Articles

ചവിട്ടു നാടകങ്ങൾ യുവജനോത്സവ വേദികളിൽ തട്ട് പൊളിക്കുമ്പോൾ

പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ...

ജോസ് മാർട്ടിൻ

കേരളത്തിലെ ലത്തീൻ കത്തോലിക്കരുട ഇടയിൽ ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ച് ചാവക്കാട് മുതൽ തെക്ക് കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. മദ്ധ്യ കാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യ കലാരൂപമെങ്കിലും ഭാഷ ചെന്തമിഴ് ആയിരുന്നു.

പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ. ഉദയംപേരൂർ സൂനഹദോസിനു ശേഷം ചില മാർത്തോമാ ക്രിസ്ത്യാനികൾ റോമൻ കത്തോലിക്കരായതോടെ ചവിട്ടു നാടകങ്ങൾ തീരദേശങ്ങളിൽ നിന്നും ഉൾനാടുകളിലേക്കു പ്രചരിച്ചിരുന്നു.

പഴമയുടെ ഓർമ്മകളിൽ മാത്രം അവശേഷിച്ച ഈ കലാരൂപത്തിന് ജീവശ്വാസം നൽകി, പുനർജീവിപ്പിച്ച് , യുവജനോത്സവങ്ങളിൽ മത്സര ഇനമാക്കിയതിന്റെ പിന്നിൽ വൈജ്ഞാനീയ സാഹിത്യത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് നൽകി ആദരിച്ച, കേന്ദ്ര ഗവണ്മെന്റ് സീനിയർ ഫെലോഷിപ്പ് ലഭിച്ച ആദ്യ പുരോഹിതനും കൃപാസനം പൗരാണിക കലാകേന്ദ്രം ഡയറക്ടറുമായ റവ.ഡോ.വി.പി.ജോസഫിന്റെ ഇരുപതു വർഷങ്ങൾ നീണ്ടുനിന്ന നിരന്തര പോരാട്ടങ്ങളുണ്ട്.

പാർശ്വവൽക്കരിക്കപ്പെട്ട തീരദേശ സമൂഹത്തിന്റെ സാംസ്‌കാരിക കലാ പൈതൃകങ്ങൾ പുതിയ തലമുറക്ക് പകർന്ന് കൊടുക്കുന്നതിനും നവീകരിക്കുന്നതിനും ഉന്നമിപ്പിക്കുന്നതിനുമായുള്ള ചരിത്രപരമായ നീക്കത്തിന്റെ ഭാഗമായി തന്നെ ഇതിനെ കാണാം ജീവിച്ചിരിക്കുന്ന ആശാന്മാരെ (അണ്ണാവി എന്ന് ആദ്യകാലത്ത് വിളിച്ചിരുന്നു) കണ്ടെത്തി കൃപാസനം പൗരാണിക കലാ കേന്ദ്രത്തിന്റെ കീഴിൽ അവരിൽനിന്ന് താല്പര്യമുള്ള പുതിയ തലമുറയെ പരിശീലിപ്പിച്ച് വരുന്നു.

സാധാരണ നാടകവേദികൾക്കുള്ള അളവിൽ നിന്നു വ്യത്യസ്തമായാണ് ആദ്യകാലങ്ങളിൽ ചവിട്ടുനാടകങ്ങൾക്കുള്ള വേദി ഒരുക്കിയിരുന്നത്. വീതികുറഞ്ഞതും,നീളത്തിലുമുള്ളതുമായ തട്ടാണ് ഇതിന് അക്കാലത്ത് ഒരുക്കിയിരുന്നത്. (ചവിട്ടുമ്പോൾ ശബ്ദം ഉയർന്നുകേൾക്കാനായിരുന്നു ഇത്) മുപ്പതുപേരെവരെ ഉൾക്കൊള്ളാനുള്ള സ്ഥലം ആദ്യകാലവേദികൾക്കുണ്ടായിരുന്നു.6 അടി വീതം ഉയരത്തിലുള്ള മേടകൾ അഭിമുഖമായി ചില നാടകങ്ങളിൽ കാണാം. ഗോവണികളും ഘടിപ്പിച്ചിട്ടുണ്ടാകും. മേടകൾക്കു പിന്നിലായി 4 അടി വീതിയിൽ ഒരു കിളിവാതിലുമുണ്ടായിരിയ്ക്കും.ആശാനും മേളക്കാരും വിളക്കിനരികിൽ വേദിയിൽ തന്നെയാണ് നിലയുറപ്പിയ്ക്കുന്നത്. നടന്മാർ വശങ്ങളിലുള്ള തിരശ്ശീല നീക്കിയാണ് രംഗത്തു വരിക. വേദിയ്ക്കു മുന്നിലായി നിരയായി ഉയർത്തിയ വിളക്കുകൾ വേദി പ്രകാശമാനമാക്കും.

ചവിട്ടുനാടകങ്ങളിൽ പ്രധാനമായും ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ ഘനവാദ്യങ്ങളാണ് ഉപയോഗിക്കുക. തബല, പുല്ലാങ്കുഴൽ, ബുൾബുൾ, വയലിൻ തുടങ്ങിയ വദ്യോപകരണങ്ങളും ഉപയോഗിക്കാറുണ്ട്.

ബൃശീനാ ചരിത്രം, അല്ലേശു നാടകം, കത്രീനാ നാടകം, ഇസ്ഹാക്കു വിജയം, ഔസേപ്പു നാടകം, ജനോവാ നാടകം, യാക്കോബ് നാടകം, മാർട്ടിൻ കഥ, സന്നിക്ലോസ് ചരിതം, ലൂസീന ചരിത്രം, എന്നീ ബൈബിൾ കഥകളെ ആസ്പദമാക്കിയുള്ള ചവിട്ട് നാടകങ്ങളും ധർമ്മിഷ്ഠൻ, സത്യപാലൻ, പ്ലമേന ചരിത്രം, ജ്ഞാനസുന്ദരി, കോമളചന്ദ്രിക, ജാനകി എന്നീ സാമൂഹ്യ നാടകങ്ങളും ചവിട്ടുനാടക രൂപത്തിൽ അവതരിപ്പിച്ചിരുന്നു.

ആദ്യകാലങ്ങളിൽ ആശാന്മാരെ അണ്ണാവി എന്ന് വിളിച്ചിരുന്നു (അണ്ണാവി എന്ന പഴയമലയാളവാക്കിന്റെ അർത്ഥം അദ്ധ്യാപകൻ എന്നാണ്). നാടകാവതരണത്തിന്റെ പൂർണ്ണചുമതല ആശാനായിരിക്കും താളബോധവും സംഗീതജ്ഞാനവും ആശാന് കൂടിയേ തീരൂ. അതിന് പുറമേ പയറ്റുവിദ്യകളും ആശാൻ അറിഞ്ഞിരിക്കണം കൂടാതെ അഭിനയത്തിലും സാഹിത്യത്തിലും നല്ല ധാരണയും ആശാനുണ്ടായിയ്ക്കണം. തമിഴിൽ അറിവുണ്ടെങ്കിൽ മാത്രമേ നാടക സാഹിത്യം ശിഷ്യർക്കും കഥാപാത്രങ്ങൾക്കും പകർന്നുകൊടുക്കാൻ കഴിയൂ. ആദ്യകാലങ്ങളിൽ കളരിയിലായിരുന്നു പ്രാഥമികമായ നൃത്തച്ചുവടുകളും മെയ് വഴക്കവും പരിശീലിപ്പിച്ചിരുന്നത്. ഇതിനു ശേഷമാണ് നാടകാഭ്യസനം അഥവാ ചൊല്ലിയാട്ടം തുടങ്ങുന്നത്. ഈ കാലത്തെ ആശാന്റെ ചെലവുകൾ ശിഷ്യർ വഹിക്കണം.നാടകാഭ്യസനത്തിനു പ്രത്യേകം പ്രതിഫലം ആശാൻ വാങ്ങുകയില്ല.

ജനുവരി 3 മുതൽ ജനുവരി ഏഴ് വരെ കോഴിക്കോട് വെച്ച് നടന്ന കേരളത്തിന്റെ അറുപത്തി ഒന്നാമത് സ്കൂൾ കലോത്സവം 2023 – ൽ ചവിട്ടു നാടക മത്സരത്തിൽ ആലപ്പുഴ, വയനാട്, മലപ്പുറം, കാസറഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള സ്കൂളുകളിലെ കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker