India

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകം; കെ.സി.ബി.സി.

ക്രൈസ്തവ പീഡനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിക്കുന്നത് അപമാനകരമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ

കൊച്ചി: ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത വിധത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. തീവ്ര വർഗ്ഗീയ സംഘടനകളുടെ വിദ്വേഷ പ്രചരണങ്ങളും, ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുകയാണെന്നും, കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ മാത്രം മധ്യപ്രദേശ്, ഉത്തരപ്രദേശ്, ഹരിയാന, ഗുജറാത്ത്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ക്രൈസ്തവർക്കെതിരെയുള്ള വിവിധ അക്രമ സംഭവങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഓരോ മാസം കഴിയുംതോറും ഇത്തരം സംഭവങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് അധികാരികളുടെ കണ്ണ് തുറക്കണമെന്നും, മതേതര രാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളും, ഇന്ത്യയുടെ ഭരണഘടനാ വിരുദ്ധമായ നിയമ നിർമ്മാണങ്ങളും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളൽ വീഴ്ത്തുന്നതാണെന്നും കെ.സി.ബി.സി. പറയുന്നു. മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുള്ളതോ, അത്തരം നിയമങ്ങൾ പരിഗണനയിലുള്ളതോ ആയ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങൾക്കും, കത്തോലിക്കാ വൈദികർക്കും, സന്യസ്തർക്കും എതിരെയുള്ള അതിക്രമങ്ങൾ വലിയതോതിൽ വർധിച്ചിട്ടുണ്ടെന്നും ആക്രമണങ്ങൾക്ക് മുമ്പ് മതപരിവർത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ടെന്നും പറയുന്ന കെ.സി.ബി.സി. ഇവയൊക്കെയും ആസൂത്രിതമായി കെട്ടിച്ചമച്ചവയാണെന്നും, ഇത്തരം കേസുകൾക്ക് പിന്നിലെ ഗൂഢാലോചനകൾ തള്ളിക്കളയാനാവില്ലെന്നും പത്രകുറിപ്പിൽ അറിയിച്ചു.

ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും രാജ്യത്ത് അരക്ഷിതാവസ്ഥ അധികരിച്ചുവരുന്നതിനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ക്രൈസ്തവ പീഡനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിക്കുന്നത് അപമാനകരമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും, സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളിൽ സേവനനിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തർക്കും വൈദികർക്കും സ്ഥാപനങ്ങൾക്കും ഉറപ്പുവരുത്താൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെടുന്നു.

അതുപോലെതന്നെ, വർഗ്ഗീയ അതിക്രമങ്ങൾക്ക് കാരണമാകുന്ന വ്യാജവാർത്തകൾ, സോഷ്യൽ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾ, നിയമങ്ങളുടെ ദുരുപയോഗം തുടങ്ങിയവ നിയന്ത്രിക്കാനും ഇത്തരം സാഹചര്യങ്ങളിൽ അതിക്രമങ്ങൾക്ക് ഇരകളാകുന്നവർക്ക് പ്രത്യേക സംരക്ഷണം നൽകാനും ഭരണാധികാരികൾ തയ്യാറാകണമെന്നും കെ.സി.ബി.സി. പത്രക്കുറിപ്പിൽ പറയുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker