Kerala

വിവാഹ ഓഫീസർമാരായി വൈദീകരെ തരംതാഴ്ത്തരുത്

കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ - 2020 ഉപേക്ഷിക്കണം; കോട്ടപ്പുറം രൂപത

ജോസ് മാർട്ടിൻ

കോട്ടപ്പുറം: കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ -2020 കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും കോട്ടപ്പുറം രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി സർക്കാരിനോട് ആവശ്യപ്പെട്ടു.

കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിവാഹം ഒരു കൂദാശയാണ്. കൗദാശിക വിവാഹത്തിന്റെ സാധുതക്ക് സഭയുടെ കാനോൻ നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ ഉണ്ടെന്നും, ഇതിനെല്ലാം ഘടകവിരുദ്ധമായ വ്യവസ്ഥകളാണ് പുതിയ ബില്ലിൽ ചേർത്തിരിക്കുന്നതെന്നും കോട്ടപ്പുറം രൂപതാ ഫാമിലി അപ്പോസ്തലേറ്റ് വിശദീരിക്കുന്നു. ദേവാലയത്തിന്റെ പരിശുദ്ധിയിൽ – ദൈവിക സാന്നിധ്യത്തിൽ – വിശുദ്ധ കുർബാന മധ്യേ നടക്കുന്ന പരിപാവനമായ ഉടമ്പടിയാണ് കത്തോലിക്കാ സഭയിലെ വിവാഹം. അതേസമയം, പുതിയ ബില്ലിൻപടി ദമ്പതികൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ആവശ്യപ്പെടുന്ന ചടങ്ങുകളോടെ നടത്തി കൊടുക്കേണ്ട വിവാഹ ഓഫീസർമാർ മാത്രമായി വൈദീകരെ തരംതാഴ്ത്തിയിരിക്കുകയാണ് ചെയ്യുന്നതെന്നും ഫാമിലി അപ്പോസ്തലേറ്റ് കുറ്റപ്പെടുത്തുന്നു. കാരണം, കത്തോലിക്കാ വിവാഹം അഭേദ്യമായ ഉടമ്പടിയാണ്, അത് കേവലം ഒരു കരാർ അല്ല.

കത്തോലിക്കാ സഭയിലെ വിവാഹത്തിന്റെ കൂദാശാപരമായ എല്ലാ വ്യവസ്ഥകളും ലഘൂകരിച്ച് വിവാഹം എന്നത് കേവലം ഒരു കരാർ മാത്രമായി അധ:പതിപ്പിക്കാനാണ് ഈ ബില്ലിൽ പരിശ്രമിക്കുന്നതെന്നും, കത്തോലിക്കാ വിവാഹത്തോടൊപ്പം കുടുംബ മൂല്യങ്ങളെയും തള്ളിപ്പറയുന്ന സർക്കാരിന്റെ ഇത്തരം ഹീനശ്രമങ്ങളിൽ കോട്ടപ്പുറം രൂപത ശക്തമായി പ്രതിഷേധിക്കുന്നതായും, ഈ ബില്ലിനെ അർഹിക്കുന്ന അവജ്ഞയോടെ മാത്രമേ കാണാനാവൂ എന്നും ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker