൽ ദേവന്റെ നാനൂറ്റി അൻപതോളം പ്രവാചകന്മാരെ നശിപ്പിച്ച് വിജയശ്രീ ലാളിതനായ ഏലിയാ പ്രവാചകനിതാ ഇതേ കാരണം കൊണ്ട് തന്നെ ബാൽ ദേവന്റെ ആരാധികയായ ജെസമ്പെൽ രാജ്ഞിയുടെ അപ്രീതിയ്ക്ക് പാത്രമായി. തുടർന്ന്, രാജ്ഞിയുടെ വധഭീഷണി കേട്ട് പ്രാണരക്ഷാർത്ഥം മരുഭൂമിയിലൂടെ പലായനം ചെയ്യുകയാണ്. ഈ പാലായനത്തിലിടയിലുള്ള സംഭവമാണ് നാം ശ്രവിച്ചത്. “കർത്താവെ മതി, എന്റെ പ്രാണനെ സ്വീകരിച്ചാലും”. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ നിരാശരാകുന്ന ഏതൊരു മനുഷ്യനും പറയുന്ന വാക്കുകളാണ് കർത്താവിനു വേണ്ടി ഇത്രയധികം പ്രവർത്തിച്ച തീക്ഷണമതിയായ ഏലിയാ പോലും മരുഭൂമിയിൽ വച്ച് പറയുന്നത്.

ദൈവത്തിനുവേണ്ടി തീക്ഷണമായി പ്രവർത്തിക്കുന്ന ഓരോ വിശ്വാസിയുടെ ജീവിതത്തിലും വന്നുഭവിക്കാവുന്ന ഒരു യഥാർത്ഥ്യമാണിത്. തീക്ഷണതയോടെ പ്രവർത്തിക്കുന്ന സമർപ്പിതർക്കും ലോകത്തിന് മുന്നിൽ യേശുവിനെ സാക്ഷ്യം നൽകുന്ന സഭയ്ക്കും “കർത്താവെ മതി” എന്ന് പറഞ്ഞ് പോകുന്ന പ്രതിസന്ധികൾ വരാം. മന:ശാസ്ത്രപരമായി ഏലിയാ പ്രവാചകന്റെ ഈ അവസ്ഥയെ “വിഷാദരോഗം” (Depression) എന്ന് പോലും വ്യാഖ്യാനിക്കാറുണ്ട്. ദൈവത്തിന് വേണ്ടി ഇത്രയും പ്രവർത്തിച്ചിട്ടും ഭീതിയോടെ നിരാശയോടെ മരുഭൂമിയിലൂടെ പ്രയാണം ചെയ്യേണ്ടി വരിക. ആധുനിക ലോകത്തിൽ ദൈവത്തിന് വേണ്ടി പ്രവാചക ദൗത്യം നിർവ്വഹിക്കുന്ന ഓരോരുത്തരും ഈ ജീവിതാവസ്ഥയിലൂടെ കടന്ന് പോകണം.

എന്നാൽ തന്റെ പ്രവാചകനെ ദൈവം കൈവിടുന്നില്ല. ഏകനായ അവന്റെ അടുക്കലേയ്ക്ക് തന്റെ ദൂതനെ അയച്ച് അപ്പവും വെള്ളവും നല്കി അതവനെ നിർബന്ധിച്ചു കഴിപ്പിക്കുന്നു. നാല്പത് രാവും പകലും നടന്നുള്ള അവന്റെ യാത്ര ഹോറബ് മലയിലേയ്ക്കാണ്. അവിടെ വെച്ചാണ് ദൈവം ഏലിയായുമായി സംസാരിക്കുന്നത്.

ബൈബിളിൽ “നാൽപത്” എന്ന സംഖ്യയുടെ പ്രാധാന്യം നമുക്കെല്ലാവർക്കുമറിയാം. അത് പരീക്ഷണങ്ങളുടെയും, വ്യത്യസ്തമായ ദൈവാനുഭവങ്ങളുടെയും ദിവസങ്ങളാണ്. ഇസ്രായേൽ ജനം നാൽപ്പത് ദിവസം മരുഭൂമിയിലൂടെ പ്രയാണം ചെയ്തു. യേശു നാല്പത് ദിവസം ഉപവസിച്ചു. നമ്മുടെ ജീവിതത്തിലെയും പ്രശ്നങ്ങളുടെയും സംഘർഷണങ്ങളുടെയും, സങ്കീർണതയുടേയും “നാല്പത് രാപ്പകലുകളിൽ” ദൈവം നമ്മെയും കൈവിടില്ല.

നമ്മുടെ ജീവിതയാത്രയിൽ നമ്മെ ശക്തിപ്പെടുത്തുന്ന അപ്പം യേശു തന്നെയാണ്. “ദൈവമെ മതി”, ഇനി ഒരു ചുവട് പോലും ജീവിതത്തിലെയ്ക്ക് മുന്നോട്ട് പോകുവാൻ സാധിക്കില്ലെന്ന് പരിഭവപ്പെട്ട് തളരുമ്പോൾ, “ആത്മീയമായി” ഉറക്കത്തിലായിരിക്കുമ്പോൾ, നമ്മെ തട്ടിയുണർത്തി ഓരോ ദിവ്യബലിയിലും തന്റെ ശരീരമാകുന്ന ജീവന്റെ അപ്പത്തെ നമുക്ക് ഭക്ഷിക്കാനായി നല്കി, തിരുരക്തത്തെ നമുക്ക് പാനം ചെയ്യുവാനായി നൽകി യേശു നമ്മെ ശക്തിപ്പെടുത്തുന്നു. ഈ ജീവന്റെ അപ്പത്തെ നാം ഭക്ഷിക്കുന്നില്ലങ്കിൽ നമ്മുടെ ജീവിതയാത്രയും ദുഷ്കരമായിരിക്കും. എന്നാൽ, അത് ഭക്ഷിക്കുന്നവൻ വീണ്ടും എഴുന്നേൽക്കും, ശക്തി പ്രാപിക്കും. പ്രവാചകനെപ്പോലെ ലക്ഷ്യത്തിലെത്തുകയും ചെയ്യും.

ആമേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker