Kerala

കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കെ.എല്‍.സി.എ. കാലഘട്ടത്തിന്റെ അനിവാര്യത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍

ജോസ് മാർട്ടിൻ

കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സുവര്‍ണ ജൂബിലി സമ്മേളനം വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ലത്തീന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെ.എല്‍.സി.എ. മുന്നേറ്റം അനിവാര്യമാണെന്നും വിദ്യാഭ്യാസം, ഉദ്യോഗം, ക്ഷേമം എന്നീ മേഖലകളില്‍ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭ എന്നും കെ.എല്‍.സി.എ. യുടെ കൂടെയുണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

മന്ത്രി ആന്റെണി രാജു സുവര്‍ണജൂബിലി ദീപശിഖ തെളിയിച്ചു. ജൂബിലി കര്‍മ്മരേഖയുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ കാരുണ്യഫണ്ട് ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ രൂപതകളുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജൂബിലി സംഗമങ്ങള്‍, പ്രഭാഷണ പരമ്പരകള്‍, യുവജനങ്ങളുമായി മുഖാമുഖം, മുന്‍കാല നേതാക്കളുടെ സംഗമം, രക്തസാക്ഷി ദിനാചരണം, വിവിധ മേഖലകളിലുള്ളവരുടെ സംഗമം, ചരിത്ര സ്മരണിക പ്രസിദ്ധീകരണം, ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റി ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരണം, മുതലായ പരിപാടികളാണ് സംഘടിപ്പിക്കുക.

കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ്, എംഎല്‍എമാരായ എം. വിന്‍സെന്‍റ്, കെ.ജെ മാക്സി, ടി.ജെ. വിനോദ്, ദലീമ ജോജോ, കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ആത്ധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ജോസ് നവസ്, വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോള്‍, കെ.സി.എഫ്. ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ ഷാജി ജോര്‍ജ്, റാഫേല്‍ ആന്‍റണി, സി.ജെ. റോബിന്‍, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

2023 മാര്‍ച്ച് 26-ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ജൂബിലി സമാപന സംഗമത്തോടുകൂടിയാണ് ജൂബിലി പരിപാടികള്‍ സമാപിക്കുകയെന്ന് കെ.എൽ.സി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker