Kerala

രതീഷ് ഭജനമഠം എഴുതിയ “വിശുദ്ധ ദേവ സഹായം ഭാരതസഭയുടെ സഹന ദീപം” പ്രകാശനം ചെയ്തു

രതീഷ് ഭജനമഠം ആലപ്പുഴ രൂപതയിലെ തത്തംപള്ളി വേളാങ്കണ്ണി മാതാ ഇടവകാംഗമാണ്...

ജോസ് മാർട്ടിൻ

എറണാകുളം: രതീഷ് ഭജനമഠം എഴുതിയ “വിശുദ്ധ ദേവ സഹായം ഭാരത സഭയുടെ സഹന ദീപം” എന്ന പുസ്തകം കണ്ണൂർ രൂപതാധ്യക്ഷനും കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ഡോ.അലക്സ് വടക്കുംതല പ്രകാശനം ചെയ്തു. എറണാകുളം ജീവനാദം ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബിഷപ്പ് അലക്സ് വടക്കുംതല കെ.ആർ.എൽ.സി.ബി.സി. മതബോധന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്തിന് പുസ്തകത്തിന്റെ ആദ്യപ്രതി നൽകികൊണ്ടായിരുന്നു പ്രകാശന കർമ്മം നിർവഹിച്ചത്.

വിശുദ്ധ ദേവ സഹായം പിള്ളയുടെ ചരിത്ര പശ്ചാത്തലം, ജനനം വിദ്യാഭ്യാസം, കുടുംബ ജീവിതം, മാനസാന്തരം, ജ്ഞാനസ്നാനം, പ്രേഷിതദൗത്യം, ബ്രാഹ്മണരുടെ എതിർപ്പും വിചാരണയും, കാരാഗൃഹവാസവും കൊടിയ പീഡനങ്ങളും താലൂക്ക് അധികാരികളുടെ ക്രൂരതകളും തുടങ്ങി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവചരിത്രം അറുപത്തിനാല് പേജുകളിലാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിനു മുൻപ് മലയാളത്തിൽ ആദ്യമായി ജീവനാദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്നതാണ് “വിശുദ്ധ ദേവസഹായം ഭാരത സഭയുടെ സഹന ദീപം”.

വിശുദ്ധരെക്കുറിച്ചും, കൂദാശകളെക്കുറിച്ചും, ദിവ്യകാരുണ്യ അദ്‌ഭുതങ്ങളെക്കുറിച്ചും എണ്ണമറ്റ ലേഖനങ്ങൾ എഴുതിയിട്ടുള്ള കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ അംഗം കൂടിയായ ജീവിക്കുന്ന സഭാചരിത്ര വിജ്ഞാനകോശം എന്ന് അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാവുന്ന രതീഷ് ഭജനമഠത്തിന്റെ പേര് പതിയാത്ത ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങൾ ചുരുക്കമാണ്. തമിഴ്നാട്ടിൽന്നും കൊട്ടാരത്തിലെ സ്വർണ്ണപണികൾക്കും, കൊത്തുപണികൾക്കും മറ്റുമായി ധർമ്മരാജാവ് കേരളത്തിലേക്ക്‌ കൊണ്ടുവന്ന കമ്മാള വിഭാഗത്തിൽപ്പെട്ട ലത്തീൻ കത്തോലിക്കരായ രതീഷിന്റെ പൂർവീകർ വർഷങ്ങൾക്ക്‌ മുൻപ് സ്വർണ്ണപ്പണിയുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ അന്നത്തെ പ്രധാന വ്യാവസായിക നഗരമായ ആലപ്പുഴയിൽ എത്തിയത്.

വിശുദ്ധ ദേവസഹായത്തെ കുറിച്ച് തന്റെ പൂർവീകർ പകർന്നു തന്ന അറിവുകളും വിശുദ്ധ ദേവസഹായത്തോടുള്ള ആദരവും, പ്രാർത്ഥനയുമാണ് തന്നെ ഈ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

ലത്തീൻ കത്തോലിക്കർ ആയിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാൽ വർഷങ്ങളായി ആലപ്പുഴ രുപതയുടെ ഭാഗമാകാൻ കഴിയാഞ്ഞ ഈ സമൂഹത്തെ ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ കാലംചെയ്ത ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് തന്റെ അജഗണത്തോടൊപ്പം ചേർത്ത് പിടിച്ച് ആലപ്പുഴ രൂപതയിലെ വേളാങ്കണ്ണിപ്പള്ളി ഇടവകയിലെ അംഗങ്ങളാക്കുകയായിരുന്നു. ആലപ്പുഴ തത്തംപള്ളി ഭജനമഠം ഇരട്ടക്കണ്ടത്തിൽ ചിറയിൽ സി.എം. രാജു – ഉഷ ദമ്പതികളുടെ മകനായി 1981 ഒക്ടോബർ 29-ന് ജനിച്ച രതീഷ് ഭജനമഠം ആലപ്പുഴ രൂപതയിലെ തത്തംപള്ളി വേളാങ്കണ്ണി മാതാ ഇടവകാംഗമാണ്. ഭാര്യ ഫ്രീഡ മേരി, മകൻ യൂജിൻ ജൂഡ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker