Kerala

കേരള കത്തോലിക്കാ സഭയിൽ സ്ഥായിയായ നവീകരണം ആവശ്യം; കേരള കത്തോലിക്കാ മെത്രാൻ സമിതി

2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെ കേരളസഭയില്‍ നവീകരണ കാലഘട്ടം...

ജോസ് മാർട്ടിൻ

കൊച്ചി: ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള സഭയിലാകമാനം സ്ഥായിയായ ഒരു നവീകരണം ആവശ്യമുണ്ടെന്ന് കേരള കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം. കോവിഡുകാലം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിച്ച മരവിപ്പും, ഇക്കാലത്ത് സഭ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്ത് മുന്നേറാന്‍ ആന്തരിക നവീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും പുതിയ പാതകള്‍ സഭയില്‍ രൂപപ്പെടണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിര്‍ദേശം. ഈ പശ്ചാത്തലത്തിൽ കെ.സി.ബി.സി.യുടെ കരിസ്മാറ്റിക്, ഡോക്‌ട്രൈനല്‍, ബൈബിള്‍, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിൽ രണ്ടുവർഷക്കാലം നീളുന്ന നവീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. 2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെ കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.

ആഗോള സിനഡ് ലക്ഷ്യംവയ്ക്കുന്നതുപോലെ, കേരളസഭയിലും സംവാദത്തിന്റെയും പരസ്പരമുള്ള ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ്‌കാരം ശക്തിപ്രാപിക്കണമെന്ന് സമ്മേളനം. എല്ലാ സംഭാഷണങ്ങളുടെയും കൂടിച്ചേരലുകളുടെയും സംഗമനത്തിന്റെയും ലക്ഷ്യം അവയിലൂടെയെല്ലാം വെളിപ്പെടുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതുകൊടുക്കുന്നതും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുന്നതുമാണ്. ഓരോരുത്തരുടെയും വിളിക്കനുസൃതമായ ശുശ്രൂഷയുടെ അരൂപിയില്‍ സഭാംഗങ്ങളുടെ കൂട്ടായ ഉത്തരവാദിത്തം വളര്‍ത്തപ്പെടണമെന്നും, ഇതര മതങ്ങളോടും ഇതര സമുദായങ്ങളോടും സഭ എന്നും പുലര്‍ത്തിപോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികള്‍ കൂടുതല്‍ പരിപോഷിപ്പിക്കപ്പെടണമെന്നും സമ്മേളനം വിലയിരുത്തിയെന്നും, അങ്ങനെ കേരളസഭയില്‍ ആരംഭിക്കുന്ന ഈ നവീകരണ കാലഘട്ടം കൂടുതല്‍ ഊര്‍ജസ്വലതയോടെ ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ നമ്മെ ശക്തരാക്കട്ടെയെന്നും കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവർ ചേർന്ന് സമ്മേളനത്തിനുശേഷം “കേരള സഭാനവീകരണം 2022-2025” എന്ന തലക്കെട്ടിൽ നൽകിയ സര്‍ക്കുലറിലൂടെ അറിയിക്കുന്നു.

സർക്കുലറിന്റെ പൂർണ്ണരൂപം

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker