Meditation

25th Sunday_Year B_ശിശുവിലെ ദൈവം (മർക്കോ 9:30-37)

ശിശു അപ്രതിരോധത്തിന്റെയും നിരായുധത്തിന്റെയും ദൗർബല്യത്തിന്റെയും പ്രതീകമാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ

താബോർ മലയിലെ രൂപാന്തരീകരണത്തിനു ശേഷം യേശുവും ശിഷ്യരും നേരെ പോയത് കഫർണാമിലെ അവന്റെ വീട്ടിലേക്കാണ്. ആരും അറിയരുത് എന്നാഗ്രഹിച്ച ഒരു രഹസ്യയാത്രയായിരുന്നു അത്. താബോറിന്റെ താഴ്‌വരയിൽ വച്ച് ഒരു ബാലനെ സുഖപ്പെടുത്തിയതല്ലാതെ മറ്റേതെങ്കിലും പ്രവർത്തനമോ കണ്ടുമുട്ടലോ ഈ യാത്രയിൽ ഉണ്ടായിട്ടില്ല. കാരണം, ഈ യാത്രയിൽ അവൻ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു (v.30). എന്താണ് അവൻ പഠിപ്പിച്ചത്? ക്രൈസ്തവ വിശ്വാസത്തിന്റെ രഹസ്യമാണ് അവൻ പഠിപ്പിച്ചത്, The mysterium fidei: യേശു പീഡകളേറ്റു മരിക്കുകയും മൂന്നാം ദിവസം ഉയിർത്തേഴുന്നേൽക്കുകയും ചെയ്യും (v.31).

സുവിശേഷകൻ പറയുന്നു അവന്റെ വചനം ശിഷ്യന്മാർക്ക് മനസ്സിലായില്ലായെന്ന് (v.32). ഇല്ല. Mysterium fidei എല്ലാവർക്കും മനസ്സിലാകുന്ന കാര്യമല്ല. മനസ്സിലായിരുന്നെങ്കിൽ വഴിയിൽവെച്ച് തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെക്കുറിച്ചുള്ള തർക്കം ശിഷ്യരുടെയിടയിൽ ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് അവൻ വീട്ടിലെത്തിയപ്പോൾ അവരോടു ചോദിക്കുന്നത്: “വഴിയിൽ വച്ച് എന്തിനെക്കുറിച്ചാണ് നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്?” (v.33). ഉത്തരമില്ല. കുറ്റബോധത്തിന്റെ മൂകത അവരുടെയിടയിൽ തളംകെട്ടി കിടക്കുന്നു. പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം പതിരായിപോയ അനുഭവമായിരുന്നു യേശുവിനപ്പോൾ. വലിയവനാകാനുള്ള തർക്കത്തിൽ ശിഷ്യർക്ക് എങ്ങനെയാണ് കുരിശിന്റെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുക? അത് അറിയാൻ ഒരു ശിശുവിന്റെ മനസ്സുണ്ടാകണം, ആശ്രയബോധം ഉണ്ടാകണം.

ആരാണ് വലിയവൻ? വഴിയിൽവച്ചുണ്ടായ തർക്കമാണ് ഈ ചോദ്യം. ബന്ധങ്ങളെ തകർക്കാൻ പറ്റുന്ന ഒരു ചോദ്യമാണിത്. യേശു എങ്ങനെയാണ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത് എന്ന് നോക്കാം. അവൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, വിധിക്കുകയും ചെയ്യുന്നില്ല. വീണ്ടും അവൻ അവരെ പഠിപ്പിക്കാൻ തുനിയുകയാണ്. ഇനി പഠിപ്പിക്കേണ്ടത് വാക്കുകളിലൂടെയല്ല പ്രവർത്തികളിലൂടെ തന്നെ വേണം. എന്നിട്ടവൻ ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിർത്തുന്നു.

എന്തുകൊണ്ട് ഒരു ശിശു? ശിശു അപ്രതിരോധത്തിന്റെയും നിരായുധത്തിന്റെയും ദൗർബല്യത്തിന്റെയും പ്രതീകമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രൈസ്തവീകതയുടെ പ്രതീകമാണ്. മൽപ്പിടുത്തത്തിലൂടെയും വാശിയിലൂടെയും മത്സരത്തിലൂടെയുമെല്ലാം വലിയവനാകാൻ എളുപ്പമാണ്, പക്ഷേ ഒരു ശിശുവിനെപ്പോലെ നിരായുധനായി നിന്നുകൊണ്ട് വലിയവനാകാൻ സാധിക്കുമെന്ന യുക്തിയാണ് യേശുവിന്റേത്. അത് കുരിശിന്റെ യുക്തിയാണ്. ആ യുക്തിയാണ് പരസ്പരം തർക്കിക്കുന്ന ശിഷ്യർക്ക് അവൻ പരിചയപ്പെടുത്തി കൊടുക്കുന്നത്. ഒരു ശിശുവിന് എന്തറിയാം? അതിന് വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ അറിയില്ല. നിയമങ്ങളുടെ കണിശതയും അറിയില്ല. അറിയാവുന്നത് ആർദ്രമായി ആലിംഗനം ചെയ്യാനും ആശ്രയിക്കാനുമാണ്. അതാണ് വിശ്വാസം. ആ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ചുറ്റിലും ശത്രുക്കളാണ് എന്ന ചിന്ത വരുന്നത്.

ശിശുവിനെ സ്വീകരിക്കുന്നവൻ യേശുവിനെ സ്വീകരിക്കുന്നു, യേശുവിനെ സ്വീകരിക്കുന്നവൻ പിതാവിനെ സ്വീകരിക്കുന്നു. ശിശു ദൈവത്തിന്റെ പ്രതിച്ഛായയായി മാറുന്നു. ശിശുവിലാണ് ദൈവം എന്ന ചിന്ത പടരുമ്പോൾ അവഗണിക്കാൻ പറ്റാത്ത ഒരു വ്യക്തിത്വമാണ് മറിയം. തന്റെ കൈകുഞ്ഞിൽ ദൈവത്തെ ദർശിച്ചവളാണവൾ: വിശ്വാസത്തിന്റെ പര്യായം. ആശ്രയത്വവും എളിമയും കുരിശിലെ പരിപാലനയും മനസ്സിലാക്കണമെങ്കിൽ അവളെ നോക്കിയാൽ മതി. അവളാണ് ആദ്യ ക്രിസ്ത്യാനിയും യേശുവിന്റെ യഥാർത്ഥ ശിഷ്യയും.

അതിശക്തൻ, രാജാക്കന്മാരുടെ രാജാവ് എന്നീ ചിന്തകളുടെ തകിടംമറിയലാണ് ശിശുവിൽ പ്രകാശിതമാകുന്ന ദൈവം. ഇനി നമ്മൾ സംരക്ഷിക്കേണ്ടത് കാണപ്പെടാത്ത ദൈവത്തെയല്ല, കൺമുന്നിലുള്ള ശിശുക്കളെയാണ്. എളിയവരെ അവഗണിച്ചുകൊണ്ട് സ്വർഗ്ഗരാജ്യം പുൽകാമെന്ന് ആരും വിചാരിക്കേണ്ട.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker