Meditation

30th Sunday_Year B_”ദാവീദിന്റെ പുത്രനായ യേശുവേ…” (മർക്കോ 10:46-52)

സ്വരം ഉയർത്തേണ്ട സമയത്ത് സ്വരം ഉയർത്തുക. പുതിയൊരു പ്രകാശത്തിലേക്ക് നിനക്കും നടന്നടുക്കാൻ സാധിക്കും...

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ചില നേരങ്ങളിൽ വിശ്വാസത്തിന്റെ ഭാഷ വിചിത്രമായ പദാവലികൾ ഉപയോഗിക്കും. നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ചില ജീവിതാനുഭവങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ചരടുകളായിരിക്കാം ആ പദാവലികൾ. അത് ചിലപ്പോൾ കൈകൾ കൂപ്പി നിന്ന് സഹായം ചോദിക്കുന്നതായിരിക്കാം, അല്ലെങ്കിൽ നന്ദി പറയുന്നതായിരിക്കാം. നൊമ്പരങ്ങളുടെ ഒരു ചിത്രവേല പോലെ, സന്തോഷങ്ങളുടെ കൂട്ടുകെട്ട് പോലെ, വെളിപ്പെടുത്താൻ പറ്റാത്ത ഒറ്റപ്പെടൽ പോലെ എല്ലാ വികാരങ്ങളുടെയും ഒരു കൂട്ടിത്തുന്നലായിരിക്കും അത്. ആ കൂട്ടിത്തുന്നൽ പിന്നീട് ഒരു നിലവിളിയായി മാറും. അതിനെ തടുക്കാൻ ആർക്കും സാധിക്കുകയുമില്ല.

ഇതാ, ജറീക്കൊ പട്ടണത്തിന്റെ വഴിയരികിൽ ഒരുവൻ. അന്ധനാണ്, യാചകനാണ്; പേര് ബർതിമേയൂസ്. നഷ്ടസ്വപ്നങ്ങളുടെ ഇരുളിൽ കഴിയുന്നവൻ. ആരൊക്കെയോ തന്റെ വഴിയിലൂടെ കടന്നു പോകുന്നുണ്ടെന്ന് അവനറിയുന്നു. അതെ, യേശുവാണ്. പിന്നെയുണ്ടായത് വിശ്വാസത്തിന്റെ വിചിത്രമായ ചില പദാവലികളാണ്: “ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!” (v.47). ഇതുപോലൊരു നിലവിളി സുവിശേഷത്തിൽ വേറൊരിടത്തും കാണാൻ സാധിക്കില്ല. ഉള്ളം തപിക്കുന്ന ഒരു പ്രാർത്ഥനയാണിത്. ആദ്യമായാണ് ഒരാൾ യേശുവിനെ ദാവീദിന്റെ പുത്രനെന്ന് വിളിക്കുന്നത്. സുവിശേഷങ്ങൾ മുഴുവനും പരതിനോക്കുക ഗബ്രിയേൽ ദൂതന്റെ വെളിപ്പെടുത്തലിന് ശേഷം യേശുവിനെ ദാവീദിന്റെ പുത്രൻ എന്നു വിളിക്കുന്നത് അന്ധരാണ്. നൊമ്പരങ്ങൾ പകർന്നുനൽകുന്ന ഉൾക്കാഴ്ചയുടെ സംജ്ഞയാണത്. ആശ്വാസദായകൻ എന്നതിന്റെ പര്യായം.

സുവിശേഷകൻ പറയുന്നു നിശബ്‌ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട്‌ പലരും ആ യാചകനെ ശകാരിച്ചുവെന്ന്. നിലവിളികളുടെ മുമ്പിൽ വലിയ മതിൽ കെട്ടുകയെന്നത് കപട സദാചാരത്തിന്റെ ഇഷ്ടവിനോദമാണ്. സഹജരുടെ നൊമ്പരങ്ങളുടെ മുൻപിൽ അസ്വസ്ഥരാകുന്നവരാണവർ. വേദനകളും പീഢകളുമെല്ലാം അടക്കി പിടിക്കണം, ആരോടും ഒന്നും പറയരുത് എന്നൊക്കെ ഉപദേശിക്കുന്നവർ ജനക്കൂട്ടത്തിന്റെ ആരവത്തോടൊപ്പം നിലപാടുകൾ മാറ്റുന്ന കപട ആത്മീയതയുടെ വക്താക്കളാണ്. വേട്ടക്കാരാണവർ. അവർ നമ്മുടെ ജീവിത പരിസരത്തിന്റെ എല്ലാ കോണുകളിലും ഉണ്ടാകും. കണ്ണീരുകൾ അടക്കിയ അടുക്കളകളും പിന്നാമ്പുറങ്ങളും നമ്മുടെ വീടുകളിൽ തന്നെയുണ്ട്. സൂക്ഷിക്കണം. ഒരു ഉൾക്കാഴ്ച എപ്പോഴും നമുക്കും വേണം.

“എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ!” (v.48). തോൽക്കരുത്. നിശബ്ദരാകാൻ പറയുന്നവരുടെ മുൻപിൽ നിന്നു കൊണ്ട് കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറയണം പുതിയൊരു ലോകം സാധ്യമാണെന്നും അതിന്റെ താക്കോൽ യേശുവിനുണ്ടെന്നും. ഒരു നിലവിളിയും ശ്രവിക്കപ്പെടാതെ പോകുന്നില്ല. ഒരു നൊമ്പരവും ഹൃദയ അറകളിൽ തളച്ചിടപ്പെടുന്നുമില്ല. സ്വരം ഉയർത്തേണ്ട സമയത്ത് സ്വരം ഉയർത്തുക. നടന്നുനീങ്ങുന്ന ഗുരു നിന്നെ ശ്രവിക്കുകയും നിന്നെ വിളിപ്പിക്കുകയും ചെയ്യും. പുതിയൊരു പ്രകാശത്തിലേക്ക് നിനക്കും നടന്നടുക്കാൻ സാധിക്കും.

“ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?” (v.51). ഇതേ ചോദ്യം തന്നെയാണ് ഗുരു സെബദീപുത്രന്മാരോടും ചോദിക്കുന്നത്. അവർക്ക് വേണ്ടിയിരുന്നത് അധികാരവും സ്ഥാനമാനങ്ങളുമായിരുന്നു. അവരുടെ ആഗ്രഹങ്ങളുടെ മുമ്പിൽ യേശു നിസ്സംഗനായപ്പോൾ ബർതിമേയൂസിനുമേൽ അവൻ കൃപയായി ചൊരിഞ്ഞിറങ്ങുകയാണ്. ശിഷ്യർക്ക് അസാധ്യമായത് വഴിയരികിലിരുന്ന ഒരു അന്ധന് സാധ്യമാകുന്നു. വേണം നമുക്കും പ്രാർത്ഥനകളിൽ ചില മിതത്വം. എങ്ങനെയാണ്, എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് ബർതിമേയൂസിൽ നിന്നും നമ്മളും പഠിക്കേണ്ടിയിരിക്കുന്നു.

ചില നേരങ്ങളിൽ വിശ്വാസം യുക്തിരഹിതമായ സൗന്ദര്യമാണ്. അത് നൽകുന്ന ആനന്ദം അനിർവചനീയമായിരിക്കും. കാഴ്ച്ച തിരികെ കിട്ടിയവനോട് യേശു പറയുന്നു നിന്റെ വിശ്വാസമാണ് നിന്നെ രക്ഷിച്ചതെന്ന്. അവന് തിരികെ ലഭിച്ച കാഴ്ചയിൽ യേശു ഒരു ക്രെഡിറ്റും എടുക്കുന്നില്ല. അതാണ് അനുകമ്പയുടെ പ്രത്യേകത. അത് മനുഷ്യനെ മനുഷ്യനായി കാണും. വഴിയരികിലെ ഇരുളിടങ്ങളിൽ നിന്നും പ്രകാശ വീഥിയിലേക്ക് അത് നമ്മെ കൈ പിടിച്ചു നടത്തും. യാചനയുടെ മാറാപ്പ് മാറ്റി രാജകീയതയുടെ രത്നകംബളം പുതപ്പിക്കും. പുതിയ മനുഷ്യനായി അവനോടൊപ്പം ജെറുസലേമിലേക്ക് നമ്മളും നടന്നു കയറും; ദൂരെ ഒരു കുരിശുമരം നമുക്കായും കാത്തിരിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ തന്നെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker