Sunday Homilies

26th Sunday_നിസ്സംഗതയെന്ന നരകം (ലൂക്കാ 16:19-31)

ഭൂമി ഇതിനകം അത്ഭുതങ്ങളാലും പ്രവാചകരാലും നിറഞ്ഞതാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ

ധനവാന്റെ മേശയിൽ നിന്നും വീണിരുന്ന ഓരോ അപ്പകഷണങ്ങളും അവൻ്റെ നിശബ്ദമായ നിസ്സംഗതയോടൊപ്പം ദൈവം എണ്ണിയിട്ടുണ്ടാകണം. അവന്റെ ചെമന്ന പട്ടുവസ്ത്രങ്ങളെയും ലാസറിന്റെ വ്രണങ്ങളെയും യേശു സൂക്ഷ്മമായി ഉപമയിൽ ചേർത്തു വായിക്കുന്നുണ്ടെങ്കിൽ, ഓർക്കുക, ഓരോ വാക്കും, ഓരോ കരുതലും, ഓരോ ശ്രദ്ധയും സ്വർഗ്ഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മുന്നിലുള്ളത് കാണാൻ സാധിക്കാത്തവന് സ്വർഗ്ഗവും കാണാൻ പറ്റില്ല. കണ്ണു തുറക്കുക, വ്രണങ്ങളുള്ള ഒരുവൻ നിന്റെ പടിവാതിക്കൽ കിടക്കുന്നുണ്ട്. പേര് ലാസർ എന്നാണ്. അവൻ എന്ത് കഴിക്കുന്നു?എവിടെയാണ് ഉറങ്ങുന്നത്? അവന്റെ വ്രണങ്ങൾ നക്കാൻ വാതിൽക്കൽ നായ്ക്കളുണ്ടോ? എങ്കിൽ, നിത്യത അവിടെ നിന്നും തന്നെയാണ് തുടങ്ങുന്നത്.

ഉപമയിലെ അബ്രഹാം വിശ്വസ്തനും ശ്രദ്ധാലുവുമായ ദൈവത്തിന്റെ പ്രതീകമാണ്. ഭൂമിയിലെ എല്ലാ ദരിദ്രരെയും ഭരമേൽപ്പിക്കാൻ കഴിയുക ഈ ദൈവത്തിന്റെ കരങ്ങളിൽ മാത്രമാണ്; ഒപ്പം എല്ലാ ധനികരെയും.

ധനികൻ പേരില്ലാത്തവനാണ്, കാരണം ധനം അയാളുടെ വ്യക്തിത്വമായി മാറിക്കഴിഞ്ഞിരിക്കുന്നു. ധനം മാത്രമാണ് അവന്റെ മനസ്സാക്ഷിയെ ഭരിക്കുന്നത്, നിയമങ്ങളെ നിർദ്ദേശിക്കുന്നത്, ചിന്തകളെ പ്രചോദിപ്പിക്കുന്നത്.

നേരെമറിച്ച്, ദരിദ്രന് ഒരു പേരുണ്ട്. യേശുവിന്റെ സുഹൃത്തായ ലാസറിന്റെ പേരാണത്. ലൂക്കാ സുവിശേഷകൻ ഉപമകളിൽ ഒരിക്കലും കഥാപാത്രങ്ങൾക്ക് പേരുകൾ നൽകാറില്ല. പക്ഷെ, ഇവിടെ ദരിദ്രന് പേരുണ്ട്. ആ പേര് ബെഥനിയായിലെ സൗഹൃദഭവനത്തെ ഓർമ്മപ്പെടുത്തുന്നു. വ്രണങ്ങളുള്ള ആ ഭിക്ഷക്കാരന്റെ പേര് ലാസർ എന്നാണെങ്കിൽ, ഒരു കാര്യം ഉറപ്പാണ് എല്ലാ ദരിദ്രരുടെയും പേര് ലാസർ എന്നു തന്നെയാണ്. അത് ദൈവസുഹൃത്തിന്റെ പേരാണ്. അതുപോലെതന്നെ “സുഹൃത്ത്” എന്നത് പാവപ്പെട്ടവരുടെ ദൈവത്തിന്റെ പേരുമാണ്.

എന്താണ് ധനികൻ ചെയ്ത പാപം? ആഘോഷത്തിന്റെ ഒരു സംസ്കാരത്തിൽ ജീവിച്ചു എന്നതാണോ? ആഡംബരവുമായി പ്രണയത്തിലായി എന്നതാണോ? അമിതമായ ഭക്ഷണഭ്രമമുണ്ടായിരുന്നു എന്നതാണോ? ഇതൊന്നുമല്ല. വീടിനു മുമ്പിൽ ഉണ്ടായിരുന്ന ദരിദ്രനോട് ഒരു വാക്കോ ഒരു നോട്ടമോ ഒരു പുഞ്ചിരിയോ നൽകിയില്ല എന്നതാണ് അവന്റെ പാപം.

അലസമായ നിസ്സംഗതയാണ് അവന്റെ പാപം. നിസ്സംഗത മുന്നിലുള്ള എല്ലാവരെയും മായ്ച്ചു കളയും; ലാസറിന് ധനാവന്റെ മുന്നിൽ ഒരു അസ്ഥിത്വവുമില്ലാതിരുന്നതുപോലെ. സമ്പന്നൻ ദരിദ്രനെ ദ്രോഹിക്കുന്നില്ലായിരിക്കാം, അതുപോലെതന്നെ അവനുവേണ്ടി ഒന്നും ചെയ്യുന്നുമില്ല എന്നതാണ് വാസ്തവം. ദരിദ്രർക്കായി ഒന്നും ചെയ്യാതിരിക്കാനും അവരെ ഒന്നുമല്ലാതാക്കാനും അവരെ നായ്ക്കൾക്കിടയിൽ നിഴലായി മാറ്റാനും ആർക്കും അവകാശമില്ല. ഓർക്കുക, സഹജരെ സ്നേഹിക്കാത്തവൻ കൊലപാതകിയാണ് (cf.1യോഹ 3:15).

“ധനികനും മരിച്ച് അടക്കപ്പെട്ടു.” അവൻ എത്തിയത് നരകത്തിലാണ്. നരകം മരിക്കുന്നതിനുമുമ്പേ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അത് അവന്റെ നിസ്സംഗമായ ഏകാന്തതയുടെ വിപുലീകരണം മാത്രമാണ്. ആ നരകം അയാൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്നുണ്ടായിരുന്നു. ജീവിക്കുമ്പോൾ ഉണ്ടാക്കുന്ന ഗർത്തങ്ങൾ മാത്രമാണ് മരണ ശേഷവും നമ്മൾക്ക് തടസ്സമായി നിൽക്കുക. ഭൂമിയിലെ എണ്ണമറ്റ ലാസറുകളിൽ നിന്ന് നമ്മൾ ഗർത്തങ്ങൾ നിർമ്മിക്കുമ്പോൾ നിത്യത ആ ഗർത്തങ്ങളെ അംഗീകരിക്കുകയും അനന്തമാക്കുകയും ചെയ്യും. “സ്നേഹിക്കാത്തവൻ മരണത്തിൽത്തന്നെ നിലകൊള്ളുന്നു” (1യോഹ 3:14).

“പിതാവേ, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ… എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്ത് വരാതിരിക്കേണ്ടതിന് അവൻ അവർക്കു സാക്ഷ്യം നൽകട്ടെ” (v.27-28). അബ്രഹാം പറഞ്ഞു; അതിന്റെ ആവശ്യമില്ല. അതെ, മരണമല്ല, ജീവിതമാകണം ജീവിതത്തെക്കുറിച്ച് പഠിപ്പിക്കേണ്ടത്. ജീവിതമെന്ന മഹാരഹസ്യത്തിനു മുന്നിൽ ദൈവത്തെയും മനുഷ്യരെയും ദർശിക്കാത്തവന്, മരണമെന്ന ചെറുരഹസ്യത്തിനു മുന്നിൽ ഒന്നും കാണാൻ സാധിക്കുകയില്ല.

ധനവാൻ വിളിച്ചുപറയുന്നു: നാവു തണുപ്പിക്കാനായി ഒരു തുള്ളി വെള്ളമെങ്കിലും… അതുപോലെതന്നെയാണ് സഹോദരന്മാർക്കായി ഒരു ചെറിയ അത്ഭുതമെങ്കിലും എന്ന ആവശ്യവും. മരണലോകത്തിൽ നിന്നും ഒരു അത്ഭുതവും ഇനി ഭൂമിക്ക് ആവശ്യമില്ല. കാരണം, ഭൂമി ഇതിനകം അത്ഭുതങ്ങളാലും പ്രവാചകരാലും നിറഞ്ഞതാണ്. അബ്രഹാം പറയുന്നു; “അവർക്ക് മോശയും പ്രവാചകന്മാരുണ്ട്: അവരെ കേൾക്കട്ടെ.” ദരിദ്രരുടെ നൊമ്പരങ്ങളും കണ്ണീരുകളും കാണുക. അവയ്ക്ക് മുകളിൽ ഒരു അത്ഭുതവുമില്ല!

പൗലോസപ്പോസ്തലൻ പറയുന്നുണ്ട് അപ്രാപ്യമായ പ്രകാശത്തിൽ വസിക്കുന്നവനാണ് ദൈവമെന്ന് (1 തിമോ 6:16). ദൈവം ദരിദ്രരിൽ ജീവിക്കുന്നുവെന്ന് ലൂക്കാ സുവിശേഷകനും പറയുന്നു. അതെ, ദരിദ്രരുടെ മുറിവുകളിൽ ദൈവമുണ്ട്. ആ മുറിവുകളിൽ പ്രകാശമുണ്ട്. അത് നിത്യതയുടെ വെളിച്ചമാണ്. ദൈവം വസിക്കുന്നത് ആ വെളിച്ചത്തിലാണ്. മുറിവുകളിൽ നിന്നും വെളിച്ചത്തിലേക്കുള്ള പാതയാണ് സുവിശേഷം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker