Meditation

3rd Sunday_Year A_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4:12-23)

ദൈവവചനത്തെ അതിന്റെ തനിമയോടെ പ്രഘോഷിച്ചാൽ ശ്രോതാക്കളുടെ ഹൃദയത്തിൽ അത് ഒരു തരംഗം ഉണ്ടാക്കും...

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ

യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ ഒരു കാറ്റ് യൂദയായുടെ നഗരപ്രദേശങ്ങളിൽ ചുറ്റിയടിക്കുന്നുണ്ട്. യോഹന്നാന്റെ അവസ്ഥയെക്കുറിച്ച് യേശുവും കേട്ടു കഴിഞ്ഞിരിക്കുന്നു. അവനിതാ, 40 ദിവസത്തെ ഉപവാസത്തിനു ശേഷം പുതിയൊരു ദൗത്യവുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുവാൻ ഒരുങ്ങുകയാണ്. പക്ഷേ കേൾക്കുന്ന വാർത്ത ഭയപ്പെടുത്തുന്നത് തന്നെയാണ്. ഈ ഭയത്തിന്റെ അന്തരീക്ഷത്തിൽ വിവേകത്തോടെ പെരുമാറുന്ന യേശുവിന്റെ ചിത്രമാണ് സുവിശേഷം വരച്ചു കാട്ടുന്നത്. അവൻ ഗലീലിയിലേക്ക് പിൻവാങ്ങുന്നു. അസ്വീകാര്യമാകുന്ന ഇടങ്ങളിൽ ഇടിച്ചുകയറി വചനം പ്രഘോഷിക്കുക എന്നത് യേശുവിന്റെ ശൈലിയല്ല. അതുകൊണ്ട് അവൻ വിവേകത്തോടെ സ്വീകാര്യമാകുന്ന ഇടങ്ങളിലേക്ക് പിൻവാങ്ങുന്നു. അതിലുപരി മറ്റൊരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം. യോഹന്നാനെ ബന്ധനസ്ഥനാക്കിയതിലൂടെ രാജാവിന് ഒരുവന്റെ വായ മൂടി കെട്ടുവാൻ സാധിച്ചു. പക്ഷേ അതേ നിമിഷം തന്നെ യേശു തന്റെ സുവിശേഷപ്രഘോഷണം ആരംഭിക്കുന്നു. വചനം പ്രഘോഷിക്കുന്നവനെ ബന്ധനസ്ഥനാക്കാം. പക്ഷേ വചനത്തെ തടങ്കിലാക്കാൻ സാധിക്കില്ല. അത് മറ്റു വ്യക്തികളിലൂടെ പ്രവർത്തിക്കും. ഒരു നാവ് ശക്തി ഉപയോഗിച്ച് പൂട്ടുമ്പോൾ, മറ്റ് അധരങ്ങളിൽ വചനം നിറയും. അവർ പ്രഘോഷകരായി നടുമുറ്റങ്ങളിലേക്കിറങ്ങും. ഇത് ദൈവത്തിന്റെ യുക്തിവിചാരമാണ്. അതാണ് നിശബ്ദനാക്കപ്പെട്ട യോഹന്നാന്റെ ചിത്രത്തിലൂടെയും വചനം പ്രഘോഷിക്കുകയും അനുയായികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന യേശുവിനെ വർണ്ണിച്ചുകൊണ്ടും സുവിശേഷകൻ ചുരുക്കം ചില വരികളിലൂടെ വ്യക്തമാക്കുന്നത്.

യോഹന്നാൻ എവിടെയാണ് നിർത്തിയത്, അവിടെ നിന്നും തന്നെയാണ് യേശു തുടങ്ങുന്നത്. യോഹന്നാൻ എന്താണ് പ്രഘോഷിച്ചത്, അതേ വിഷയം തന്നെയാണ് യേശുവും പ്രഘോഷിക്കുന്നത്: “മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” (v.17).
“മാനസാന്തരപ്പെടുവിൻ”. ഒരു ആഹ്വാനമാണ്, കൽപ്പനയല്ല മനസ്സിന്റെ മാറ്റത്തെക്കുറിച്ചാണ് പറയുന്നത്. മനോഭാവത്തിന്റെ നൈർമല്യമാണ് ആഹ്വാനത്തിലടങ്ങിയിരിക്കുന്നത്. നമ്മൾ അതിനെ തപിക്കലായി വ്യാഖ്യാനിച്ച് അനുതാപം എന്ന് വിളിച്ചു. പക്ഷേ സ്വന്തം ജീവിതത്തോടും ജീവിതശൈലിയോടും വിപ്ലവം നടത്താനുള്ള ഒരു ക്ഷണമാണിതെന്ന് പലപ്രാവശ്യവും നമ്മൾ മറന്നു പോയി. നിന്റെ ചിന്തയ്ക്കും മനസ്സിനും മുകളിലായി ദൈവീകമായ ഒരു യുക്തിയുണ്ട്, ആ യുക്തി സ്വീകരിക്കാനുള്ള തുറവിയുണ്ടാകുക. നീ സഞ്ചരിക്കുന്ന വഴി എങ്ങോട്ടേക്കുള്ളതാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടാകുക. മാനസാന്തരപ്പെടുക എന്ന ആഹ്വാനം യേശു നൽകുന്ന ഒരു അവസരമാണ്. അതിലൊരു ക്ഷണം അടങ്ങിയിട്ടുണ്ട്. ഇതാണ് ആ ക്ഷണം; “എന്റെ കൂടെ വരുക, ഇവിടെ ആകാശം ഇരുൾ നിറഞ്ഞതല്ല, ഇവിടെ എന്നും പ്രകാശപൂരിതമാണ്, ഇവിടെ ജീവിതം സത്യസന്ധമാണ്”.

എന്തിനു മാനസാന്തരപ്പെടണം? ഉത്തരം യേശു നൽകുന്നുണ്ട്. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. എന്താണ് ഈ സ്വർഗ്ഗരാജ്യം അഥവാ ദൈവരാജ്യം? ജീവിതത്തിന്റെ എല്ലാ തലങ്ങളും അതിന്റെ അവസ്ഥാന്തരങ്ങളും പൂവണിയുന്ന നന്മയാണ് ദൈവരാജ്യം. സ്ഥലകാല സങ്കല്പങ്ങളുടെ ചതുരാതിർത്തിയിൽ ഒതുങ്ങാത്ത ഊർവരതയുടെ ആഘോഷമാണത്. ആ രാജ്യം ദൈവത്തിന്റേതാണ്, പക്ഷേ മനുഷ്യർക്കുള്ളതാണ്. ലോകത്തിന്റെ നവനിർമ്മിതിക്കുള്ളതാണ്. മാനുഷിക ബന്ധങ്ങൾക്കുള്ളതാണ്. ദൈവസ്വപ്നത്തിലുള്ള ഒരു ധരണിക്കുള്ളതാണ്.

സുവിശേഷം അവസാനിക്കുന്നത് നാലു മുക്കുവരെ വിളിക്കുന്ന രംഗത്തോടെയാണ്. മീൻപിടുത്തക്കാരായവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നൊരു ഉറപ്പു നൽകിയാണ് അവൻ വിളിക്കുന്നത്. ഏതോ ഒരു മാന്ത്രികത ആ വിളിയിൽ അടങ്ങിയിട്ടുണ്ടാകണം. ഒരു അമൂല്യനിധി കണ്ടെത്തി എന്ന പ്രതീതിയുളവാക്കുന്ന രീതിയിൽ അവന്റെ വിളി കേട്ടവർ എല്ലാം ഉപേക്ഷിച്ചു അവനെ അനുഗമിക്കുന്നു. സമീപസ്ഥമായിരിക്കുന്ന ദൈവരാജ്യം തന്നെയാണ് അവരെ ആകർഷിക്കുന്നത്. അതെ, ആനന്ദം സാധ്യമാണ്. അത് സമീപസ്ഥവുമാണ്. യേശുവാണ് അതിലേക്കുള്ള വാതിൽ. ആ വാതിൽ തുറക്കാനുള്ള ഏക താക്കോൽ സ്നേഹം മാത്രമാണ്.

തന്നെ അനുഗമിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിൽ ആ മുക്കുവരോട് എന്ത് കാര്യമായിരിക്കാം യേശു പറഞ്ഞിട്ടുണ്ടാവുക? എന്തോ അവരുടെ ഹൃദയത്തിന്റെ ആഴത്തിൽ സ്പർശിക്കുന്ന തരത്തിൽ അവനിൽ നിന്നും പ്രവഹിച്ചിട്ടുണ്ടാകണം. നോക്കുക, ദൈവവചനത്തെ അതിന്റെ തനിമയോടെ പ്രഘോഷിച്ചാൽ ശ്രോതാക്കളുടെ ഹൃദയത്തിൽ അത് ഒരു തരംഗം ഉണ്ടാക്കും. അപ്പോൾ അവർ ഇടംവലം നോക്കില്ല. ഇറങ്ങിപ്പുറപ്പെടും. അവനോടൊപ്പം മനുഷ്യരെ പിടിക്കാൻ. എങ്ങനെ? സ്നേഹത്തിന്റെ വലകൾ നെയ്തു കൊണ്ട്.

ഈ സുവിശേഷഭാഗത്തിലെ അവസാന വരികൾ ശ്രദ്ധിക്കുക. യേശുവിന്റെ ജീവിതത്തിന്റെ ലളിതമായ സംഗ്രഹമാണത്. അവൻ ചുറ്റി സഞ്ചരിച്ചു കൊണ്ട് സുവിശേഷം പ്രഘോഷിച്ചു. അപ്പോത്തിക്കിരിയെപ്പോലെ ജനങ്ങളുടെ എല്ലാ രോഗങ്ങളും വേദനകളും സുഖപ്പെടുത്തി. എങ്ങനെയാണ് അവൻ സൗഖ്യം നൽകിയത്? ദൈവസ്നേഹം പകർന്നു നൽകിക്കൊണ്ട്. അതെ, ദൈവസ്നേഹത്തിന് മാത്രമേ നമ്മുക്ക് സൗഖ്യം നൽകാൻ സാധിക്കു. ഈ സ്നേഹത്തെയാണ് നമ്മളോരോരുത്തരും പ്രഘോഷിക്കേണ്ടത്. ഈ സ്നേഹത്തിലാണ് നമ്മളോരോരുത്തരും ജീവിക്കേണ്ടത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker