Sunday Homilies

ആണ്ടുവട്ടത്തിലെ ആറാം ഞായർ വിചിന്തനം :- അനുഗ്രഹീതർ (ലൂക്കാ 6:17, 20-26)

വിചിന്തനം :- അനുഗ്രഹീതർ (ലൂക്കാ 6:17, 20-26)

ആനന്ദാർത്ഥി – മനുഷ്യന് നൽകാവുന്ന ഏറ്റവും നല്ല ഒരു നിർവചനമാണിത്. അതെ, ആത്യന്തികമായി നമ്മൾ അന്വേഷിക്കുന്നത് സന്തോഷം മാത്രമാണ്. നമ്മുടെ കർമ്മവും ബന്ധവും ഉപാസനയും തേടുന്നതും ലക്ഷ്യം വയ്ക്കുന്നതും ആനന്ദത്തിന്റെ അതിർവരമ്പുകളെയാണ്. യേശുവിന് അതറിയാം. അതുകൊണ്ടാണവൻ സുവിശേഷഭാഗ്യങ്ങൾ എന്നപേരിൽ സന്തോഷത്തിന്റെ ലളിതമായ സൂത്രവാക്യം തന്റെ ശിഷ്യന്മാർക്ക് പറഞ്ഞു കൊടുക്കുന്നത്. നമ്മുടെ അഗാധമായ ആഗ്രഹങ്ങളെ മനസ്സിലാക്കി ക്രിയാത്മകവും സർഗാത്മകവുമായ തലത്തിൽ അവയെ കൈകാര്യം ചെയ്യാൻ അവൻ പറഞ്ഞുതരുന്നു.

സുവിശേഷഭാഗ്യങ്ങൾ മത്തായിയുടെ സുവിശേഷത്തിലുമുണ്ട്. അത് മലയിലെ പ്രഭാഷണമാണ് (5:1-12). മലയിൽ കയറി ഇരുന്നു യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു. അവിടെ അവൻ മുകളിലും ശിഷ്യന്മാർ താഴെയും നിൽക്കുന്നു. ലൂക്കായുടെ സുവിശേഷത്തിൽ ഇതേ പ്രഭാഷണം സമതലത്തിൽ വച്ചാണ് നടക്കുന്നത്. അവിടെ ശിഷ്യന്മാർ യേശുവിന് മുകളിലാണ് നിൽക്കുന്നത്. അതുകൊണ്ടാണ് സുവിശേഷകൻ വളരെ വ്യക്തമായി പറയുന്നത്; “അവന്‍ ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്‌തു”. സുവിശേഷങ്ങളിൽ “കണ്ണുകളുയർത്തുക” എന്ന വാചകം (ἐπάρας τοὺς ὀφθαλμοὺς) യേശുവുമായി ചേർത്ത് ഉപയോഗിച്ചിട്ടുള്ളത് പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ മാത്രമാണ്. യേശുവും സ്വർഗ്ഗവും തമ്മിലുള്ള ബന്ധത്തിന്റെ വാചികാനുഭവമാണത്. ആദരവിന്റെയും അനുഗ്രഹത്തിന്റെയും അർത്ഥബന്ധമുള്ള യാഥാർത്ഥ്യം. സ്വർഗ്ഗത്തെ നോക്കുന്നതുപോലെ അവൻ, ഇതാ, ശിഷ്യരെ നോക്കുന്നു. എന്നിട്ട് ഒരു പ്രാർത്ഥനാ നിമന്ത്രണം എന്നപോലെ അവരുടെ കണ്ണുകളിൽ നോക്കി അവൻ പറയുന്നു: നിങ്ങളാണ് അനുഗ്രഹീതർ; എന്തെന്നാൽ നിങ്ങൾ ദരിദ്രരാണ്, വിശക്കുന്നവരാണ്, കരയുന്നവരാണ്, അവഗണിക്കപ്പെട്ടവരാണ്, അവഹേളിക്കപ്പെട്ടവരാണ്.

ഭാഗ്യം, അനുഗ്രഹം എന്നീ പദങ്ങൾ ഉച്ചരിക്കുമ്പോൾ ഒരു കാര്യം നമ്മൾ ഓർക്കണം അവയുടെ ആദ്യാക്ഷരങ്ങൾ ഭൂതകാലത്തിൽ വീണു കിടക്കുകയാണെന്ന്. ദൈവരാജ്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നവന് ഇല്ലായ്മയെ കുറിച്ച് ബോധ്യമുണ്ടാകണം. അതൊരു അനുഗ്രഹം ആണെന്ന് പറയുമ്പോൾ, ആ അനുഗ്രഹങ്ങളുടെ പിന്നിൽ നൊമ്പരങ്ങളുടെ ചരിത്രമുണ്ടെന്നും മറക്കരുത്. കൺമുന്നിലുള്ളവന്റെ നൊമ്പരങ്ങളെ അവഗണിച്ചുകൊണ്ട് സമൃദ്ധിയുടെ ഒരു ഭാവിയെ പ്രഘോഷിക്കാൻ നമുക്ക് സാധിക്കുകയില്ല. അതുകൊണ്ടാണ് ദൈവരാജ്യവും തൃപ്തിയും പുഞ്ചിരിയുമെല്ലാം അവന്റെ പ്രഘോഷണത്തിൽ പ്രത്യാശയുടെ പ്രതിബിംബനങ്ങളാകുമ്പോൾ ശിഷ്യരുടെ കണ്ണുകളിലെ ഇല്ലായ്മയെയും നൊമ്പരത്തെയും വിശപ്പിനെയുമെല്ലാം വാക്കുകളിലും നോട്ടത്തിലും അവൻ പൂർണമായി ആഗിരണം ചെയ്യുന്നത്. അങ്ങനെ അനുഗ്രഹത്തിന് അവൻ പുതിയൊരു മാനം പകർന്നു നൽകുന്നു.

ദൈവത്തിനും ഉണ്ട് ബലഹീനത. ദരിദ്രരാണ് അവന്റെ ബലഹീനത. അനീതി മലവെള്ളപ്പാച്ചിൽ പോലെ ചരിത്രത്തിന്റെ വിടവുകളിലൂടെ കുത്തി ഒഴുകുമ്പോൾ നമ്മുടെ ഏക പ്രത്യാശയാണ് ദൈവത്തിന്റെ ഈ ബലഹീനത. അവർക്കുവേണ്ടി അവൻ ചരിത്രത്തിന്റെ ചക്രപല്ലുകളിൽ കരുണയുടെ എണ്ണ പകരും. ഒരു സങ്കടവും ഹവിസ്സായി മാറാതിരുന്നിട്ടില്ല. ഒരു വിമ്മിട്ടവും ഹൃദയസ്പന്ദനത്തിന് താളം പകരാതിരുന്നിട്ടില്ല. ഒരു നിസ്സഹായാവസ്ഥയും മനസ്സിന് ഈണം പകരാതിരുന്നിട്ടില്ല. എന്തേ ദാരിദ്ര്യം, എന്തേ കണ്ണുനീർ, എന്തേ വിശപ്പ് എന്ന് ചോദിച്ചാൽ ആരൊക്കെയോ പണി തീർത്ത അസമത്വത്തിന്റെ കൽക്കൂടാരങ്ങളിൽ നിന്ന് ആത്മരതിയുടെ ശീൽക്കാരങ്ങൾ ഉത്തരമായി കേൾക്കുകയാണെങ്കിൽ, ഓർക്കുക, അവർക്കുമുണ്ട് ഒരു ഭാവി. അത് ദുരിതത്തിന്റേതാണ്.

ദൈവം ആർക്കും ഒരു ദുരിതവും കൊണ്ടുവരുന്നില്ല. ആരുടെ സങ്കടവും അവൻ ആഗ്രഹിക്കുന്നുമില്ല. അപ്പോഴും സുവിശേഷം ചിത്രീകരിക്കുന്ന ദുരിതം ഒരു ഭീഷണിയല്ല, അതൊരു മുന്നറിയിപ്പാണ്. അഹത്തിന്റെ കെട്ടുപാടുകളിൽ കുരുങ്ങി ആത്മരതിയെ ആനന്ദമായി കരുതുന്നവരിൽ സംഭവിക്കാവുന്ന അവസ്ഥയാണത്. നശ്വരമായതിനെ അനശ്വരമായും അനിവാര്യമായും കരുതുന്ന ആശയക്കുഴപ്പമാണത്. അങ്ങനെയുള്ളവരുടെ ഹൃദയത്തിൽ ശാശ്വതമായതിന് ഇടമുണ്ടാകില്ല. അവർക്ക് സ്നേഹിക്കാനും സാധിക്കില്ല. കാരണം, അനുഗ്രഹം എന്നത് സ്നേഹം എന്ന പച്ച യാഥാർത്ഥ്യത്തിന്റെ സ്വർഗ്ഗീയ ഭാഷ്യമാണ്.

 

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker