Articles

ദേവാല മണികൾ മുഴങ്ങുമ്പോൾ

ദിവ്യബലിയിൽ മണിയടിക്കുന്ന പതിവ്‌ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലത്തീന്‍ റീത്തിലാണ് തുടങ്ങിയത്...

ജോസ് മാർട്ടിൻ

ദേവാല മണികൾ മുഴങ്ങുമ്പോൾ എവിടെ ആയിരുന്നാലും പെട്ടെന്ന് നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് കുഞ്ഞുനാൾ മുതൽ നമ്മൾ കേട്ട് വളർന്ന ഇടവക ദേവാലയത്തിൽ നിന്നുയരുന്ന മണി നാദമാണ്.

പള്ളി മണികള്‍ക്ക്‌ പള്ളികളോളം തന്നെ പാരമ്പര്യമുണ്ട്‌. സമയമറിയാനുള്ള ക്ലോക്കുകളോ മറ്റ്‌ ഉപാധികളോ നിലവിലില്ലായിരുന്ന കാലത്ത് ദിവബലിയുടെയോ, പ്രാര്‍ത്ഥനകളുടേയോ നേരമായി എന്ന് വിശ്വാസികളെ അറിയിക്കാന്‍ വേണ്ടിയായിരുന്നു മണികൾ മുഴക്കിയിരുന്നത്.

ദേവാലങ്ങളിൽ വ്യത്യസ്ത രീതികളിൽ മണികൾ മുഴക്കുന്നത് നാം പലപ്പോഴും കേൾക്കാറുണ്ടെങ്കിലും അതിൽ ചിലതൊക്കെ നമ്മൾ തിരിച്ചറിയും ഉദാഹരണത്തിന് ദേവാലയങ്ങളുടെ സുരക്ഷ സംബന്ധമായ വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഇടവിടാതെ മുഴക്കുന്ന കൂട്ടമണി, സന്ധ്യാ പ്രാർത്ഥനക്കും, രാത്രി പ്രാർത്ഥനക്കുമുള്ള സമയം അറിയിച്ചു കൊണ്ടുള്ള മണി, പിന്നെ ഞായറാഴ്ചകളിലും മറ്റ് കടമുള്ള ദിവസങ്ങളിലും കുർബാനയ്ക്ക് മുമ്പ് മുഴക്കുന്ന മൂന്ന് മണികൾ – ഒന്നാം മണി, രണ്ടാം മണി, മൂന്നാം മണി.

ദൈവജനം മുതൽ പരിശുദ്ധ പിതാക്കൻമാരുടെ വിയോഗം വരെ അറിയിച്ചുകൊണ്ട് ദേവാലയങ്ങളിൽ മുഴക്കുന്ന മണികളുടെ എണ്ണം എങ്ങനെയാണ്:

1) ആഗോള കത്തോലിക്കാ സഭയുടെ തലവൻമാരുടെ വിയോഗത്തിൽ 4 ഉം 5 ഉം വീതം മണി അരമണിക്കൂർ ഇടവിട്ട് 3 തവണ ആവർത്തിക്കും.

2) ബിഷപ്പിന്റെ വിയോഗത്തിൽ 3 ഉം 4 ഉം വീതം മണി അരമണിക്കൂർ ഇടവിട്ട് 3 തവണ ആവർത്തിക്കും.

3) വൈദീകന്റെ വിയോഗത്തിൽ 2 ഉം 3 ഉം വീതം മണി മുഴക്കും ഇത് നിശ്ചിത ഇടവേളകളിൽ ആവർത്തിക്കും.

4) ദൈവജനത്തിന്റ വിയോഗത്തിൽ 1ഉം 2 ഉം വീതം മണി മുഴക്കും ഇത് നിശ്ചിത ഇടവേളകളിൽ ആവർത്തിക്കും.

5) ഏഴ് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിയോഗത്തിൽ ഒറ്റ മണി വീതം നിശ്ചിത ഇടവേളകളിൽ ആവർത്തിക്കും.

മരണത്തെ സൂചിപ്പിക്കുന്ന മണി‌ ‘മരണമണി’ (Death Knell) എന്നാണറിയപ്പെടുന്നത്. ‌ഇംഗ്ലണ്ടിലെ ‘കെന്‍റ്’, ‘സറെ’ എന്നീ പട്ടണങ്ങളിലെ ദേവാലയങ്ങളില്‍ മൂന്നുതവണ മൂന്നു മണിവീതം അടിച്ചാല്‍ അത്‌ പുരുഷന്മാര്‍ മരിച്ചുവെന്നും, മൂന്നുതവണ രണ്ടു മണി വീതം അടിച്ചാല്‍ അത്‌ സ്‌ത്രീകള്‍ മരിച്ചുവെന്നുമുള്ള അറിയിപ്പായി കണക്കാക്കുന്ന ഒരു പഴയ രീതിയുണ്ട്. അതുപോലെ തന്നെ മരണശയ്യയില്‍ കിടക്കുന്ന രോഗിയുടെ നല്ല മരണത്തിനും, നിത്യശാന്തിയ്‌ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇടവകാംഗങ്ങളെ ബോധവത്‌കരിക്കത്തക്ക ഔപചാരിക മണികളും അവിടെ നിലവിലുണ്ട്‌.

പാശ്ചാത്യമെന്നോ, പൗരസ്‌ത്യമെന്നോ വ്യത്യാസമില്ലാതെ പ്രഭാത പ്രാര്‍ത്ഥനകള്‍ക്കും, മദ്ധ്യാഹ്‌ന പ്രാര്‍ത്ഥനകള്‍ക്കും സന്ധ്യാപ്രാര്‍ത്ഥനകള്‍ക്കും ക്രിസ്‌ത്യന്‍ ദേവാലയങ്ങളില്‍ മണി മുഴങ്ങാറുള്ളതിനെ ‘ഏഞ്ചല്‍സ്‌ ബെല്‍’ (Angelus Bell) എന്നാണ്‌ അറിയപ്പെടുന്നത്‌.

ദേവാല മണികളുടെ ചരിത്രം:

അഞ്ചാം നൂറ്റാണ്ടു മുതല്‍ ദേവാലയ മണികൾ നിലനിന്നിരുന്നതായി ചരിത്രരേഖകളുണ്ട്‌. ലോകത്തില്‍ ഏറ്റവും പുരാതനമായ ദേവാലയ മണിശൃംഖല ഇംഗ്ലണ്ടിലെ ‘ഇപ്‌സ്‌ വിച്ചിലുള്ള’ സെന്റ് ലോറന്‍സ്‌ ദേവാലയത്തിലാണുള്ളത്.

പ്രഭാത മണിയുടെ ചരിത്രം തുടങ്ങുന്നത്‌ 1318-ല്‍ ഇറ്റലിയിലെ ‘പാര്‍മ’ പട്ടണത്തിൽ നിന്നാണ്. ഈ മണി കേട്ടാലുടന്‍ മൂന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവും, മൂന്ന്‌ നന്മനിറഞ്ഞ മറിയവും ചൊല്ലി സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പാരമ്പര്യം അന്നുണ്ടായിരുന്നു. അക്കാരണത്താല്‍ “സമാധാനത്തിന്റെ മണി”യെന്നും ഇത്‌ അറിയപ്പെട്ടിരുന്നു.

മദ്ധ്യാഹ്നത്തിലുള്ള മണിയുടെ തുടക്കം കര്‍ത്താവിന്റെ കഷ്‌ടാനുഭവങ്ങളെക്കുറിച്ച്‌ ധ്യാനിക്കാന്‍വേണ്ടി വെള്ളിയാഴ്‌ചകളിലാണ്‌ ആരംഭിച്ചത്. പിന്നീട്‌ 1456-ല്‍ ‘കലിക്‌സ്റ്റസ്‌’ മൂന്നാമന്‍ പാപ്പയുടെ ആഹ്വാന പ്രകാരം രാവിലെയും ഉച്ചയ്‌ക്കും സന്ധ്യാസമയത്തും ഈ പ്രാര്‍ത്ഥന തുടര്‍ന്ന്‌ ചൊല്ലാന്‍ തീരുമാനമുണ്ടായി.

ദിവ്യബലിയിൽ മണിയടിക്കുന്ന പതിവ്‌ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലത്തീന്‍ റീത്തിലാണ് തുടങ്ങിയത്. ഈ പാരമ്പര്യം പോർത്തുഗീസ് മിഷ്നറിമാരിലൂടെ കേരളത്തിലെ റോമൻ കത്തോലിക്കാ ദേവാലങ്ങളിലും, ഉദയംപേരൂർ സൂനഹദോസിനുശേഷം പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കൽദായ പാരമ്പര്യം അവകാശപ്പെടുന്ന മാർത്തോമാ ക്രിസ്ത്യൻ ദേവാലയങ്ങങ്ങളിലും ഉപയോഗിക്കാന്‍ തുടങ്ങി. പള്ളിമണി പള്ളിയുടെ പുറത്തു സ്ഥാപിച്ച് നിര്‍ബന്ധമായും മണിയടിക്കണമെന്ന നിർദേശങ്ങൾ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽ കാണുന്നു.

ഇന്ന് പല ദേവാലയങ്ങളും ഇലക്‌ട്രോണിക്‌ സംവിധാനവുമായി ബന്ധപ്പെടുത്തി സമയാ സമയങ്ങളില്‍ മണി അടിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളിലേക്ക് വഴിമാറുന്നുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker