Meditation

XXII Ordinary Sunday_Year B_ഉള്ളം ശുദ്ധമാകട്ടെ (മർക്കോ 7:1-8, 14-15, 21-23)

ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും വളരെ ദൂരെ നിൽക്കുന്ന ഒരു ഹൃദയം - അതാണ് ഇന്ന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടം...

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ

അതിരുകളിൽ ജീവിക്കുന്നവനാണ് ഈശോ. അതുകൊണ്ടുതന്നെ അവന്റെ സുഹൃത്ത് വലയത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും തന്നെ മാറ്റിനിർത്തപ്പെട്ടവരായിരുന്നു: പാപികൾ, വേശ്യകൾ, ചുങ്കക്കാർ, നൊമ്പരംപേറുന്നവർ… കുഞ്ഞുകാര്യങ്ങളിൽ ദൈവത്തെ കാണുന്നവർ. അവരാണ് അവന്റെ കാഴ്ചയും കാഴ്ചപ്പാടും. അവിടെ ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും കെട്ടുപാടുകളില്ല. നിയമത്തിന്റെ നൂലാമാലകളില്ല. ഉള്ളത് ആർദ്രമായ മനുഷ്യത്വം മാത്രം. ഈയൊരു ദർശനത്തിന്റെ മുന്നിലേക്കാണ് ഫരിസേയർ ചില ചോദ്യങ്ങളുമായി കടന്നുവരുന്നത്: എന്തേ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നു? അവന്റെ ശക്തമായ മറുപടിയിൽ എല്ലാം നൊമ്പരങ്ങളും അടങ്ങിയിട്ടുണ്ട്: കപടനാട്യക്കാരെ, നിങ്ങളുടെ ഹൃദയം ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും വളരെ ദൂരെയാണ്.

ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും വളരെ ദൂരെ നിൽക്കുന്ന ഒരു ഹൃദയം – അതാണ് ഇന്ന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടം. ബാഹ്യമായ ആചാരങ്ങളും വാഗ്ധോരണിയാകുന്ന പ്രാർത്ഥനകളുമാണ് ആത്മീയത എന്ന് വിചാരിക്കുന്നവരിൽ സംഭവിക്കാവുന്ന ദുരന്തമാണിത്. കുന്തിരിക്കത്തിലും പള്ളിമണികളിലും റൂബ്രിക്സ്കളിലും അവർ ദൈവത്തെ തിരയും. പാവങ്ങളിൽനിന്നും നിസ്വരിൽനിന്നും ഒഴിഞ്ഞുമാറും. ആത്മരതിയാണ് അവരുടെ മതവും ആനന്ദവും.

ആരാണ് ഈശോയെ സംബന്ധിച്ച് കപടനാട്യക്കാർ? സഹജന്റെ നൊമ്പരങ്ങളിൽ പങ്കുചേരാൻ താല്പര്യം കാണിക്കാത്തവരാണ്. ഹൃദയത്തെ മനുഷ്യരിൽനിന്നും ദൈവത്തിൽനിന്നും ദൂരെ നിർത്തുന്നവർ. അവർ നിയമത്തിന്റെ നൂലാമാലകളിൽ തൂങ്ങികിടന്നുകൊണ്ട് സഹജരെയും ദൈവത്തെയും അകറ്റിനിർത്തും. എന്നിട്ട് ബാഹ്യപരതയിൽ ദൈവത്തെ ഒരു വിഗ്രഹമായി ചിത്രീകരിക്കും.

ആത്മീയതയുടെ അഥവാ മതത്തിന്റെ ആന്തരികതയിലേക്ക് തിരിച്ചുവരാനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം. ഒരു യഥാർത്ഥ വിശ്വാസിക്ക് പുറമേനിന്നുള്ള ഒന്നും അശുദ്ധമല്ല. ഒന്നും ഒരു വെല്ലുവിളിയായി മാറുന്നുമില്ല. മറ്റുള്ളവരുടെ പ്രവർത്തികളിൽ വ്രണിതനാകുന്നവനല്ല വിശ്വാസി. അങ്ങനെ വ്രണിതരാകുന്നവരെയാണ് ഈശോ കപടനാട്യക്കാർ എന്ന് വിളിക്കുന്നത്. ഓർക്കുക, പുറത്തുള്ളതല്ല നിന്റെ ശത്രു, നിന്റെ ശത്രു നീ തന്നെയാണ്. നിന്നിൽ നിന്നും പുറത്തേക്ക് വരുന്നതാണ് നിന്നെ അശുദ്ധനാക്കുന്നത്. നീ യുദ്ധം ചെയ്യേണ്ടത് നിന്നോട് തന്നെയാണ്.

എല്ലാത്തിലും നന്മ കാണാൻ സാധിക്കുന്ന ഒരു മനസ്സ്. അതാണ് യഥാർത്ഥ ആത്മീയത. എല്ലാം നല്ലതായിരിക്കുന്നു എന്നു പറഞ്ഞ സ്രഷ്ടാവിന്റെ മനസ്സാണത്; ദൈവമനസ്സുമായുള്ള താദാത്മ്യപ്പെടൽ. ശുദ്ധം -അശുദ്ധം എന്നു പറഞ്ഞുകൊണ്ടുള്ള മാറ്റിനിർത്തലല്ല മതാത്മകമായ വിവേചനം, എന്തിലും നന്മകണ്ടു സംരക്ഷിക്കുക എന്നതാണ്. ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ സഹജരിൽ കുറ്റം ആരോപിക്കുന്നവർക്ക് നഷ്ടമാകുന്നത് ഈ മനസ്സാണ്. അവർ നിർമ്മിക്കുന്നത് അപരരെയാണ്, സഹോദരരെയല്ല. മറക്കരുത്, ആത്മീയതയുടെ പേരിലുള്ള അപരത്വ നിർമ്മാണം അപകടവും വർഗീയവുമാണ്.

ശുദ്ധമായ സ്വാതന്ത്ര്യമാണ് ഈശോയുടെ സുവിശേഷം. അത് സത്യം, സ്നേഹം, സൗന്ദര്യം, നന്മ തുടങ്ങിയ ദൈവീകവർണ്ണങ്ങൾ കലർന്ന ചിറക് വിരിക്കലാണ്. സഹജന്റെ നൊമ്പരങ്ങളുടെ മുൻപിൽ ആചാരങ്ങളുടെ പ്രത്യയശാസ്ത്രം വിളമ്പാത്ത നിഷ്കപടമായ ജീവിതശൈലിയാണ്. ഹൃദയവും മനസ്സും സഹജരോടും ദൈവത്തോടും ചേർത്തുവയ്ക്കുന്ന ജീവിതമാണ്. ഈശോയെ അടുത്തറിയാൻ ശ്രമിക്കൂ, നിന്റെ ഉള്ളിൽ ഒരു വസന്തം വിരിയുന്നത് നിനക്കനുഭവിക്കുവാൻ സാധിക്കും. നിന്റെ ഹൃദയത്തിൽ നിന്നും പുറത്തേക്ക് വരുന്നതിൽ നിത്യതയുടെ പരിമളം ഉണ്ടാകും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker