Kerala

വിഴിഞ്ഞം ഇന്റെര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് നുണപ്രചരണം അവസാനിപ്പിക്കണമെന്ന് CADAL

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെമെന്‍റ് അതോറിറ്റിയിലെ പ്രത്യേക സെല്‍ പഠനം നടത്തി യഥാസമയം റിപ്പോര്‍ട്ടുകള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വിദഗ്ദസമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവ അടിയന്തരമായി പ്രസിദ്ധീകരിക്കണം...

ജോസ് മാർട്ടിൻ

കൊച്ചി: തിരുവനന്തപുരം കടല്‍ത്തീരത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിനാശകരമായ തീരശോഷണത്തെ സംബന്ധിച്ച് വിഴിഞ്ഞം ഇന്റെര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (VISL) നടത്തുന്ന നുണപ്രചരണം അവസാനിപ്പിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL) ആവശ്യപ്പെട്ടു.

തുറമുഖനിര്‍മ്മാണത്തിനും പരിപാലനത്തിനും കരാര്‍ ഏറ്റെടുത്തിട്ടുള്ള അദാനി കമ്പനിക്കു വേണ്ടി അപഹാസ്യമായ ദാസ്യവേലയാണ് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റെര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് നടത്തി കൊണ്ടിരിക്കുന്നതെന്നും, ‘ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം’ എന്ന പ്രസ്താവനയോടെ ധവളപത്രം എന്ന പേരില്‍ വിസില്‍ പ്രചരിപ്പിക്കുന്ന രേഖ ഇവര്‍ നടത്തുന്ന നുണപ്രചരണങ്ങളുടെ അവസാന തെളിവാണെന്നും CADAL ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് പത്രകുറിപ്പിലൂടെ അറിയിക്കുന്നു. കേരള സര്‍ക്കാര്‍ തന്നെ തീരശോഷണത്തിന്റെ കാരണങ്ങളും വ്യാപ്തിയും കണ്ടെത്താന്‍ വിദഗ്ദസമിതിയെ നിയോഗിച്ചിരിക്കുന്ന സാഹചര്യത്തില്‍ തീരശോഷണം തുറമുഖ നിര്‍മ്മാണം മൂലമല്ല എന്ന് നിരീക്ഷിക്കുന്ന ഈ ധവളപത്രം വിദഗ്ദസമിതിയെ സ്വാധീനിക്കാനുള്ള കുത്സിത ശ്രമമാണെന്നും കടൽ കുറ്റപ്പെടുത്തുന്നു.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്തിമ ഉത്തരവിലെ നിബന്ധനകള്‍ വിഴിഞ്ഞം ഇന്റെര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ലംഘിക്കുകയും നിയമവ്യവസ്ഥയെ അട്ടിമറിക്കുകയുമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ അനുമതി നല്കുന്ന ദേശീയ ഹരിത ട്രിബ്യൂണല്‍ ഒരു വിദഗ്ദ സമിതിക്ക് രൂപം നല്കിയിട്ടുണ്ട്. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി ഈ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയും നോഡല്‍ ഓഫീസറും ആണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കിയിട്ടുള്ള പാരിസ്ഥിതിക അനുമതി, സിആര്‍ഇസഡ് അനുമതി, എന്‍ജിറ്റി യുടെ ഉത്തരവ് എന്നിവയിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണ് ഈ വിദഗ്ദ സമിതിയുടെ ചുമതല. ഓരോ ആറു മാസത്തിലും മെമ്പര്‍ സെക്രട്ടറി ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്കണം. മറ്റൊരു പ്രധാനപ്പെട്ട വ്യവസ്ഥ പദ്ധതി പ്രദേശത്തെ തീരരേഖയിലെ വ്യതിയാനം (Shore line changes) നിരന്തരം നിരീക്ഷിക്കുന്നതിന് കേരളത്തിലെ കോസ്റ്റല്‍ സോണ്‍ മാനേജ്മെമെന്‍റ് അതോറിറ്റിയില്‍ ഒരു സെല്‍ രൂപീകരിക്കുകയെന്നതാണ്. ഇതിനാവശ്യമായ ചിലവുകള്‍ മുഴുവന്‍ പദ്ധതിയുടെ കരാറുകാരന്‍ വഹിക്കണം. മൂന്നു മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ദ സമിതിക്ക് നല്കേണ്ടതാണ്. വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുകയും വിദഗ്ദ സമിതി പരിശോധിച്ച് പൊതുവില്‍ പരസ്യപ്പെടുത്തണം. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി ഒരു സെല്‍ രൂപീകരിച്ചിട്ടുള്ളതായി വിസില്‍ പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം എം.ഡി.കുദാലെയുടെ നേത്യത്വത്തില്‍ വിദഗ്ദസമിതി രൂപം നല്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഈ സമിതിയെ സംബന്ധിച്ച പരാമര്‍ശങ്ങളില്ല. തീരരേഖയിലെ വ്യതിയാനം നിരന്തരം നിരീക്ഷിച്ച് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെമെന്‍റ് അതോറിറ്റിയിലെ പ്രത്യേക സെല്‍ പഠനം നടത്തി യഥാസമയം റിപ്പോര്‍ട്ടുകള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വിദഗ്ദസമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവ അടിയന്തരമായി പ്രസിദ്ധീകരിക്കണം.

ദേശീയ ഹരിത ട്രബ്യൂണലിന്റെ ഉത്തരവുമായി എന്‍ഐഒടിക്ക് (NIOT) ബന്ധമില്ല, ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്താന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുമില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിക അനുമതിയിലെ തീരരേഖയിലെ വ്യതിയാനം നിരന്തരം നിരീക്ഷിക്കണമെന്ന നിബന്ധന നടപ്പിലാക്കാന്‍ അദാനി ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു കരാര്‍ ഏജന്‍സി മാത്രമാണ് NIOT. വിസിലിന്റെ പത്രക്കുറിപ്പ് കേരള ജനതയെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ്. അദാനി നിയോഗിച്ച ഒരു ഏജന്‍സിയുടെ പഠനം അസ്വീകാര്യമാണ്. ഹരിത ട്രിബ്യൂണല്‍ അടിയന്തരമായി ഇടപെടണം. പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍ പഠനം നടത്തുന്നു, അത് ആധികാരിക പഠനരേഖയായി അവതരിപ്പിക്കുന്നു! കേരള സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഏജന്‍സിയും പദ്ധതി കരാറുകാരനും നിയമ വ്യവസ്ഥകളെ അട്ടിമറിക്കുകയാണെന്ന്, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് പത്രകുറിപ്പിലൂടെ അറിയിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker