Kerala

ആലുവാ മംഗലപ്പുഴ സെമിനാരി തൊണ്ണൂറിന്റെ നിറവില്‍

നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തില്‍പറമ്പില്‍ നിർവഹിച്ചു...

ജോസ് മാർട്ടിൻ

ആലുവാ: മംഗലപുഴ സെമിനാരിയിലെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷ പരിപാടികൾക്ക് തുടക്കമായി. 19/2/2022-ന് വൈകിട്ട് ആറുമണിക്ക്‌ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തില്‍പറമ്പില്‍ ഔദ്യോഗികമായി ഉദ്ഘാടനകർമ്മം നിർവഹിച്ചു. സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെമിനാരി റെക്ടർ ഫാ.സെബാസ്റ്റ്യൻ പാലമൂട്ടിൽ മംഗലപ്പുഴ സെമിനാരിയുടെ മണ്ണിൽ അലിഞ്ഞുചേർന്ന കർമ്മലീത്ത വൈദീകരുടെ ഓർമ്മകൾക്ക്മുമ്പിൽ ശിരസ്സുനമിച്ചുകൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്തു.

സെമിനാരിയുടെ പൂർവ വിദ്യാർത്ഥിയും സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓണ്ലൈനിൽ മുഖ്യസന്ദേശം നല്‍കി. 1682-ൽ വാരാപ്പുഴയിൽ തുടങ്ങിയ സെമിനാരിയുടെ മുന്നൂറ്റി നാല്പത് വർഷത്തെചരിത്രത്തിലേക്കു കടന്നുചെന്ന് സഭയ്ക്ക് സെമിനാരി നൽകിയ സംഭാവനകളെ പിതാവ് അനുസ്മരിച്ചു.

ദീപം തെളിയിച്ച് നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അകത്തുനിന്നും പുറത്തുനിന്നും സഭയ്‌ക്കെതിരെ പ്രശ്നങ്ങൾ ഉണ്ടാകുന്നകാലത്ത് ചരിത്രത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു വ്രതബദ്ധരായ വൈദീകർ രൂപീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പിതാവിനെ വളർത്തി വലുതാക്കിയ പഴയകാല റെക്ടർമാരെ അനുസ്മരിച്ചുകൊണ്ട് സെമിനാരിയുടെ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ സമൂഹത്തിൽ പൗരോഹിത്യ ശൂശ്രൂഷ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി മുഖ്യ പ്രഭാഷണം നൽകി. സീറോ മലങ്കര കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് പരിപാടിയിൽ പങ്കെടുത്ത സെമിനാരി മുൻ വിദ്യാർത്ഥിയും മൂവാറ്റുപുഴ ഭദ്രാസന അധിപൻ യൂഹാനോൻ മാർ തിയഡോഷ്യസ് വൈവിധ്യങ്ങളെ ആദരിക്കാൻ സെമിനാരി അദ്ദേഹത്തെ പ്രാപ്തനാക്കിയതിന്റെ പാഠങ്ങൾ ഓർമ്മിച്ചെടുത്തു.

നവതി സ്മാരകമായി ആരംഭിക്കുന്ന ചരിത്ര പദ്ധതിയുടെ ഉദ്ഘാടനം കേരളം കൗൺസിൽ ഫോർ ഹിസ്റ്റോറിക് റിസർച്ച് ചെയർപേഴ്സൺ മൈക്കിൾ തരകൻ നിർവഹിച്ചു. നവതിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന വൈദീക പരിശീലനത്തിനായുള്ള സാമ്പത്തിക സഹായനിധി, സെമിനാരി ചാപ്പൽ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘടാനം മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.

അൻവർ സാദത്ത് എം.ൽ.എ, എം., ഓ ജോൺ, ഗയിൽസ് ദേവസ്സി പയ്യപ്പള്ളി, ഫാ. ജോജി കല്ലുങ്കൽ എന്നിവർ ആശംസകൾനേർന്നു. നവതി കൺവീനർ ഫാദർ മാർട്ടിൻ കല്ലിങ്കൽ നന്ദിയർപ്പിച്ച് സംസാരിച്ചു. സെമിനാരിയുടെ ഉദ്‌ഘാടനത്തിലും സുവർണജൂബിലി ദിനത്തിലും പാടിയ തൊണ്ണൂറ്റിഎട്ടാം സങ്കീർത്തനം ‘കന്താത്തെ ഡോമിനോ’ ആലപിച്ചു.

കേരളത്തില്‍ ഇന്നുള്ള സെമിനാരികളില്‍ പുരാതനവും വൈദീകാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെ ഏറ്റവും വലുതുമായ സെമിനാരി അലക്‌സാണ്ടര്‍ ഏഴാമന്‍ പാപ്പയുടെ നിര്‍ദ്ദേശപ്രകാരം സ്‌പെയിനില്‍നിന്നുള്ള കര്‍മ്മലീത്ത മിഷണറിമാരാണ് കത്തോലിക്ക വൈദികരുടെ പരിശീലത്തിനായി സെമിനാരി 1682-ല്‍ വരാപ്പുഴയില്‍ ആരംഭിച്ചത്. തുടർന്ന് 1866-ല്‍ പുത്തന്‍പള്ളിയിലേക്കും,1932-ല്‍ ആലുവാ മംഗലപ്പുഴയിലേക്കും മാറ്റി സ്ഥാപിക്കപ്പെടുകയായിരുന്നു.

സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ മംഗലപ്പുഴയിലെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ 1933 ജനുവരി 28-ാം തീയതിയാണ് ആരംഭിച്ചത്. കഴിഞ്ഞ 90 വര്‍ഷങ്ങള്‍കൊണ്ട് സഭാശുശ്രൂഷയ്ക്കും,സാമൂഹ്യ സേവനത്തിനുമായി അയ്യായിരത്തോളം വൈദികര്‍ക്ക് മംഗലപ്പുഴ സെമിനാരിയിൽ പരിശീലനം നല്‍കിയിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker