Kerala

സീറോ മലബാർ സഭാ സിനഡിന്റെ ഇരുപത്തി ഒൻപതാം സമ്മേളനം സമാപിച്ചു

ഏകീകൃത ബലിയർപ്പണരീതി സീറോമലബാർ സഭയിൽ നടപ്പിലാക്കുന്നു...

ജോസ് മാർട്ടിൻ

എറണാകുളം: ഓൺലൈനായി ആഗസ്റ്റ് 16 മുതൽ 27 വരെ രണ്ട് ഭാഗങ്ങളായി നടന്ന സിനഡിന്റെ രണ്ടാം സെഷൻ കോവിഡ് രോഗം മൂലം മരണമടഞ്ഞ നാനാജാതിമതസ്ഥരായ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ചു. കോവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുന്നത് തികച്ചും ആശങ്കാജനകമാണെന്ന് വിലയിരുത്തുകയും, കോവിഡ് നിയന്ത്രണത്തിനും വാക്സിനേഷനുമായി സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും കൃത്യമായി പാലിക്കണമെന്നും സിനഡ് നിർദ്ദേശിക്കുന്നു. കൂടാതെ, കോവിഡുമൂലം ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്നും പട്ടിണി അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ സഭയുടെ എല്ലാ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സിനഡ് ആവശ്യപ്പെടുന്നു.

പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിത് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, ജെ.ബി.കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടനാട്ടിലെ കർഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളുമായി പിതാക്കന്മാർ ചർച്ച നടത്തിയതായും, കർഷകർ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും നിയമസഭയിലും പാർലമെന്റിലും ഉന്നയിച്ച് അനുകൂല തീരുമാനങ്ങൾക്ക് വഴിയൊരുക്കാമെന്ന് ജനപ്രതിനിധികളിൽ നിന്ന് സിനഡിന് ഉറപ്പ് ലഭിച്ചതായും മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.അലക്സ് ഓണംപള്ളി അറിയിച്ചു.

വത്തിക്കാൻ നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമ വത്സരം ആരംഭിക്കുന്ന 2021 നവംബർ 28 ഞായറാഴ്ച്ച മുതൽ സീറോമലബാർ സഭയിൽ നടപ്പിലാക്കാൻ സിനഡ് തീരുമാനിച്ചതായും പത്രകുറിപ്പിൽ പറയുന്നു.

സിനഡിൽ സീറോമലബാർ സഭയുടെ മാധ്യമ കമ്മീഷൻ ആരംഭിക്കുന്ന വാർത്താപോർട്ടൽ (www.syromalabarvision.com) മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

ക്രൈസ്തവ വിശ്വാസത്തെയും, പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണതകൾ കേരളത്തിന്റെ സാംസ്ക്കാരിക രം​ഗത്ത് പ്രത്യേകിച്ചും ചലചിത്രമേഖലയിൽ വർദ്ധിച്ചുവരുന്നത് തികച്ചും അപലപനീയമാണെന്നും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സഭ എക്കാലവും ബഹുമാനിക്കുന്നുവെന്നും അതോടൊപ്പം ഒരു ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്നും സിനഡ് ആവശ്യപ്പെടുന്നു.

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker