Meditation

28th Sunday_Year B_”നിത്യജീവൻ അവകാശമാക്കാൻ…” (മർക്കോ 10:17-30)

നിത്യജീവൻ മതത്തിന്റെയോ ആചാരത്തിന്റെയോ വേലികെട്ടിൽ ഒതുങ്ങുന്നതല്ല...

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ

ഇവിടെ ഒരു മനുഷ്യനുണ്ട്, പേരില്ലാത്ത ഒരാൾ. വീട്ടിൽ നിന്നും വഴിയിലേക്കിറങ്ങിയ യേശുവിനെ കാണാൻ ഓടുന്നു അയാൾ. ജീവിതത്തിരക്കിന്റെ ചുഴിയിൽ അകപ്പെട്ടുപോയവനാണ് അയാൾ. സമയമില്ല, എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട് അയാൾക്ക്. എന്നിട്ടും ഓടിവന്നു യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി ചോദിക്കുന്നു; “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” നിത്യജീവൻ – അനിർവചനീയമായ ജീവിതത്തെ സൂചിപ്പിക്കുന്ന പദം. മതത്തിന്റെയും ആചാരത്തിന്റെയും പദസഞ്ചയങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ഒരു പദം. അതെ, മതാത്മകമായി എന്തൊക്കെയോ ചെയ്തു തീർത്താൽ മതി അനിർവചനീയമായത് സ്വന്തമാക്കാൻ സാധിക്കും എന്ന പഴയ ചിന്താശൈലിയുടെ ബഹിർഗമനമാണ് അയാളുടെ ചോദ്യം. മനസ്സിൽ പതിയാത്ത പഴയ ആചാരങ്ങളെ വീണ്ടും കുടിയിരുത്താൻ സാധിക്കുന്ന തരത്തിലുള്ള ഒരു ചോദ്യം.

ഗുരുവിന്റെ ഉത്തരം ലളിതമാണ്. മതത്തെ സ്പർശിക്കുന്നില്ല അത്, മറിച്ച് ധാർമികമാണ്. അഞ്ചു കൽപ്പനകളും ഒരു നിയമവുമാണ് അവൻ മറുപടിയായി നൽകുന്നത്: “കൊല്ലരുത്‌, വ്യഭിചാരം ചെയ്യരുത്‌, മോഷ്‌ടിക്കരുത്‌, കള്ളസാക്‌ഷ്യം നല്‍കരുത്‌, വഞ്ചിക്കരുത്‌, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക” (v.19). മതവും ദൈവവും ഒരു പ്രതിപാദ്യമായി അതിൽ കടന്നു വരുന്നില്ല. മനുഷ്യത്വത്തിന്റെ നിലനിൽപ്പാണ് ഈ അഞ്ചു കൽപ്പനകളും നിയമവും. എല്ലാ മതത്തിനും മുകളിലാണത്. സ്നേഹം കൊണ്ട് സഹജരെ പൊതിയാൻ സാധിക്കുന്ന ധാർമികതയാണത്. അതുകൊണ്ടുതന്നെ നിത്യജീവൻ മതത്തിന്റെയോ ആചാരത്തിന്റെയോ വേലികെട്ടിൽ ഒതുങ്ങുന്നതല്ല, സഹജരെ സ്നേഹിച്ചു സ്വന്തമാക്കേണ്ട ദൈവീകതയാണ്.

എന്നിട്ടും അയാൾ നിരാശനായി തിരികെ പോയി. സങ്കടകരമാണ്, കാരണം അയാൾക്കൊരു സ്വപ്നമുണ്ട്, നിത്യജീവൻ എന്ന സ്വപ്നം. പക്ഷേ അത് യാഥാർഥ്യമാക്കാൻ അയാൾക്ക് ധൈര്യമില്ല. എന്താണ് എല്ലാം മാറ്റിമറിച്ചത്? “നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക, എന്നിട്ട്  വന്ന് എന്നെ അനുഗമിക്കുക” എന്ന ഗുരുവചനമാണ്. സ്നേഹപൂർവ്വം അയാളെ കടാക്ഷിച്ചു കൊണ്ടാണ് ഗുരു ഇത് പറഞ്ഞത്. മനുഷ്യരിലേക്ക് ഇറങ്ങുവാനുള്ള വിളിയാണത്. ചെറുപ്പം മുതൽ എല്ലാ കല്പനകളും പാലിച്ച അയാൾ ഒരു ധനികനായിരുന്നുവെന്നു സുവിശേഷകൻ പറയുന്നത് സംഭവ വിവരണത്തിന്റെ അവസാനമാണ്. അപ്പോൾ കാര്യം വ്യക്തമാണ് മതാത്മകമായ പ്രവർത്തനങ്ങളിലൂടെ നിത്യജീവൻ സ്വന്തമാക്കാനാണ് അയാൾ ആഗ്രഹിച്ചിരുന്നതെന്ന്. പൈസ കൊടുത്തു വാങ്ങിക്കാൻ സാധിക്കുന്ന ഒരു സംഗതിയായിരിക്കാം നിത്യജീവനെന്ന് അയാൾ കരുതിയിട്ടുണ്ടാകണം. സമ്പാദ്യങ്ങളുടെ നാലുകെട്ടിൽ വളർന്നു വലുതായവർക്ക് കൊല്ലരുത്, മോഷ്ടിക്കരുത്, വഞ്ചിക്കരുത് എന്നീ നിയമങ്ങളൊക്കെ പാലിക്കാൻ എളുപ്പമായിരിക്കാം. അപ്പോഴും അവർ പച്ചയായ മനുഷ്യരെ കണ്ടിട്ടില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം. വസ്തുക്കളോ സ്വരൂപിച്ചതോ ഒന്നുമല്ല യഥാർത്ഥ സമ്പത്ത്, വ്യക്തികളാണ്. അവരെ കാണണമെങ്കിൽ നിരത്തിലേക്ക് ഇറങ്ങണം, ഗുരുവിന്റെ പാത സ്വീകരിക്കണം. അവന്റെ ശിഷ്യനായി മാറണം. ഗുരു പഠിപ്പിക്കുന്നത് ഒരു കാര്യം മാത്രമാണ്; സഹജസ്നേഹമാണ് നിത്യജീവനിലേക്കുള്ള എളുപ്പവഴി.

യേശു ചൂണ്ടികാണിക്കുന്ന സ്നേഹത്തിന്റെ പാത സ്വീകരിക്കുന്നതിലൂടെ ആർക്കും ഒന്നും നഷ്ടമാകില്ല, മറിച്ച് ബന്ധങ്ങളുടെ ചങ്ങലക്കണ്ണികൾ നൂറിരട്ടിയായി വർദ്ധിക്കും. ആരാണപ്പോൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കാൻ പറ്റാത്ത ധനവാൻ? വ്യക്തിബന്ധങ്ങളില്ലാതെ വസ്തുക്കളിൽ സന്തോഷം കണ്ടെത്തുന്നവനാണവൻ. സഹജരെ അവഗണിച്ച് ജീവിക്കുന്നവർക്ക് ചിലപ്പോൾ കൽപ്പനകളൊക്കെ പാലിക്കാൻ പറ്റുമായിരിക്കും, പക്ഷേ ദൈവരാജ്യം സാധ്യമാകണമെന്നില്ല. അപ്പോഴും ഓർക്കണം, സമ്പത്ത് അല്ല ഇവിടുത്തെ വിഷയം, സഹജരെ അവഗണിച്ചു കൊണ്ടുള്ള കപട ആത്മീയ ജീവിതമാണ്. സമ്പന്നരോട് ഈശോയ്ക്ക് ഒരു ചതുർത്ഥിയുമില്ല. സമ്പന്നരായ പലരും അവനെ അനുഗമിച്ചിരുന്നു എന്നത് സുവിശേഷ സത്യമാണ്. അവർ പാവപ്പെട്ടവരെ പരിഗണിച്ചിരുന്നവരായിരുന്നു. അവരുടെ ഭവനങ്ങളിലെ സദ്യകളിൽ പാവപ്പെട്ടവരും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ലേവി, സക്കേവൂസ്, ഫരിസേയനായ ശിമയോൻ തുടങ്ങിയവരുടെ വീടുകളിലെ വിരുന്നു രംഗങ്ങൾ കാണുക (ലൂക്കാ 5:27-32, 7:36-50, 19:1-10).

ആത്യന്തികമായി ഉപേക്ഷയുടെ ഒരു പ്രത്യയശാസ്ത്രമല്ല യേശു പഠിപ്പിക്കുന്നത്, ചേർത്തുനിർത്തലിന്റെ സ്നേഹമന്ത്രണമാണ്. പകരം എന്തു ലഭിക്കുമെന്ന പത്രോസിന്റെ ചോദ്യം സ്നേഹത്തിന്റെ യുക്തിയല്ല, കച്ചവട മനസ്സാണത്. മനുഷ്യൻ വസ്തുക്കളിലേക്ക് ചുരുങ്ങുമ്പോൾ ദൈവം മനുഷ്യനിലേക്ക് ഇറങ്ങുന്നു. സഹജീവികളെ ഹൃദയത്തിൽ നിറയ്ക്കുന്നവർക്ക് ഭാരം ഉണ്ടാകില്ല. അവർക്ക് ഏതു സൂചിക്കുഴയിലൂടെയും കടന്നു പോകാൻ സാധിക്കും. അവർക്കുള്ളതാണ് ദൈവരാജ്യവും നിത്യജീവനും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker