Meditation

Epiphany Sunday_അടയാളങ്ങളിലെ ദൈവം (മത്താ. 2:1-12)

ഗ്രന്ഥതാളുകളിൽ വസിക്കുന്നവനല്ല ദൈവം, മാംസം ധരിച്ച വചനമാണവൻ...

പ്രത്യക്ഷവത്കരണത്തിരുനാൾ

മനുഷ്യനെ തേടുന്ന ദൈവത്തെയാണ് ക്രിസ്തുമസ് രാവിൽ നമ്മൾ കണ്ടുമുട്ടിയതെങ്കിൽ പ്രത്യക്ഷവത്കരണത്തിരുനാളിൽ നമ്മൾ കാണുന്നത് ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യരെയാണ്. രണ്ടിടത്തും അന്വേഷണം അടയാളങ്ങളിലൂടെയാണ്. മറിയത്തിന് അടയാളമായി മാലാഖയുണ്ട്, ജോസഫിന് സ്വപ്നമുണ്ട്, ഇടയന്മാർക്ക് പുൽത്തൊട്ടിലിൽ കിടക്കുന്ന ഒരു ശിശുവുണ്ട്, ജ്ഞാനികൾക്ക് നക്ഷത്രമുണ്ട്, നമുക്ക് ജ്ഞാനികളുമുണ്ട്. ഹേറോദേസിന് പോലുമുണ്ട് അടയാളം: പൗരസ്ത്യ ദേശത്തുനിന്നും വന്ന ജ്ഞാനികളാണ് അത്. വെളിച്ചത്തിന്റെ തൊട്ടിലിൽ കിടക്കുന്ന ഒരു രാജാവിനെ അന്വേഷിച്ച് ഇറങ്ങിയവരാണ് അവർ.

അടയാളങ്ങൾ എപ്പോഴും ഉണ്ട്. ഇന്നുമുണ്ട്. അവ വ്യക്തികളാണ്. ജീവനുള്ള സുവിശേഷാവതാരങ്ങൾ. കണ്ണിലും വാക്കിലും പ്രകാശം വഹിക്കുന്നവർ. അവർ നമ്മെ ദൈവത്തിലേക്ക് ആനയിക്കും. മനുഷ്യരാണ് നക്ഷത്രങ്ങൾ. അതുകൊണ്ടാണ് വിശുദ്ധ അഗസ്റ്റിൻ പറയുന്നത്: “മനുഷ്യനിലൂടെ പോകൂ, നിങ്ങൾ ദൈവത്തെ കണ്ടെത്തും”. അതെ, ഗ്രന്ഥതാളുകളിൽ വസിക്കുന്നവനല്ല ദൈവം, മാംസം ധരിച്ച വചനമാണവൻ.

ഇന്നത്തെ സുവിശേഷം മൂന്നു വ്യക്തികളെയാണ് നമ്മൾക്ക് അടയാളങ്ങളായി തരുന്നത്: ജ്ഞാനികൾ, ഹേറോദേസ്, പുരോഹിതർ. അവർ എങ്ങോട്ടാണ് നമ്മെ നയിക്കുന്നത്? ഹേറോദേസിൽ നിന്നും തന്നെ തുടങ്ങാം. സുവിശേഷം പറയുന്നു, യഹൂദന്മാരുടെ രാജാവിന്റെ ജനന വാർത്ത കേട്ടപ്പോൾ അയാൾ അസ്വസ്ഥനായെന്ന്. എന്നിട്ടവൻ പ്രധാനപുരോഹിതന്മാരെയും നിയമജ്ഞരെയും വിളിച്ചു കൂട്ടുന്നു. സത്യം അറിയാനല്ല ഈ വിളിച്ചു കൂട്ടൽ. വഞ്ചന നടത്താനാണ്. അതുകൊണ്ടാണ് അയാൾ ദൈവേഷ്ടത്തിനും തന്നിഷ്ടത്തിനും ഇടയിൽ തന്നിഷ്ടം തിരഞ്ഞെടുക്കുന്നത്. ദൈവീക അടയാളങ്ങളുടെ മുൻപിലും അയാൾ കാണുന്നത് സ്വന്തം താൽപ്പര്യം മാത്രമാണ്. ഒരു കുഞ്ഞിന്റെ ജനനം പോലും തന്റെ നിലനിൽപ്പിന് ഭീഷണിയായി അയാൾ കരുതുന്നു. രാജ്യത്തിന്റെ നന്മയ്ക്ക് എന്നു പറഞ്ഞാണ് ആ ഭരണാധികാരി പിന്നീട് കൂട്ടക്കുരുതിക്ക് ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ തന്നെയാണ് ചരിത്രത്തിൽ ഇന്നോളമുള്ള എല്ലാം സ്വേച്ഛാധിപതികളും നിഷ്കളങ്കതയുടെമേൽ വാളുകൾ ഉയർത്തിയിട്ടുള്ളത്. അതിനെ രാജ്യനന്മയ്ക്ക് ആവശ്യമായ ധാർമ്മിക നടപടിയായി വ്യാഖ്യാനിക്കാൻ വിദൂഷകന്മാർ ചുറ്റുമുള്ള കാലത്തോളം ഹേറോദേസുമാർ ഇന്നും നമ്മെ ഭരിക്കും.

ഇനി പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും മനോഭാവം നമുക്ക് ശ്രദ്ധിക്കാം. വിശുദ്ധ ഗ്രന്ഥം വായിച്ച് ശരിയായ ഉത്തരം നൽകിയവരാണ് അവർ. രക്ഷകൻ എവിടെയാണ് ജനിക്കുന്നതെന്ന് അവർക്കറിയാം. മറ്റുള്ളവർക്ക് അതിനെക്കുറിച്ച് പറഞ്ഞു കൊടുക്കാനും അവർക്കറിയാം. പക്ഷേ അവർ അനങ്ങുന്നില്ല. ആ രക്ഷകനെ കാണാൻ അവർ ബേത്‌ലെഹെമിലേക്ക് പോകുന്നില്ല. മറിച്ച്, അവർ രാജകൊട്ടാരത്തിലെ ആർഭാടത്തിൽ മുഴുകുന്നു. “ഞങ്ങൾ വിശുദ്ധഗ്രന്ഥം വായിക്കാം, നിങ്ങൾ അത് ജീവിക്കൂ” എന്നാണ് അവർ പറയാതെ പറയുന്നത്. അവർ റോഡരികിലെ അടയാളങ്ങളെ പോലെയാണ്. ഒരനക്കവുമില്ലാതെ വഴി ചൂണ്ടിക്കാണിക്കുക മാത്രമേ അവർ ചെയ്യൂ. ഇങ്ങനെയുള്ളവർ നമ്മുടെ ഇടയിലുമുണ്ട്. അവർക്ക് വ്യക്തമായിട്ട് അറിയാം എന്താണ് ക്രിസ്താനുഗമനം എന്ന്. അതിനെക്കുറിച്ച് സുന്ദരമായി പ്രഘോഷിക്കാനും വ്യാഖ്യാനിക്കാനും അവർക്ക് സാധിക്കും. പക്ഷേ അത് സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കാനുള്ള ധൈര്യവും തീവ്രതയും അവർക്കുണ്ടാവില്ല. ഓർക്കണം, ക്രിസ്തുവിനെ കുറിച്ചുള്ള അറിവോ സംസാരമോ മാത്രമല്ല ക്രൈസ്തവീകത. യൂദയായിലെ ദരിദ്ര നഗരമായ ബേത്‌ലെഹെമിലേക്കും ഇറങ്ങിത്തിരിക്കുവാനുള്ള ആർജ്ജവവും നമുക്കുണ്ടാകണം. വിശുദ്ധഗ്രന്ഥ വായനയിലോ പ്രഘോഷണത്തിലോ വ്യാഖ്യാനത്തിലോ അല്ല യേശു വസിക്കുന്നത്, ദരിദ്രരുടെയും എളിയവരുടെയും കഷ്ടതയനുഭവിക്കുന്നവരുടെയും ഇടയിലാണ്.

ഇനി നമുക്ക് ജ്ഞാനികളെക്കുറിച്ച് ധ്യാനിക്കാം. അവർ ഒന്നും വാക്കുകൾ കൊണ്ട് പഠിപ്പിക്കുന്നില്ല, മറിച്ച് പ്രവർത്തിയിലൂടെയാണ്. അവർ പറയുന്നില്ല, പ്രവർത്തിക്കുന്നു. അവർ ഒരിടത്തും തങ്ങുന്നില്ല, യാത്രയിലാണ്. എല്ലാം ഉപേക്ഷിച്ചുള്ള ഒരു യാത്രയാണിത്. സ്വന്തം സുരക്ഷിതത്വം പോലും ഒരു വിഷയമാകുന്നില്ല അവർക്ക്. യാത്രയിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചോ വരാനിരിക്കുന്ന അനിശ്ചിതത്വങ്ങളെക്കുറിച്ചോ അവർ ഒരു കണക്കുകൂട്ടലും നടത്തുന്നില്ല. അവരുടെ നോട്ടം മുകളിലേക്ക് മാത്രമാണ്. സ്വർഗ്ഗമാണ് അവരെ നയിക്കുന്നത് എന്ന അവബോധമാണ് അവരുടെ ശക്തി. നക്ഷത്രത്തിൽ നിന്നും ഒരു നിമിഷം കണ്ണു തെറ്റിയപ്പോഴാണ് ഹേറോദേസിന്റെ മുൻപിൽ അവർ എത്തിപ്പെടുന്നത്. എങ്കിലും അവർ വിശുദ്ധ ഗ്രന്ഥത്തിൽ ആശ്രയിച്ച് യേശുവിലേക്കു തന്നെ നടന്നടുക്കുന്നുണ്ട്. ഇവരാണ് നമ്മുടെയും അടയാളം. സ്വർഗ്ഗത്തിലേക്ക് ദൃഷ്ടികളയച്ച് യാത്ര ചെയ്യുന്നവരാകണം നമ്മൾ. ചിലപ്പോൾ വഴിതെറ്റി ഹേറോദേസിന്റെ മുമ്പിലൊക്കെ എത്തിപ്പെടാൻ സാധ്യതയുണ്ട്. കൊട്ടാരത്തിന്റെ മായികതയിൽ വീണുപോകരുത്. വിശുദ്ധ ഗ്രന്ഥത്തിൽ ആശ്രയിച്ച് യാത്ര തുടരണം നമ്മളും. എത്തിപ്പെടും അവസാനം യേശുവിന്റെ ഭവനത്തിൽ.

സുവിശേഷം പറയുന്നു: “ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന്‌ സ്വപ്‌നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച്‌ അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി” (2:12). ഒരിക്കൽ നീ ക്രിസ്തുവിനെ കണ്ടുമുട്ടിയാൽ, വന്ന വഴിയിലൂടെ മടങ്ങി പോകാൻ നിനക്ക് സാധിക്കുകയില്ല. നിന്റെ ജീവിതത്തിൽ പരിവർത്തനമുണ്ടാകും, നിന്റെ വഴിയിലും മാറ്റമുണ്ടാകും. ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ ഒരു വഴിത്തിരിവാണ്. അത് നിന്റെ ശീലങ്ങളിൽ മാറ്റം വരുത്തും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker