Daily Reflection

ഡിസംബർ 3: നിഷ്കളങ്കത

നമ്മുടെ ജനനസമയത്ത് ദൈവം നൽകിയ മഹത്തായ നിഷ്കളങ്കതയിലേക്ക് തിരികെ ചെല്ലാം...

മൂന്നാം ദിവസം
“കർത്താവേ, എനിക്കു ന്യായം സ്ഥാപിച്ചു തരണമേ! എന്തെന്നാൽ, ഞാൻ നിഷ്കളങ്കനായി ജീവിച്ചു, ചാഞ്ചല്യമില്ലാതെ ഞാൻ കർത്താവിൽ ആശ്രയിച്ചു” (സങ്കീർത്തനം 26:1).

നിഷ്കളങ്കമായ ചിരി, നിഷ്കളങ്കമായ നോട്ടം, നിഷ്കളങ്കമായ സംസാരം എന്ന വിശേഷണം ആരെയും അഭിമാനം കൊള്ളിക്കും. “നിഷ്കളങ്കത” എന്ന വാക്ക് കേൾക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുഖമാണ് നമ്മുടെ ഓർമയിലേക്ക് ഓടിയെത്തുന്നത്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ സ്നേഹത്തിനു വേർതിരിവുകളില്ല എന്നതാണ്. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടി ജാലങ്ങളെയും ഒരുപോലെ സ്നേഹിക്കുന്നവർ. ശുദ്ധമായ ഹൃദയത്തിനുടമകൾ! അതിനാലാണ് ക്രിസ്തു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞത്: “നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല”എന്ന് (മത്തായി 18:3).

നമ്മുടെ ഉള്ളിലും ഒരു പൈതലുണ്ട്, ഒരു നിഷ്കളങ്കതയുണ്ട്. എങ്ങനെ നിഷ്കളങ്കരാകാൻ പറ്റുമെന്ന് ദാവീദ് സങ്കീർത്തകൻ വിവരിക്കുന്നുമുണ്ട്:
“കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല,
വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല.
ദുഷ്‌കര്‍മികളുടെ സമ്പര്‍ക്കം ഞാന്‍ വെറുക്കുന്നു;
നീചന്‍മാരോടുകൂടെ ഞാന്‍ ഇരിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 26 :4-5).

അങ്ങനെ തിന്മയിൽ നിന്നും ഒഴിഞ്ഞു നിന്നുകൊണ്ട് ദാവീദ്, ധാർമിക വിശുദ്ധിയോടും നിഷ്കളങ്കതയോടുകൂടി പൂർണ്ണമായും കർത്താവിനെ ആശ്രയിച്ചുകൊണ്ട് നീതിപൂർവ്വമായ ഒരു ജീവിതം നയിച്ചു. അതുകൊണ്ടാണല്ലോ ‘ദാവീദിന്റെ സങ്കീർത്തനം’ എന്നറിയപ്പെടുന്ന നൂറ്റിയൊന്നാം സങ്കീർത്തനത്തിൽ രണ്ടാം വാക്യത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നത്:
“നിഷ്കളങ്ക മാർഗത്തിൽ ചരിക്കാൻ ഞാൻ ശ്രദ്ധ വയ്ക്കും.
എപ്പോഴാണ് അങ്ങ് എന്റെ അടുക്കൽ വരുക?
ഞാൻ എന്റെ ഭവനത്തിൽ പരമാർത്ഥ ഹൃദയത്തോടെ വ്യാപാരിക്കും”.

എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനത്തിൽ പിന്നീട് പലപ്പോഴും വീഴ്ചകൾ സംഭവിക്കുന്നതിനും വിശുദ്ധഗ്രന്ഥം സാക്ഷിയാണ്. നന്മയിൽ ജീവിക്കാനുള്ള തീരുമാനങ്ങളും, പ്രലോഭനങ്ങളുടെ മുന്നിലുള്ള വീഴ്ചകളും ദാവീദിനെ ഒരു സാധാരണ മനുഷ്യനാക്കുന്നുണ്ട്. എങ്കിലും വഴിപിഴച്ച മനുഷ്യരിൽ നിന്നും മാറി നടക്കാനും, ഹൃദയത്തിൽ തിന്മയുണ്ടാകാതിരിക്കാനും അദ്ദേഹം തീരുമാനമെടുക്കുന്നു എന്നത് ദൈവത്തിന്റെ മുമ്പിൽ പ്രാധാന്യമുള്ളതായി. അതിനാലാണ്, “എന്റെ നീതിയും, നിഷ്കളങ്കതയും കണ്ട് കർത്താവ് എനിക്ക് പ്രതിഫലം നൽകി”യെന്ന് (2 സാമുവൽ 22:25) ദാവീദ് അവകാശപ്പെടുന്നത്.

“വഞ്ചിതയാം നാരിയാൽ പാപം പ്രവേശിച്ചൂഴിയിൽ
നിഷ്കളങ്കയാം പെൺകൊടി മാനവകുലത്തിനു രക്ഷയേകി.
സ്വർഗ്ഗത്തിൽ മഹാറാണി യായി വാഴുന്നേ”. ഈ മഹാഭാഗ്യം നേടുന്നതിനായി മറിയം, നിഷ്കളങ്കതയോടെ” ഇതാ കർത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുചേർന്നു. ഇപ്രകാരം ഗ്രാമത്തിന്റെ നിഷ്കളങ്കത ഒപ്പിയെടുത്ത മറിയം തീർച്ചയായും ദൈവത്തിന്റെ പ്രിയപ്പെട്ടവളായി. ഇങ്ങനെയുള്ള നിഷ്കളങ്ക ഹൃദയമാണ് ദൈവം വസിക്കാൻ തിരഞ്ഞെടുക്കുന്നത്.

ഓർക്കുക, ‘വൈരാഗ്യം, ദേഷ്യം, കോപം, അസൂയ, തുടങ്ങിയ പാപഭാരങ്ങൾ നിറക്കാനുള്ള ഒരു ചവറ്റുകുട്ടയല്ല ഹൃദയം. എന്നാൽ, ‘നിഷ്കളങ്കത നിറച്ച് ക്രിസ്തുവിനെ കുടിയിരുത്താനുള്ള ഒരു സ്വർണ്ണ ചെപ്പാണ്’. നമ്മുടെ ഹൃദയത്തെയും സ്വർണ്ണ ചെപ്പാക്കി രൂപാന്തരപ്പെടുത്തി മറിയത്തെ പോലെ ദൈവാനുഗ്രഹങ്ങളാലും ദൈവാനുഭവത്താലും സ്വർഗം കീഴടക്കാം.

അതുപോലെതന്നെ, കഠിനമായ ജീവിത ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടും, സകലതും നഷ്ടപ്പെട്ടിട്ടും ജോബ് തന്റെ നിഷ്കളങ്കത കൈവിട്ടില്ല. “മനുഷ്യരുടെ നിഷ്കളങ്കത ദൈവം കാര്യമാക്കുന്നില്ല” എന്ന് അവന്റെ കൂട്ടുകാർ പറഞ്ഞപ്പോൾ ജോബ് നൽകിയ മറുപടി വളരെ പ്രശംസനീയമാണ്. “ദൈവം എന്റെ നിഷ്കളങ്കത അറിയേണ്ടതിന്, എന്നെ കപടമില്ലാത്ത ത്രാസിൽ തൂക്കി നോക്കട്ടെ” (ജോബ് 31:6). പ്രതികൂല സാഹചര്യങ്ങളിലും നിഷ്കളങ്കത എങ്ങനെ കാത്തുസൂക്ഷിക്കണമെന്ന് ജോബിൻറെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സത്യദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുക, എല്ലാ വിഗ്രഹാരാധനയും ഒഴിവാക്കുക, മറ്റുള്ളവരോട് ദയയോടും മാന്യമായും ഇടപെടുക, ധാർമികശുദ്ധി കാത്തുസൂക്ഷിക്കുക, വിവാഹ ജീവിതത്തെ അമൂല്യമായി കാണുക, ദരിദ്രരരോടും, വിധവകളോടും കരുണ കാണിക്കുക, സഹമനുഷ്യരോടു സ്നേഹത്തോടെ പെരുമാറുക. എങ്കിൽ ജോബിനോടു ചേർന്ന് നമുക്കും ഇപ്രകാരം പറയാൻ സാധിക്കും: “മരണം വരെ ദൈവത്തോടുള്ള നിഷ്കളങ്കത ഞാൻ ഉപേക്ഷിക്കില്ല”.

അനുദിന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളിലും വിശ്വാസം കൈവിടാതെ കർത്താവിനെ സ്തുതിച്ചാരാധിച്ചുകൊണ്ട് നമുക്കും നിഷ്കളങ്കത നിലനിർത്താം. ഈ ആഗമന കാലത്ത്, നമ്മുടെ ജനനസമയത്ത് ദൈവം നൽകിയ മഹത്തായ നിഷ്കളങ്കതയിലേക്ക് തിരികെ ചെല്ലാം!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker