Kerala

ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ സമഗ്രമായ തീരസംരക്ഷണ പദ്ധതി നടപ്പാക്കുക; സായാഹ്ന ധർണ്ണ

പോർട്ട് കപ്പൽച്ചാലിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിച്ച് തീരം പുനർനിര്മ്മിക്കണമെന്ന ആവശ്യം സർക്കാർ അവഗണിക്കുകയാണ്...

ജോസ് മാർട്ടിൻ

സൗദി / കൊച്ചി: ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ സമഗ്രമായ തീരസംരക്ഷണ പദ്ധതി നടപ്പാക്കുക, കേരളസർക്കാർ പ്രഖ്യാപിച്ച 344.2 കോടി രൂപയുടെ നിർദ്ദിഷ്ട പദ്ധതി പോരായ്മകൾ പരിഹരിച്ചു നടപ്പിലാക്കുക, കൊച്ചിൻ പോർട്ട് നീക്കം ചെയ്യുന്ന മണ്ണ് ചെല്ലാനം-കൊച്ചി തീരത്തിന്റെ പുന:ർനിർമ്മാണത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ സൗദി പള്ളിക്ക് മുമ്പിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സംയുക്ത സമരസമിതി കൺവീനർ വി.ടി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

സർക്കാർ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയെ പൊതുവിൽ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ പദ്ധതി ചെല്ലാനം കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് പൂർണ്ണമായും ഉതകുന്ന രീതിയിൽ നടപ്പാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി.ടി.സെബാസ്റ്റ്യൻ പറഞ്ഞു.

ദീർഘനാളായുള്ള സമരപോരാട്ടങ്ങളുടെ ഫലമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി നിർഭാഗ്യവശാൽ ഭാഗികമായ ഒന്നാണ്. ചെല്ലാനം പഞ്ചായത്തും അതിനോട് ചേർന്നുള്ള കൊച്ചി കോർപ്പറേഷന്റെ ഭാഗമായ സൗദി, മാനാശ്ശേരി പ്രദേശങ്ങളും കടുത്ത കടലാക്രമണം നേരിടുന്ന പ്രദേശങ്ങളാണ്. അതിൽ കണ്ണമാലി തുടങ്ങി ചെറിയകടവ്, സി.എം.എസ്., കാട്ടിപ്പറമ്പ്, മാനാശ്ശേരി സൗദി വരെയുള്ള പ്രദേശങ്ങൾ സംരക്ഷിക്കാൻ ഒരു പദ്ധതിയുമില്ല. ഈ പ്രദേശങ്ങളെ പൂർണ്ണമായും അവഗണിച്ചാണ് സർക്കാരിന്റെ നിർദ്ദിഷ്ട പദ്ധതി വരുന്നത്. മാത്രമല്ല നിർദ്ദിഷ്ട പദ്ധതി പ്രകാരം പുലിമുട്ടുകൾ കണ്ണമാലിയിൽ അവസാനിക്കുന്നതിനാൽ അതിനു വടക്കോട്ടുള്ള പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാവുകയും ചെയ്യും.

കൂടാതെ, ചെല്ലാനം കോർട്ടിന ആശുപത്രിയുടെ തെക്കോട്ടും വേളാങ്കണ്ണി പള്ളിയുടെ വടക്ക് പുത്തൻതോട് വരെയും പുലിമുട്ടുകൾ പോലുമില്ല. നിലവിൽ കടലാക്രമണം രൂക്ഷമായ കമ്പനിപ്പടി, ഗോണ്ടു പറമ്പ് മാലാഖപ്പടി, മറുവാക്കാട്, ചാളക്കടവ്, കണ്ടക്കടവ് പ്രദേശങ്ങൾ ഭാഗികമായി മാത്രമേ സംരക്ഷിക്കപ്പെടുന്നുള്ളൂ. മാലാഖപ്പടിയിൽ കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച പുലിമുട്ട് നിർമ്മാണം സംബന്ധിച്ച പദ്ധതി ഇപ്പോൾ മൗനം പാലിക്കുകയാണ്.

അതേസമയം, കൊച്ചിൻ പോർട്ടിന്റെ പ്രവർത്തനമാണ് ചെല്ലാനത്തെ അതിരൂക്ഷമായ തീരശോഷണത്തിനും അതിന്റെ ഫലമായുള്ള കടലകയറ്റത്തിനും കാരണമെന്നത് ഇന്ന് വളരെ വ്യക്തമായ വസ്തുതയാണെന്നും, തീരക്കടലിന്റെ ആഴം കുറയ്ക്കാതെ ചെല്ലാനത്തെ കടൽകയറ്റം പരിഹരിക്കാനാവില്ലെന്നും, അതിനാൽ പോർട്ട് കപ്പൽച്ചാലിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിച്ച് തീരം പുനർനിര്മ്മിക്കണമെന്ന ആവശ്യം ചെല്ലാനത്തെ നിരവധി സംഘടനകളും കൂട്ടായ്മകളും സർക്കാരിനെയും പോർട്ടിനെയും അറിയിച്ചിട്ടും ആ ആവശ്യത്തെ പൂർണ്ണമായും അവഗണിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും, ഈ പ്രശ്നങ്ങൾ കൂടി പരിഹരിക്കപ്പെട്ടില്ലെങ്കിടാതെ ചെല്ലാനത്തെ കടൽ കയറ്റത്തിന് ശാശ്വത പരിഹാരം സാധ്യമാവുകയില്ലെന്നും ചെല്ലാനം-കൊച്ചി ജനകീയവേദി അംഗങ്ങൾ പറഞ്ഞു.

അഡ്വ.തുഷാർ നിർമൽ സാരഥി, ജോസഫ് അറക്കൽ, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി, മെറ്റിൽഡ ക്ലീറ്റസ്, ഷിജി തയ്യിൽ, ആന്റണി ആലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker