Kerala

തീരദേശ സമരത്തിൽ പങ്കുചേർന്ന് നെയ്യാറ്റിൻകര രൂപതയും; ആഗസ്റ്റ് 13-ന് 11 ഇടത്ത് ഒരേസമയം സായാഹ്‌ന ധർണ്ണ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: തിരുവനന്തപുരം അതിരൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തീരദേശ സമരത്തിൽ പങ്കുചേർന്നും നെയ്യാറ്റിൻകര രൂപത. രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ വിശ്വാസ സമൂഹത്തിന് നൽകിയ സർക്കുലറിലൂടെയാണ് തിരുവനന്തപുരം അതിരൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരമുഖത്തേയ്ക്കിറങ്ങുവാൻ ആഹ്വാനം നൽകിയത്. തിരുവനന്തപുരം അതിരൂപത സമരപരമ്പരയിലൂടെ മുന്നോട്ട് പോകുന്നതിന്റെ കാരണങ്ങൾ സർക്കുലറിൽ ബിഷപ്പ് വിവരിക്കുന്നുണ്ട്.

നെയ്യാറ്റിൻകര രൂപത ആഗസ്റ്റ് 13 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് രൂപതയുടെ 11 സ്ഥലങ്ങളിലായി 11 ഫെറോനകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രൂപത ആഹ്വാനം ചെയ്യുന്ന സമരമായതിനാൽ പേപ്പൽ പതാകയാണ് ഉപയോഗിക്കേണ്ടതെന്നും സർക്കുലറിലൂടെ ബിഷപ്പ് നിർദേശിക്കുന്നുണ്ട്.

സായാഹ്‌ന ധർണ്ണ നടക്കുന്ന സ്ഥലങ്ങൾ: പാറശാല – പാറശാല പോസ്റ്റ് ഓഫീസ്, വ്ലാത്താങ്കര – ഉച്ചക്കട, നെയ്യാറ്റിൻകര – നെയ്യാറ്റിൻകര ബസ്റ്റാന്റ്, ഉണ്ടൻകോട് – വെള്ളറട ജംഗ്ഷൻ, പെരുങ്കടവിള – മാരായമുട്ടം ജംഗ്ഷൻ, കാട്ടാക്കട – ജംഗ്ഷൻ, കട്ടയ്ക്കോട് – മലയിൻകീഴ് ജംഗ്ഷൻ, ആര്യനാട് – ആര്യനാട് ജംഗ്ഷൻ, നെടുമങ്ങാട് – നെടുമങ്ങാട് ജംഗ്ഷൻ, ചുള്ളിമാനൂർ – ചുള്ളിമാനൂർ ജംഗ്ഷൻ.

ജൂലൈ 20-ന് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ തുടക്കം കുറിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരപരമ്പരയുടെ ആദ്യഘട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് വിൻസെന്റ് സാമുവലും രൂപതാ പ്രതിനിധികളും സന്ദർശനം നടത്തിയിരുന്നു. സമരപരമ്പരയുടെ ആദ്യഘട്ടത്തിന്റെ സമാപനത്തിൽ സമരത്തെ അഭിസംബോധന ചെയ്യവേ കോർപ്പറേറ്റുകളെ തള്ളിപ്പറഞ്ഞിരുന്ന ഇടതുപക്ഷ ഗവണ്മെന്റ് ജനദ്രോഹ നടപടികളിലൂടെ ഇന്ന് ജനാധിപത്യപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ബിഷപ്പ് വിമർശിച്ചിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker