Articles

ആലപ്പുഴ രൂപത 70 ന്റെ നിറവിൽ

ചരിത്ര താളുകളിൽ ഇടംപിടിക്കാതെപോയ എല്ലാവരെയും രൂപതാ ദിനത്തിൽ നന്ദിയോടെ സ്മരിക്കുന്നു...

ജോസ് മാർട്ടിൻ
കൊച്ചി രൂപത വിഭജിച്ച് 1952 ഒക്ടോബർ 11-ന് ആലപ്പുഴ രൂപത ഔദ്യോഗികമായി നിലവിൽ വന്നു. ആലപ്പുഴ കേന്ദ്രമാക്കി പുതിയ രൂപത സ്ഥാപിച്ചു കൊണ്ട് 1952 ജൂൺ 12-ന് പന്ത്രണ്ടാം പീയൂസ് പാപ്പാ “എയാറിഡംപ്തോറിസ് വെർബാ” എന്ന തിരുവെഴുത്തു വഴി ഉത്തരവാക്കുകയും, ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാനായി റവ.ഡോ.മൈക്കിൾ ആറാട്ട്കുളത്തെ പരിശുദ്ധ പിതാവ് നിയമിക്കുകയും ചെയ്തു. തുടർന്ന്, 1952 ഡിസംബർ 7-ന് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശരീരം സ്ഥിതിചെയ്യുന്ന ഗോവയിലെ ബോംജീസസ് ബസലിക്കായിൽ വെച്ച് കർദിനാൾ സെറിജെറായിൽ നിന്നും മൈക്കിൾ പിതാവ് മെത്രാൻ പട്ടം സ്വീകരിക്കുകയും, 1952 ഡിസംബർ 14-ന് ഔദ്യോഗികമായി രൂപതയുടെ ചുമതല ഏറ്റടുക്കുകയും ചെയ്തു.
ആലപ്പുഴ രൂപതയിലെ മെത്രാൻമാർ: 
ഡോ.മൈക്കിൾ ആറാട്ടുകുളം – 1952 ഡിസംബർ 14 മുതൽ 1984 ഏപ്രിൽ 28 വരെ
ഡോ.പീറ്റർ എം. ചേനപ്പറമ്പിൽ – 1984 ഏപ്രിൽ 28 മുതൽ 2001 ഡിസംബർ 9 വരെ
ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ – 2001 ഡിസംബർ 9 മുതൽ2019 ഒക്ടോബർ 11 വരെ.
ഡോ.ജയിംസ് ആനാപറമ്പിൽ – 2019 ഒക്ടോബർ 11 മുതൽ തുടരുന്നു.
ആലപ്പുഴ രൂപത – സ്ഥാപന ചരിത്രവഴികളിലൂടെ: 
തീരപ്രദേശങ്ങളിൽ വസിക്കുന്ന അഞ്ഞൂറ്റിക്കാർ എന്നറിയപ്പെടുന്ന ലത്തീൻ കത്തോലിക്കാ സമൂഹത്തിൽ നിന്നും കോട്ടപ്പുറം മുതൽ കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള മത്സ്യതൊഴിലാളികളുടെ മക്കളായ പൗരോഹിത്യാർഥികൾ കൂദാശാസ്വീകരണത്തിന് അർഹരല്ലെന്ന് അന്നത്തെ വരേണ്യ വർഗ്ഗമെന്ന് അവകാശപ്പെട്ടവർ ഉന്നയിക്കുകയും, ഇവർക്ക് സെമിനാരി പ്രവേശനം നിഷേധിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. തുടർന്ന്, ഫാ.പീറ്റർ കസ്മീർ പ്രസന്റേഷന്റെ നേതൃത്വത്തിൽ കെട്ട് തെങ്ങ് പിരിവ്, പിടി അരി പിരിവ് തുടങ്ങിയ മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി തദേശീമായി ഒരു സെമിനാരി സ്ഥാപിക്കുകയും, ആഗോള കത്തോലിക്കാ സഭാചരിത്രത്തിൽ ഇടംനേടുന്ന ഒരു സമൂഹമായി ആലപ്പുഴയിലെ തീരദേശവാസികളെ മാറ്റിയതും ഈ സാഹചര്യമായിരുന്നു. ഇങ്ങനെയാണ് തദ്ദേശീയരാൽ നിർമ്മിക്കപ്പെട്ട ഇന്നത്തെ തിരുഹൃദയ സെമിനാരി 1868-ൽ സ്ഥാപിക്കപ്പെട്ടത്.
ഇവരുടെ പിൻഗാമികളായ ആലപ്പുഴയിലെ വിശ്വാസ സമൂഹം തൊഴിൽപരമായും, സാമൂഹ്യപരമായും തങ്ങൾ നേരിടുന്ന അവഗണനക്കും വേർതിരിവിനുമെതിരെ ‘നസ്രാണി ഭൂഷണം’ എന്ന സമുദായീക സംഘടയുടെ കീഴിൽ ഒന്നിക്കുകയും, തങ്ങൾക്ക് ഒരു രൂപതയെയും, മെത്രാനേയും അനുവദിച്ചുനൽകണമെന്ന് അപേക്ഷിച്ചു കൊണ്ട് പരിശുദ്ധ സിംഹാസനത്തിന് നിരന്തരം നൽകികൊണ്ടിരുന്ന നിവേദനങ്ങളുടെ ഫലമായാണ് കൊച്ചി രൂപത വിഭജിച്ച് ആലപ്പുഴ കേന്ദ്രമായി പുതിയ രൂപത സ്ഥാപിക്കപ്പെട്ടത് എന്നതാണ് ചരിത്രം.
2004 ജൂൺ 17 വരെ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ആലപ്പുഴ രൂപത പിന്നീട് തിരുവനന്തപുരം അതിരൂപതയുടെ ഭാഗമായി. ആലപ്പുഴ രൂപതാ രൂപീകരണത്തിന് നേതൃത്വം നൽകിയ, എന്നാൽ ചരിത്ര താളുകളിൽ ഇടംപിടിക്കാതെപോയ എല്ലാവരെയും രൂപതാ ദിനത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker