Kerala

കെ.സി.ബിസി, കെ.സി.സി സംയുക്ത സമ്മേളനം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു

സഭാംഗങ്ങളുടെ പ്രവർത്തനങ്ങൾ സഭയുടെ മുഖം പ്രകാശിതമാക്കുന്നതാകണം; മാർ ജോർജ് ആലഞ്ചേരി...

ജോസ് മാർട്ടിൻ

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും, കേരളാ കാത്തലിക് കൗൺസിലിന്റെയും സംയുക്ത സമ്മേളനം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയിൽ എക്കാലത്തും സംവാദനത്തിനും ചർച്ചകൾക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാർഗങ്ങളും ഉണ്ടെന്നും, സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തിൽ പ്രകാശിതമാക്കുന്നതാകണമെന്നും കർദിനാൾതന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി സ്വാഗതം ആശംസിച്ചു. കെ.സി.സി. സെക്രട്ടറി അഡ്വ.ജോജി ചിറയിൽ പതിനൊന്നാമത് വാർഷികയോഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. 2023 ഒക്ടോബറിൽ റോമിൽ നടക്കുന്ന സിനഡിന്റെ മുഖ്യപ്രമേയമായ ‘സഭയിലെ സിനഡാലിറ്റി’ എന്ന വിഷയം സംബന്ധിച്ച് റവ.ഡോ.ജേക്കബ് പ്രസാദ് ക്ലാസ് നയിച്ചു.

ഉച്ചകഴിഞ്ഞ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി.സി.യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീമതി ജെസ്സി ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. തുടർ ദിവസങ്ങളിൽ നടക്കുന്ന കെ.സി.ബി.സി. സമ്മേളനത്തിൽ പരിഗണിക്കേണ്ട സഭാ, സാമുദായിക, സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച പൊതു ചർച്ചകൾ നടന്നു.

കൂടാതെ, നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ള വിവാഹ രജിസ്ട്രേഷൻ ബിൽ പിൻവലിക്കണമെന്നും, റവന്യൂ ഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി കസ്തുരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനം ഇറക്കണമെന്നും, പ്രമേയങ്ങളിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

വിശ്വഹിന്ദ് പരിഷത്ത്, ബംജരഗ്ദൾ പ്രവർത്തകർ സാഗർ രൂപതയിലെ ഗഞ്ച് ബസാദ് എം.എം.ബി. മിഷൻ സ്റ്റേഷനിലെ സെന്റ് ജോസഫ് സ്കൂളിൽ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ കേരള കാത്തലിക് കൗൺസിൽ അതിയായ ഉത്ക്കണ്ഠയും ഖേദവും രേഖപ്പെടുത്തിയതായും, കുറ്റക്കാർക്കെതിരേ ഉചിതമായ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടതായും കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker