Sunday Homilies

27th Sunday_കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

കടുകുമണിയോളമുള്ള വിശ്വാസം - ആത്മവിശ്വാസവും ആത്മധൈര്യവുമല്ലത്, ബലഹീനതയെ കുറിച്ചുള്ള അവബോധമാണത്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

“നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും” (v.6). എന്നിട്ട് എവിടെ കടലിൽ മരങ്ങൾ? കാകദൃഷ്ടികൾക്ക് വേണമെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാം. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാൻ സാധിക്കും; കടലിൽ മരങ്ങൾ നട്ടവർ ഒത്തിരി നമ്മുടെയിടയിലുണ്ട്. അസാധ്യമെന്ന് ലോകം കരുതിയത് ചെയ്തവരാണവർ. ഭൂതകാലത്തിന്റെയും ഭാവിയുടെയും അതിർവരമ്പുകളിൽ ക്ഷമയുടെ വിത്ത് വിതച്ചവരാണവർ. അവരാണ് ഉഗ്രമായ കടലുകളിലും സിക്കമിൻ വൃക്ഷങ്ങളുടെ തോട്ടം പണിതത്. ആർക്കും തോൽപ്പിക്കാൻ സാധിക്കാത്ത സ്നേഹം കൊണ്ട് അവർ വിദ്വേഷ കടലിനെ ഒരു തോട്ടമാക്കി. ചില അക്രമങ്ങളെ അവർക്ക് തടയാൻ സാധിച്ചില്ലെങ്കിലും തളർന്നില്ല അവർ ഒരിക്കലും. കവർച്ച ചെയ്യപ്പെട്ടിട്ടും തേജോവധത്തിന് വിധേയരായിട്ടും പിന്തിരിഞ്ഞില്ല അവർ. എന്തുകൊണ്ട് അവർ പിന്തിരിഞ്ഞില്ല? കാരണം അവരിലുണ്ട് കടുകുമണിയോളമുള്ള ആ വിശ്വാസം. ചെറുതാണ്, എങ്കിലും ജൈവീകമാണത്.

കടുകുമണിയോളമുള്ള വിശ്വാസം – ആത്മവിശ്വാസവും ആത്മധൈര്യവുമല്ലത്, ബലഹീനതയെ കുറിച്ചുള്ള അവബോധമാണത്. ചെറിയ കാര്യങ്ങളിൽ പോലും ദൈവത്തെ ആശ്രയിക്കാനുള്ള മനസ്സാണത്.

“നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍…” എനിക്ക് വിശ്വാസമുണ്ടോയെന്ന് ഞാനെങ്ങനെ അറിയും? യേശു അതിനുത്തരം നൽകുന്നുണ്ട്: ദാസനാകുക. അതാണ് വിശ്വാസത്തിന്റെ മാപിനി. നിസ്വാർത്ഥമായി ശുശ്രൂഷിക്കാനുള്ള മനസ്സുണ്ടോ, എങ്കിൽ നിന്നിൽ വിശ്വാസമുണ്ട്. “നിങ്ങൾ കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്‌തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്‌; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍” (v.10). പ്രയോജനമില്ലാത്തവർ എന്നതിന് ഉപയോഗശൂന്യർ എന്നർത്ഥമില്ല. എളിമയിലധിഷ്ഠിതമായ പ്രവർത്തിയാണ് വിശ്വാസം. കാരണം വിതക്കുന്നവനിലല്ല, വിത്തിലാണ് അതിന്റെ ജൈവികത അടങ്ങിയിരിക്കുന്നത്. പ്രഘോഷകനിലല്ല, വചനത്തിലാണ് അതിന്റെ ശക്തിയുള്ളത്. വിത്തിനെ ഒരു മരമാക്കുന്നതും വചനത്തിനെ ഇരുതല വാളാക്കുന്നതും വിശ്വാസത്തെ എളിമയാക്കുന്നതും നമ്മളല്ല, ദൈവമാണ്.

“പ്രയോജനമില്ലാത്തത്” (ἀχρεῖοί) എന്ന പദത്തിന് “ആഡംബരമില്ലാത്തത്, ആവശ്യങ്ങളില്ലാത്തത്, അവകാശവാദങ്ങളില്ലാത്തത്” എന്നീ അർത്ഥങ്ങളുമുണ്ട്. ദാസനായിരിക്കുന്നതാണ് എന്റെ അഭിമാനം എന്ന് തന്നെയാണ് അതിന്റെ അർത്ഥം. സേവനജീവിതം ഉപയോഗശൂന്യതയല്ല, അത് ആഡംബരരഹിതമാണ്. അതിന് കൈയടി, സമ്മതം, സംതൃപ്തി, വിജയം എന്നിവ ആവശ്യമില്ല. കാരണം, അരമുറുക്കി എന്നെ പരിചരിക്കുന്ന ഒരു ദൈവമാണ് എന്റേത്.

നമ്മൾ നമ്മളായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നമ്മുടെ കൊച്ചു കൊച്ചു സ്നേഹബന്ധങ്ങളിലൂടെ, ദുർബലമായ മനുഷ്യത്വത്തോടെ, ഒരു വിശ്വാസിയായിരിക്കുന്നതിന്റെ സന്തോഷത്തോടെയും ക്ഷീണത്തോടെയും കൃത്രിമ സദാചാരമില്ലാത്ത പച്ചമനുഷ്യരായിരിക്കുക. അപ്പോൾ പ്രതിഫലമില്ലാതെ നമ്മൾക്ക് പ്രകാശം പരത്താൻ സാധിക്കും. കാരണം, നമ്മുടെ കൂടെ ശുശ്രൂഷകനായി നമ്മുടെ ദൈവം ഉണ്ട്, മറ്റൊന്നും നമുക്കാവശ്യമില്ല.

നമ്മൾ ശുശ്രൂഷകരാണ്, കാരണം നമ്മുടെ ദൈവം ശുശ്രൂഷകനാണ്. സേവിക്കുന്നതിലൂടെയാണ് നമ്മൾ അവന്റെ രൂപവും സാദൃശ്യവുമാകുന്നത്. നമ്മൾ ദാസരാണ്, കാരണം നമ്മുടെ യേശു സഹനദാസനാണ്. നമ്മുടെ മുറിവുണക്കാൻ പീഡകൾ ഏറ്റെടുത്തവനാണവൻ. നമ്മൾ വേലക്കാരാണ്, കാരണം മരുഭൂമിയിലും കടലിലും ജീവന്റെ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് നമ്മുടെ ഏക വേല. നമ്മൾ ആജ്ഞാ നിർവഹകരാണ്, കാരണം മനുഷ്യത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രം സൃഷ്ടിക്കുക എന്നതാണ് നമ്മുടെ കർത്തവ്യം.

കുട്ടികളെപ്പോലെ പ്രതിഫലത്തിനോ ശിക്ഷയെ പേടിച്ചോ അല്ല നമ്മൾ സേവിക്കുന്നത്, സൃഷ്ടിയുടെ ചൈതന്യത്തെ നിലനിർത്തുന്നതിനാണ്. ഏതു ജോലിയും ചെയ്യാനുള്ള ആത്മധൈര്യവും കടുകുമണിയോളമുള്ള വിശ്വാസവും ഒരു പ്രവാചകമനസ്സും മാത്രം മതി, ദൈവത്തിന്റെ സ്വപ്നത്തെ എല്ലാറ്റിലും കാണാൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker