Meditation

 5th Sunday of Lent_Year C_കല്ലെറിയുന്നതിനു മുമ്പ് (യോഹ 8:1-11)

ഇല്ല, കർത്താവേ, ഇനി ഞാൻ കല്ലെറിയില്ല ആരുടെമേലും...

തപസ്സുകാലം അഞ്ചാം ഞായർ

“ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്”. പക്ഷെ, ഗുരുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. സഹജരുടെ കുറ്റങ്ങളുമായി വരുന്നവരുടെ മുഖത്തുപോലും അവൻ നോക്കുന്നില്ല. മരണവെറിയുമായി വന്നവരുടെ കണ്ണുകളെ പോലും അവൻ ഒഴിവാക്കുന്നു.

“നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ”. നിയമത്തെ അവൻ നിരാകരിക്കുന്നില്ല. മറ്റുള്ളവരെ വിധിക്കാൻ വേണ്ടി നിയമ സംരക്ഷകരാകുന്നവർ, ആദ്യം നിയമം പാലിക്കണം എന്നുമാത്രമാണ് അവൻ ഉദ്ദേശിക്കുന്നത്.

“മുതിർന്നവർ തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു”. എല്ലാവരും അതിൽ ഉൾപ്പെട്ടു; സഹജരെ വിധിക്കാൻ ആർക്കാണ് അവകാശം? അവസാനം യേശുവും ആ സ്ത്രീയും മാത്രം. അവൻ കണ്ണുകളുയർത്തി അവളെ നോക്കി, ബഹുമാനമർഹിക്കുന്ന ഒരു വ്യക്തിയെ എന്നപോലെ. നിലത്തെ പൊടിയിൽ നിന്നും അവളുടെ കണ്ണുകളിലെ ഈറനിലേക്ക് അവന്റെ നോട്ടം എത്തുന്നു.

എന്താണ്, കർത്താവേ, അവളുടെ കണ്ണുകളിൽ നീ കണ്ടത്? മൃതിഭയം, നാണക്കേട്, മരണത്തിന്റെ കറുത്ത ശവപ്പെട്ടി, അതോ പ്രത്യാശയുടെ ഇമവെട്ടലൊ? എന്നിട്ട് അവൻ അവളോട് സംസാരിച്ചു. ഇതുവരെ ആരും അവളോട് ഒന്നും സംസാരിച്ചിട്ടില്ല, ഒന്നും ചോദിച്ചിട്ടുമില്ല. എല്ലാവരുടെയും നടുവിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു കാഴ്ചവസ്തു മാത്രമായിരുന്നു അവൾ.

അവൻ അവളെ സ്ത്രീയെ എന്ന് വിളിക്കുന്നു. അവളിൽ ഒരു പാപിനിയെ അവൻ കാണുന്നില്ല, ഒരു സ്ത്രീയെ മാത്രമാണ്. ദുർബലയാണവൾ, പക്ഷേ സത്യമുള്ളവളാണ്. സഹജരെ സ്നേഹിക്കാൻ കഴിവുള്ളവളാണ്. അവൾക്ക് വേണ്ടത് ഒരു അവസരം കൂടി മാത്രമാണ്. അവൾ ചെയ്ത പാപമല്ല അവൾ. അവൾ ഇനി ഭൂതകാലത്തിന്റേതുമല്ല, ഭാവിയുടെതാണ്.

“അവർ എവിടെ?” കല്ലെറിയാനും കൊന്നു കുഴിച്ചുമൂടാനും മാത്രം അറിയുന്നവർ എവിടെ? ചുറ്റിനും കുറവുകളെ മാത്രം കാണുകയും സ്വന്തം ഉള്ളിൽ അവ കാണാതിരിക്കുകയും ചെയ്യുന്നവർ എവിടെ? ഇല്ല, അവരെല്ലാവരും പോയി കഴിഞ്ഞു. അവർക്ക് ഇവിടെ സ്ഥാനമില്ല. കുറ്റാരോപണം നടത്തുന്നവർ മറഞ്ഞു പോകണം, അവന്റെ കണ്മുമ്പിൽ നിന്നും അവർ പോയതുപോലെ. സൗഹൃദ കൂട്ടായ്മയിൽ നിന്നും ദേവാലയ പരിസരത്തിൽ നിന്നും സാമൂഹിക ഇടപെടലുകളിൽ നിന്നും അവർ മറഞ്ഞു പോകണം. എങ്കിൽ മാത്രമേ കാരുണ്യം ഒരു മഴയായി നമ്മിൽ വർഷിക്കു.

“ഞാനും നിന്നെ വിധിക്കുന്നില്ല”. വ്യഭിചാരത്തെ യേശു ന്യായീകരിക്കുന്നില്ല, ആ തെറ്റിനെ നിസ്സാരവൽക്കരിക്കുന്നുമില്ല, മറിച്ച് ജീവിതം പുനരാരംഭിക്കാൻ ഒരു അവസരം നൽകുന്നു, അവളുടെ ഭാവിയിലേക്ക് അവൻ മറ്റൊരു വാതിൽ തുറന്നു കൊടുക്കുന്നു.

“പൊയ്ക്കൊള്ളുക. ഇനിമേൽ…” മുന്നിലേക്ക് പോകുക എന്നത് തന്നെയാണ് പ്രധാനം. “ഇനിമേൽ” എന്നത് ഹൃദയത്തോട് ചേർത്ത് നിർത്തേണ്ട ജാഗ്രതയാണ്. മുന്നിലുള്ളത് നീണ്ടു നിവർന്നു കിടക്കുന്ന വഴിയാണ്, ഓരോ കാലടിയിലും ജാഗ്രത വേണം. പ്രകൃതിയുടെ കനിവിൽ നിന്നിലുള്ള വിത്തുകൾ നൂറുമേനിയാകും. ഒരു പുതിയ മാനുഷികതയിലേക്ക് നിനക്ക് നടന്നു കയറാൻ സാധിക്കും.

പ്രാർത്ഥിക്കണം നമ്മൾ ഗുരുവിന്റെ മുമ്പിൽ മുട്ടുകുത്തി നിന്ന്. ഒരു കുഞ്ഞു മനസ്സിന്റെ നൈർമല്യത്തിനല്ല, സഹജർക്കെതിരെ കല്ലെറിയുന്നതിനു മുമ്പ് അവനെ കണ്ടുമുട്ടുന്നതിന് വേണ്ടി, കൈയിലെ കല്ലുകൾ നിലത്തിട്ട് നിശബ്ദമായി തിരിഞ്ഞു നടക്കുന്നതിനു വേണ്ടി, കയ്യുയർത്തുന്നതിനു മുമ്പ് അവന്റെ സ്വരം കേൾക്കുന്നതിനു വേണ്ടി.

ഇല്ല, കർത്താവേ, ഇനി ഞാൻ കല്ലെറിയില്ല ആരുടെമേലും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker