Kerala

തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം, സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണം; കെ.സി.ബി.സി.

പ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി...

ജോസ് മാർട്ടിൻ

കൊച്ചി: തീരദേശവാസികൾ ഇന്ന് നേരിടുന്ന പ്രതിസന്ധികൾ അതീവഗുരുതരമാണെന്നും സത്യസന്ധവും ക്രിയാത്മകവുമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാവണമെന്നും, തുറമുഖവികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി.

തുറമുഖ വികസനത്തിന്റെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിന്റെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും, സ്വത്തിനും, സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണെന്നും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾമൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതിനാശം ന്യായീകരണമർഹിക്കുന്നതല്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. കൂടാതെ, കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും, റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നുവെന്നും അതിജീവനത്തിനായും, പരിസ്ഥിതിയുടെ, സംരക്ഷണത്തിനായും സംഘടിക്കുന്നവരെ വികസന വിരോധികളെന്ന് മുദ്രകുത്തി അപമാനിക്കാനുള്ള സംഘടിതശ്രമങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നുവെന്നും മെത്രാൻ സമിതി കുറ്റപ്പെടുത്തുന്നു.

കുറെ വർഷങ്ങളായി വിഴിഞ്ഞം തുറമുഖ നിർമ്മാണം സംബന്ധിച്ച് തദ്ദേശീയർ ഉയർത്തുന്ന ആശങ്കകൾ പരിഗണിക്കാനുള്ള വൈമുഖ്യം ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ അപമാനകരമാണെന്നും അനേകർ തങ്ങളുടെ ഭവനങ്ങൾ നഷ്ടപ്പെട്ട് വർഷങ്ങളായി അടിസ്ഥാനസൗകര്യം പോലുമില്ലാത്ത പുന:രധിവാസകേന്ദ്രങ്ങളിലാണെന്നും, വർഷം കഴിയുംതോറും കൂടുതൽ കുടുംബങ്ങൾ ജീവനും സ്വത്തിനും കടുത്ത ഭീഷണി നേരിടുന്നുവെന്നതും തികഞ്ഞ യാഥാർത്ഥ്യങ്ങളാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ദിവസങ്ങളോളമായി നടന്നുവരുന്ന സമരത്തിനൊടുവിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ശുഭകരമായ സമീപനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതും, മുഖ്യമന്ത്രിയുമായി ചർച്ച തീരുമാനിക്കപ്പെട്ടതും അഭിനന്ദനാർഹമാണ്. എങ്കിലും, വർഷങ്ങളായുള്ള പല വാഗ്ദാനങ്ങളും ഇതുവരെ നിറവേറ്റപ്പെടുകയോ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലാത്തതിനാൽ മുൻവാഗ്ദാനങ്ങൾ നടപ്പിലാകാത്തിടത്തോളം കാലം സമരം തുടരും എന്ന നിലപാടാണ് സമരസമിതി സ്വീകരിച്ചിരിക്കുന്നുവെന്നത് കൃത്യതയുള്ള നിലപാടാണെന്നും മെത്രാൻ സമിതി പറയുന്നു.

ഈ ഘട്ടത്തിൽ നിലനിൽപ്പിനു വേണ്ടി പോരാടുന്ന തീരദേശവാസികൾക്കും അവരുടെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി കേരള കത്തോലിക്കാ മെത്രാൻ സമിതി പത്രകുറിപ്പിൽ അറിയിക്കുന്നു.

ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് ജനാധിപത്യപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനത്തെ തൽക്കാലത്തേക്ക് നിശബ്ദരാക്കാം എന്ന ചിന്ത ഒരു ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം പ്രതിബന്ധതയോടെ നടപ്പിലാക്കാനും പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതെ പദ്ധതികൾ ആവിഷ്കരിക്കാനും ഭരണസംവിധാനങ്ങൾക്ക് കഴിയണം. ഭീഷണികൾ നേരിടുന്ന എല്ലാ തീരദേശമേഖലകളിലും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ സന്നദ്ധമാകണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതിക്കുവേണ്ടി കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, കെ.സി.ബി.സി വൈസ്പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, കെ.സി.ബി.സി. സെക്രട്ടറി ജനറാൾ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ചേർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker