Kerala

പാവങ്ങളുടെ പടത്തലവി സിസ്റ്റർ സിസിലി നിര്യാതയായി

ഇന്ന് (07/12/21) വൈകുന്നേരം 4 മണിക്ക് തുമ്പയിൽവച്ചാണ് മൃതസംസ്ക്കാര കർമ്മങ്ങൾ...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തന്റെ സമർപ്പിതജീവിതം പാവങ്ങൾക്ക് വേണ്ടി മാറ്റിവെച്ച കാനോഷ്യൻ കോൺഗ്രഗേഷൻ സന്യാസിനി സിസ്റ്റർ സിസിലി ഗ്രിഗറി നിര്യാതയായി, 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം കലശലായ ആസ്മയും മരണത്തിന് കാരണമായി. ഇന്ന് (07/12/21) വൈകുന്നേരം 4 മണിക്ക് തുമ്പയിൽവച്ചാണ് മൃതസംസ്ക്കാര കർമ്മങ്ങൾ നടക്കുക.

1953-ൽ സന്യാസ ജീവിതം തെരെഞ്ഞെടുത്തത് കോൺവെന്റിൽ ചേർന്ന സിസ്റ്റർ, 1955-ൽ മഹാരാഷ്ട്രയിൽ വച്ച് ആദ്യവ്രതവാഗ്ദാനം നടത്തി. തുടർന്ന്, മഹാരാഷ്ട്രയിൽ തന്നെ നേഴ്സിംഗ്‌ പഠനം പൂർത്തിയാക്കി ഇറ്റലിയിൽ നിത്യ വ്രതവാഗ്ദാനം സ്വീകരണത്തിനായി പോയ സിസ്റ്റർ 1961-ൽ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു.

തിരിച്ച് ഇന്ത്യയിലേക്കെത്തിയ സിസ്റ്ററിന് തന്റെ പ്രവർത്തന മേഖലയെക്കുറിച്ച് യാതൊരു സംശയവും ഇല്ലായിരുന്നു. ബൽഗാമിൽ തന്റെ ആതുര സേവന ശുശ്രൂഷ ആരംഭിച്ച സിസ്റ്റർ ചെറുകുന്ന് ആശുപത്രി, പൂന്തുറ ഡിസ്പൻസറി, തുമ്പ ആശുപത്രി എന്നിവിടങ്ങളിൽ നേഴ്സായി സേവനം ചെയ്തു.

കൂടാതെ, 1974-ൽ കട്ടയ്ക്കോട്‌, 1979-ൽ ആലപ്പുഴ, 1989-ൽ അനക്കൽ, 1995-ൽ ആലപ്പുഴ സെന്റ്‌ ജോസ്ഫ്, 98-ചെറുകുന്ന് എന്നിവിടങ്ങളിൽ സുപ്പീരിയറാ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഇക്കാലങ്ങളിലൊക്കെയും പാവപ്പെട്ടവർക്ക് വേണ്ടി നിലകൊണ്ട സിസ്റ്റർ തന്റെ പ്രവർത്തന മേഖലകൾ ഉൾപ്പെടുന്ന ഇടവകകളിലും രൂപതകളിലും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഒരത്താണിയായി മാറിയിരുന്നു. വീട് വച്ച് കൊടുക്കുക, വീട് പുനർനിര്മ്മിക്കുക, കുട്ടികളെ പഠനത്തിന് സഹായിക്കുക, വിവാഹ സഹായങ്ങൾ നൽകുക തുടങ്ങി അശരണർക്ക് താങ്ങായിരുന്നു സിസ്റ്റർ സിസിലി.

പ്രവർത്തന പന്ഥാവ് ഇവിടെയും തീരുന്നില്ല എന്നത് ശ്രദ്ധേയമാണ്. 1980-ൽ കോട്ടഗിരിയിലെ വില്ലിങ്ങ്ടണിൽ സോഷ്യൽ വർക്കിനായി പോയി. 1981-ൽ ബാംഗ്ലൂരിൽ ഹോസ്റ്റൽ വാർഡനായി സേവനം ചെയ്തു. പിന്നീട്, 82-85 വരെ ആലപ്പുഴരൂപതയിലെ സോഷ്യൽ സർവ്വീസ്‌ സെന്റെറിൽ സേവനം ചെയ്തു.

2006-ൽ തിരുവനന്തപുരം അതിരൂപതയുടെ സന്യാസിനീ സമൂഹം രൂപീകരിക്കപ്പെട്ടപ്പോൾ അഭിവന്ദ്യ സൂസൈപ്പാക്യം പിതാവ് അതിന്റെ ചുമതല ഏൽപ്പിച്ചത് സിസ്റ്റർ സിസിലിയെ ആയിരുന്നു. പിന്നീട്, 2013-ൽ കരുനാഗപ്പളിയിലേയ്ക്ക് സ്ഥലം മാറിപ്പോയ സിസ്റ്റർ 2017 മുതൽ തുമ്പയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ആലപ്പുഴ തത്തമ്പള്ളിയിലെ മാളിയക്കൽ കുടുംബത്തിൽ, ചങ്ങനാശേരി രൂപതാംഗങ്ങളായ ഗ്രിഗറി- മറിയക്കുട്ടി ദമ്പതികളുടെ എട്ട്‌ മക്കളിൽ മൂന്നാമത്തെ മകളാണ് സിസ്റ്റർ സിസിലി ഗ്രിഗറി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker