Meditation

വ്യത്യസ്തനായ ദൈവം (ലൂക്കാ 22:14-23:56)

പറുദീസയുടെ വാതിൽ ആരുടെ മുമ്പിലും ഇനി അടഞ്ഞു കിടക്കില്ല...

ഓശാന ഞായർ

യഥാർത്ഥ സ്നേഹത്തിൽ മുഖസ്തുതി ഇല്ല, പുകഴ്ത്തിപ്പാടലും ഉണ്ടാകില്ല. കൂടെ നടക്കാനുള്ള അഭിലാഷം മാത്രമേ കാണൂ. അതാണ് ശിഷ്യത്വം. എന്നിട്ടും ഇരുളിൻ മറവിൽ ആരൊക്കെയോ ഗുരുവിനെ ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും ചെയ്തു. അങ്ങനെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവൻ എല്ലാവർക്കും വേണ്ടി ദൈവ കരങ്ങളിലേക്ക് ചായുന്നു.

എല്ലാം എല്ലാവർക്കും മനസ്സിലാകണമെന്നില്ല. സ്വയം മനസ്സിലാക്കി തരുന്നതിനു വേണ്ടിയുമല്ല ക്രിസ്തു ലോകത്തിലേക്ക് വന്നത്. ഓരോ കുഞ്ഞു ഹൃദയത്തെയും തന്നോട് ചേർത്തുപിടിക്കുന്നതിനാണ്, കുരിശിനോട് ചേർത്തുനിർത്തുന്നതിനാണ്, തന്റെ രാജ്യത്തിലേക്ക് കൂടെ കൊണ്ടു പോകുന്നതിനു വേണ്ടിയാണ്.

“ഇവൻ മറ്റുള്ളവരെ രക്ഷിച്ചു. ദൈവത്തിന്റെ ക്രിസ്തുവാണെങ്കിൽ തന്നെ തന്നെ രക്ഷിക്കട്ടെ”. മൂന്നു പ്രാവശ്യമാണ് ഇതുപോലെയുള്ള വാക്കുകൾ കുരിശിൻ കീഴിൽ നിന്നും ഉയർന്നത്. വെല്ലുവിളികളാണത്. കുരിശിൽ കിടക്കുന്നവനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ലയത്. മരുഭൂമിയിൽവച്ച് പ്രലോഭകന്റെ ഇതേ ചോദ്യങ്ങളെ അതിജീവിച്ചവനാണവൻ. “നീ ക്രിസ്തുവാണെങ്കിൽ ഒരു അത്ഭുതം പ്രവർത്തിക്ക്…, മാലാഖമാരെ വിളിച്ചു വരുത്തൂ…, കുരിശിൽ നിന്നും ഇറങ്ങിവരൂ… എങ്കിൽ നിന്നിൽ ഞങ്ങൾ വിശ്വസിക്കാം.” പ്രലോഭകനും പുരോഹിതർക്കും പടയാളികൾക്കും ഒരേ സ്വരം! ഏതൊരു ദൈവവും ഏതൊരു രാജാവും ഏതൊരു മനുഷ്യനും അപ്പോൾ തന്നെ കുരിശിൽ നിന്നും ഇറങ്ങിയേനെ. പക്ഷേ അവൻ ഇറങ്ങിയില്ല. അവൻ കുരിശോട് ചേർന്നു കിടന്നു.

നമ്മുടെ ദൈവം വ്യത്യസ്തനാണ്. മനുഷ്യന്റെ നൊമ്പരങ്ങളിലേക്ക് ഇറങ്ങുന്നവനാണവൻ. സഹനത്തെ ആലിംഗനം ചെയ്ത് അവൻ മരണത്തിലേക്ക് ഇറങ്ങുന്നു. അവനറിയാം ആ വഴിയിലൂടെയാണ് തന്റെ മക്കളും പോകുന്നതെന്ന്. അപ്പോൾ ചോദിക്കാം, എന്തിന് ഇങ്ങനെയൊരു കുരിശാലിംഗനം? ഉത്തരം ഒന്നേയുള്ളൂ, നമ്മുടെ കൂടെയാകുന്നതിനും നമ്മെപ്പോലെയാകുന്നതിനും. കാരണം, കൂടെയായിരിക്കുന്നതിനേക്കാൾ വലിയ നന്മ സ്നേഹത്തിന്റെ പ്രവർത്തിതലത്തിൽ വേറെയില്ല.

യേശു കുരിശിനെ അവഗണിച്ചിരുന്നെങ്കിൽ ദൈവത്തിന്റെ യഥാർത്ഥ ചിത്രം നമുക്ക് ലഭിക്കുമായിരുന്നില്ല. മുറിവുകളാൽ വികൃതമായ അവന്റെ ശരീരത്തിൽ ദൈവത്തെക്കുറിച്ചുള്ള എല്ലാ സംശയവും മായ്ഞ്ഞു പോകുന്നുണ്ട്. വേദനകളുടെ മുന്നിലിരുന്ന് എവിടെ ദൈവമെന്ന് ഇനി ആരും ചോദിക്കില്ല. നൊമ്പരങ്ങളിൽ ദൃശ്യനാകുന്ന ഒരു ദൈവത്തെ നമ്മൾ കണ്ടുമുട്ടുന്നുണ്ടവിടെ. സ്നേഹനൊമ്പരത്തിന്റെ തിരകളടിക്കുന്ന ലാവണ്യ തീരമായി കാൽവരിയും മാറുന്നുണ്ടവിടെ.

കാൽവരിയിൽ അവന്റെ ഇരുവശത്തും കിടക്കുന്നത് കുറ്റവാളികളല്ല നമ്മുടെ ഭയത്തിന്റെ ആകെ തുകയാണ്. സങ്കടങ്ങളുടെ നിമിഷങ്ങളിൽ ഒന്നുകിൽ നമുക്ക് അവനെ കുറ്റപ്പെടുത്താം അല്ലെങ്കിൽ എന്നെയും ഓർക്കണമേ എന്ന് പ്രാർത്ഥിക്കാം. അപ്പോൾ നിഷ്കളങ്ക സ്നേഹം മറുപടി നൽകും; “നീ എന്നോട് കൂടെയായിരിക്കും”. അന്ത്യ നൊമ്പരങ്ങളുടെ ഉള്ളിലും അവൻ ചേർത്തു നിർത്താൻ ശ്രമിക്കുന്നത് തന്നെപ്പോലെ നൊമ്പരപ്പെടുന്നവരെ മാത്രമാണ്. ആശ്രയിക്കുന്നവന് അവൻ പ്രതീക്ഷയുടെ കിരണം കാണിച്ചു കൊടുക്കുന്നു.

കുരിശിൽ വച്ച് നീതികരിക്കപ്പെട്ട ആ കുറ്റവാളിയിൽ വിശുദ്ധീകരിക്കപ്പെട്ട മാനവികതയുടെ രഹസ്യം അടങ്ങിയിട്ടുണ്ട്. മരണാസന്നനായ കുറ്റവാളി പോലും സ്നേഹാർഹനാണെന്നും രക്ഷയുടെ വാതിൽ അവന്റെ തൊട്ടരികിലുമുണ്ടെന്ന രഹസ്യം. പറുദീസയുടെ വാതിൽ ആരുടെ മുമ്പിലും ഇനി അടഞ്ഞു കിടക്കില്ല. ആരുടെയും മരണത്തെ ശപിക്കപ്പെട്ട മരണമെന്ന് ഇനി നമ്മൾ വിളിക്കില്ല. ഒരു വേദനയും ഒരു മരണവും ഇനി ശാപവുമല്ല. കാരണം, സകലരുടെയും ശാപമേറ്റ നിഷ്കളങ്കൻ സകലരെയും ഹൃദയത്തോട് ചേർത്ത് നിർത്തി മരണത്തിന് പുതിയ മാനം നൽകി കഴിഞ്ഞിരിക്കുന്നു. മരണമേ, നിന്റെ ദംശനം എവിടെ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker