Meditation

7th Sunday_Year C_ഹൃദയത്തിന്റെ യുക്തിവിചാരം (ലൂക്കാ 6: 27-38)

ശത്രു എന്ന സങ്കല്പം തന്നെ ഇല്ലാതാക്കാനാണ് യേശു ശ്രമിക്കുന്നത്...

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ

പുതിയനിയമത്തിന്റെ സ്വപ്നവും അത് വിഭാവനം ചെയ്യുന്ന കലാപവുമാണ് സുവിശേഷഭാഗ്യങ്ങൾ. അനുഗ്രഹത്തിന്റെ അനിർവചനീയതയാണത്. സ്നേഹത്തിന് നൽകാവുന്ന ഏറ്റവും സുന്ദരമായ ഭാഷ്യം. അതുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾക്ക് ശേഷം സ്നേഹത്തിന്റെ പ്രവർത്തിതലങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്. അവൻ പറയുന്നു; “ശത്രുക്കളെ സ്നേഹിക്കുവിൻ”. ഇതാ, സ്നേഹം ഒരു കല്പനയായി മാറുന്നു. ആജ്ഞയാണത്. അതിനാൽ കാത്തിരിക്കാൻ പറ്റില്ല, പെട്ടെന്ന് വേണം. കാരണം, ഈ കല്പന സ്നേഹരാഹിത്യത്തിനോടുള്ള ഒരു പ്രതികരണമല്ല, മറിച്ച് ഒരു മുൻവിചാരമാണ്. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന മനസ്സിന്റെ ഒരു എടുത്തുചാട്ടം (leap of faith).

ഇവിടെയാണ് നമ്മുടെ യുക്തി ഹൃദയവുമായി തർക്കത്തിൽ ഏർപ്പെടുക: ശത്രുക്കളെ സ്നേഹിക്കുകയെന്നത് സാധ്യമാണോ? ഇല്ല, അതൊരു വെല്ലുവിളിയാണ്. അപ്പോഴും അവൻ പറയുന്നു; പരസ്പരം സ്നേഹിക്കുക, അല്ലാത്തപക്ഷം നിങ്ങൾ നിങ്ങളെത്തന്നെ നശിപ്പിക്കും. കാരണം, രാത്രിയെ കൂടുതൽ ഇരുട്ടുകൊണ്ട് തോൽപ്പിക്കാനാവില്ല; ചരിത്രത്തിന്റെ തുലാസിൽ വിദ്വേഷം മറ്റു വിദ്വേഷവുമായി പോരാടിയിട്ടുമില്ല.

ശത്രു എന്ന സങ്കല്പം തന്നെ ഇല്ലാതാക്കാനാണ് യേശു ശ്രമിക്കുന്നത്. ഒരു കായേൻ നമ്മുടെയിലുണ്ട്. എപ്പോൾ വേണമെങ്കിലും അവൻ നിനക്കെതിരെ കൈ ഉയർത്താം. അതിനാൽ, അവനിൽ നിന്നും ഓടി ഒളിക്കാനാണ് എല്ലാവരും നിന്നോട് പറയുന്നത്. പക്ഷേ, യേശു നമ്മെ വിസ്മയിപ്പിക്കുകയാണ്. അവൻ പറയുന്നു; ശത്രുക്കളെ സ്നേഹിക്കുക. ആബേലിനെ പോലെയാകുക. കായേൻ ശത്രുവല്ല, സഹോദരനാണ്. സഹജഭയത്തെ സ്നേഹം കൊണ്ട് പരിചരിക്കുക. കാരണം, ഭയത്തിന് തിന്മയിൽ നിന്നും നമ്മെ മോചിപ്പിക്കാൻ സാധിക്കില്ല.

സ്നേഹം ക്രിയാത്മകമാണ്. ആ ക്രിയാത്മകതയെ മൂർത്തമായ എട്ട് ക്രിയകളിലൂടെയാണ് സുവിശേഷം വരച്ചുകാണിക്കുന്നത്. നാല് ബഹുവചന ക്രിയകളിലൂടെ യേശു എല്ലാവരെയും അഭിസംബോധന ചെയ്യുന്നു. അവൻ പറയുന്നു; സ്നേഹിക്കുക (Ἀγαπᾶτε), നന്മചെയ്യുക (καλῶς ποιεῖτε), അനുഗ്രഹിക്കുക (εὐλογεῖτε), പ്രാർത്ഥിക്കുക (προσεύχεσθε). നാല് ഏകവചന ക്രിയകളിലൂടെ അവൻ ഓരോരുത്തരോടും വ്യക്തിപരമായി പറയുന്നു; ചെകിടു കാണിച്ചുകൊടുക്കുക (σιαγόνα πάρεχε), നിരസിക്കാതിരിക്കുക (μὴ κωλύσῃς), നൽകുക (δίδου), തിരികെ ചോദിക്കാതിരിക്കുക (μὴ ἀπαίτει). അതേ, യഥാർത്ഥ സ്നേഹം നിഷ്ക്രിയമായ ക്രിയാത്മകത കൂടിയാണ്. അതൊരു വിരുദ്ധോക്തിയാണ് (oxymoron). ഹൃദയത്തിന്റെ യുക്തികൊണ്ട് മാത്രമേ അതിനെ മനസ്സിലാക്കാൻ സാധിക്കു. അതുകൊണ്ടാണ് അനുദിന ജീവിതത്തിൽ കടന്നുവരുന്ന മൂർത്തമായ ക്രിയകളിലൂടെ അവൻ അതിനെ വരച്ചു കാണിക്കുന്നത്.

ഗുരു പറയുന്നു; “ഒരു ചെകിട്ടത്ത്‌ അടിക്കുവന്‌ മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക” (v.29). ക്രിയാത്മക സ്നേഹത്തിലെ നിഷ്ക്രിയതയാണിത്. വെറുപ്പിന് മുൻപിൽ പ്രതിരോധ മതിൽ തീർക്കരുത്. നിരായുധനാകുക. ഒരു നോട്ടത്തിലൂടെ പോലും ആരെയും ഭയപ്പെടുത്തരുത്. ശൂന്യകരങ്ങളോടുകൂടി നിർന്നിമേഷനായി നിൽക്കുക. അങ്ങനെ മാത്രമേ വിദ്വേഷത്തിന്റെ അസംബന്ധത്തെ നമുക്ക് തുറന്നു കാണിക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം വിദ്വേഷം എപ്പോഴും വിജയിച്ചു കൊണ്ടിരിക്കും. ഇതിനെ യുക്തിരഹിതമായ സഹനശീലമായി കരുതരുത്, ഒരു ബന്ധം പുനസ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ആദ്യപടിയായി കാണണം. കാരണം, നമ്മെ തല്ലുന്നവൻ നമ്മുടെ സഹോദരൻ തന്നെയാണ്.

“മേലങ്കി എടുക്കുന്നവനെ കുപ്പായംകൂടി എടുക്കുന്നതില്‍ നിന്നു തടയരുത്‌” (v.29). ഉള്ളവനോടല്ല ഇല്ലാത്തവനോട് തന്നെയാണ് ഗുരു ഇത് പറയുന്നത്. എല്ലാം നൽകാനാണ് പറയുന്നത്. സ്നേഹം അങ്ങനെയാണ്, അതിനു ശൂന്യവൽക്കരണത്തിന്റെ ഒരു മുഖമുണ്ട്. അത് നമ്മെ നഗ്നരായി നിർത്തും. ക്രിസ്തുവിനെപ്പോലെ ദരിദ്രനായി മാറ്റും. അങ്ങനെയുള്ളവർക്ക് മാത്രമേ ലോകത്തെ രക്ഷിക്കാൻ സാധിക്കു. കാരണം, രക്ഷ മുകളിൽ നിന്നല്ല, താഴെ നിന്നാണ് വരിക. മണ്ണിൽ സ്ഥാപിച്ച കുരിശിൽ നിന്ന് എന്ന പോലെ. അതുകൊണ്ടാണ് ഗുരു തന്റെ രാജ്യത്തിലേക്ക് വീരന്മാരെ ആരെയും വിളിക്കാത്തത്. അസാധ്യമായ നേട്ടങ്ങളുണ്ടാക്കാൻ അവൻ ആരോടും പറയുന്നില്ല. അവൻ പറയുന്നത് ലളിതമായ കാര്യം മാത്രമാണ്: “മറ്റുള്ളവര്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” (v.31). സ്നേഹത്തെ ഇതിനേക്കാൾ ലളിതമായി സങ്കോചിപ്പിക്കാൻ സാധിക്കുകയില്ല. ഏതു നന്മയാണ് നീ ആഗ്രഹിക്കുന്നത്, ആ നന്മയെ നൽകാൻ നിനക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ട്, മാറ്റം ആദ്യം നിന്നിൽ ഉണ്ടാകട്ടെ, അപ്പോൾ ലോകവും മാറും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker