Sunday Homilies

നീ ക്രിസ്തുവാണോ?, ഏലിയയാണോ? അല്ലങ്കിൽ പ്രവാചകനാണോ?

നീ ക്രിസ്തുവാണോ?, ഏലിയയാണോ? അല്ലങ്കിൽ പ്രവാചകനാണോ?

ആഗമനകാലം: മൂന്നാം ഞായർ

ഒന്നാം വായന: ഏശയ്യ 61,1-2, 10-11

രണ്ടാം വായന: 1 തെസലോനിക്ക 5:16m-24

സുവിശേഷം: വി.യോഹന്നാൻ 1:6-8,19-28

ദിവ്യബലിയ്ക്ക് ആമുഖം

സഭയുടെ ആരാധനക്രമ പാരമ്പര്യമനുസരിച്ച് ആഗമനകാലത്തെ മൂന്നാം ഞായർ Gaudete (ഗൗദേത്തെ) അഥവാ സന്തോഷിക്കുവിൻ എന്നാണറിയപ്പെടുന്നത്.   “നിങ്ങൾ എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ എന്തെന്നാൽ കർത്താവ് അടുത്തെത്തിയിരിക്കുന്നു”.  എന്ന പൗലോസ് അപ്പോസ്തലന്റ വാക്കുകളിൽ നിന്നാണ് ഈ ദിനത്തിന് ഈ വിശേഷണം ലഭിക്കുന്നത്. ദൈവത്തിന്റെ വിളി സ്വീകരിച്ച് ബലിയർപ്പണത്തിനായി എത്തിയിരിക്കുന്ന നമ്മെ ” നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ് അവിടന്ന് അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും”.  എന്ന രണ്ടാം വായനയിലെ വചനത്തിലൂടെ അപ്പോസ്തലൻ നമ്മെ ശക്തിപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ വിളിയെ അവഗണിക്കുകയും അതിനോട് അശ്രദ്ധമായി പ്രതികരിക്കുകയും ചെയ്ത നിമിഷങ്ങളെയോർത്ത് മനസ്തപിച്ചുകൊണ്ട് പരിശുദ്ധമായ മനസോടെ ഈ ബലിയർപ്പണത്തിനായി ഒരുങ്ങാം.

ദൈവവചന പ്രഘോഷണം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,

യേശുവിന് വഴിയൊരുക്കാനായി മരുഭൂമിയിൽ കടന്നുവന്ന സ്നാപക യോഹന്നാന്റെ വ്യക്തിത്വത്തെയും, ദൗത്യത്തേയും, സാക്ഷ്യത്തേയും കൂടുതൽ വ്യക്തമാക്കുന്ന വി.യോഹന്നാന്റെ സുവിശേഷത്തിലെ ഒന്നാം അദ്ധ്യായത്തിന്റെ വാക്കുകളാണ് ആഗമന കാലത്തിലെ ഈ മൂന്നാം ഞായറാഴ്ച നാം ശ്രവിച്ചത്.

അവൻ വെളിച്ചമായിരുന്നില്ല, വെളിച്ചത്തിന് സാക്ഷ്യം നൽകാൻ വന്നവനെന്നാണ് സുവിശേഷകൻ സ്നാപക യോഹന്നാനെ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. വെളിച്ചത്തിന് സാക്ഷ്യം നൽകുക എന്നാലെന്താണ്?.  ചിലപ്പോഴൊക്കെ രാത്രി ഒത്തിരി വൈകി വീടുകളിലെത്തുമ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്ന കാഴ്ചയാണ്, നാം കടന്ന് പോകുന്ന വഴിയരികിലെ വീടുകളുടെ വാതിലുകളെല്ലാം അടയ്ക്കപ്പെട്ടിരിക്കുമ്പോഴും, വീടുകൾക്കുള്ളിൽ ആരെങ്കിലും പഠിക്കുകയാ മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിലൊ വീടുകളുടെ സുതാര്യമായ ജനൽ കണ്ണാടിയിലൂടെ വീട്ടിനുള്ളിലെ വെളിച്ചം പുറത്തേയ്ക്ക് വരുന്നത്.  കൂരിരുട്ടിൽ ഒറ്റപ്പെട്ട് പോകുമ്പോൾ ഈ ജനൽ ചില്ലിലൂടെ കാണുന്ന വെളിച്ചം നമുക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.  ക്രിസ്തുമസ് നക്ഷത്രങ്ങൾ തൂക്കുമ്പോഴും നമുക്കിത് കാണുവാൻ സാധിക്കും.  പേപ്പറിലൊ, സുതാര്യമായ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ നക്ഷത്രം വെളിച്ചത്തെ തന്റെ ഉള്ളിലൂടെ കടത്തിവിടുന്നു.  സുതാര്യമായ കണ്ണാടിയും നക്ഷത്രവും സ്വയം പ്രകാശമല്ല മറിച്ച് അതിലൂടെ വെളിച്ചത്തെ കടത്തിവിട്ട് “ഇവിടെ വെളിച്ചം ഉണ്ട്” എന്ന് ഈ ലോകത്തോട് വിളിച്ച് പറഞ്ഞ് ഈ ലോകത്തിന് മുമ്പിൽ വെളിച്ചത്തിന് സാക്ഷ്യം നല്കുകയാണ്. യേശുവിന് സാക്ഷ്യം നൽകുന്ന സ്നാപക യോഹന്നാന്റെ ഈ ദൗത്യം പിൽക്കാലത്ത് അപ്പോസ്തലന്മാരിലൂടെയും, രക്തസാക്ഷികളിലൂടെയും, വിശുദ്ധരിലൂടെയും, വിശ്വാസികളിലൂടെയും സഭ ഈ ലോകത്തിൽ അഭംഗുരം തുടരുകയാണ്. നമ്മുടെ ജീവിതത്തിലൂടെയും യേശുവാകുന്ന വെളിച്ചത്തെകടത്തിവിട്ട് സാക്ഷ്യം നൽകുവാൻ നാമും തിരുസഭയിൽ വിളിക്കപ്പെട്ടിരിക്കുന്നു.

യോഹന്നാന്റെ സാക്ഷ്യത്തേയും, ദൗത്യത്തേയും ചോദ്യം ചെയ്തു വരുന്ന വ്യക്തികൾ സാധാരണക്കാരല്ല മറിച്ച് പുരോഹിതരും, ലേവ്യരും, ഫരിസേയരുമാണ്. ജറുസലേം ദൈവാലയത്തിൽ ശുശ്രൂക്ഷ ചെയ്ത് കഴിഞ്ഞിരുന്ന അവർ വിശുദ്ധ സ്ഥലത്തിനപ്പുറം ജോർദ്ദാന്റെ അക്കരെവന്ന് ചോദ്യങ്ങൾ ഉന്നയിക്കണമെങ്കിൽ സ്നാപകന്റെ വാക്കുകളും, സാന്നിദ്ധ്യവും അവർക്കുണ്ടാക്കിയ ആശങ്ക ചെറുതൊന്നുമല്ല. ഇതിൽ ഫരിസേരാകട്ടെ യേശുവിന്റെ ജീവിതകാലത്തുടനീളം യേശുവിനെ ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്യുന്നു. പുരോഹിതന്മാരും, ലേവ്യരും, ഫരിസേയരും യോഹന്നാനോട്  ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് മനശാസ്ത്ര പരമായ ഒരു വ്യാഖ്യാനം കൂടിയുണ്ട്.  ഈ ചോദ്യങ്ങളുന്നയിച്ചവർക്ക് യോഹന്നാനെ അറിയില്ലായിരുന്നു. അവരുടെ ഇടയിലായിരുന്ന യേശുവിനേയും അവർക്കറിയില്ലായിരുന്നുവെന്ന് സുവിശേഷത്തിൽ നാം കാണുന്നു.  അതു കൊണ്ട് തന്നെ അവരുടെ ആശങ്കയും, അങ്കലാപ്പും, മുൻവിധിയും, വിമർശനവും യോഹന്നാനോടുള്ള ചോദ്യങ്ങളിൽ നിറഞ്ഞ് നിന്നു.  അവർക്കാവശ്യം ശരിയായ ഉത്തരമല്ല മറിച്ച് അവരാഗ്രഹിക്കുന്ന  ഉത്തരമായിരുന്നു.  അതുകൊണ്ടാണ്  അവർ സ്നാപകന്റെ ദൗത്യത്തെ ചോദ്യം ചെയ്ത് വീണ്ടും തർക്കിക്കുന്നത്. നീ ക്രിസ്തുവോ, ഏലിയായൊ പ്രവാചകനൊ അല്ലങ്കിൽ പിന്നെ സ്നാനം നൽകാൻ കാരണമെന്ത്?. ഇതിലൂടെ ഫരിസയർക്ക് സ്നാപകനോടുള്ള മനോഭാവം വളരെ വ്യക്തമാണ്.

ഈ ആഗമനകാലത്ത് നമ്മുടെ മനസാക്ഷിയേയും ആഴമേറിയ ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയാണെങ്കിൽ നമുക്ക് മനസിലാവും നമ്മുടെ കൂടെയുള്ള, ഇടവകയിലൊ, ജോലി സ്ഥലത്തോ ഉള്ള സഹോദരങ്ങളെയും, സുഹൃത്തുക്കളേയും നാം മനസിലാക്കുന്നതും പലപ്പോഴും ഈ മുൻ വിധിയോടുകൂടിയാണ്. അവരോടും സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും സംഭവിക്കുന്നത് നമ്മുടെ സ്വഭാവത്തിന്റെയും, ആശയങ്ങളുടെയും, ആഗ്രഹങ്ങളുടെയും, നിരാശയുടേയും പ്രതിഫലനങ്ങളാണ്.  നമ്മുടെ ചോദ്യങ്ങർക്ക് ശരിയായ ഉത്തരത്തേക്കാളുപരി എനിക്ക് ഇഷ്ടമുള്ള ഉത്തരം മറ്റുള്ളവർ പറയാൻ നാം ആഗ്രഹിക്കുന്നു.  നമ്മുടെ വ്യക്തി ബന്ധങ്ങളിൽ ഈ അവസ്ഥ നിലനിൽക്കുന്നുവെങ്കിൽ അതുമാറ്റാനുള്ള അവസരമാണ് ഈ ആഗമന കാലം.

ഇന്നത്തെ സുവിശേഷത്തിലെ മറ്റൊരു പ്രധാന സവിശേഷത ചോദ്യങ്ങൾക്ക് സ്നാപകൻ നൽകുന്ന മറുപടിയാണ്.  നീ ക്രിസ്തുവാണോ?, ഏലിയയാണോ? അല്ലങ്കിൽ പ്രവാചകനാണോ? എന്ന ചോദ്യത്തിന് തുടർച്ചയായി നിഷേധാത്മകമായി ”അല്ല” എന്ന് സ്പഷ്ടമായി ഉത്തരം നൽകുന്നു.  നീ നിന്നെകുറിച്ച്  എന്തു പറയുന്നു? എന്ന ചോദ്യത്തിന് “മരുഭൂമിയിൽ വിളിച്ച് പറയുന്നവന്റെ ശബ്ദമാണു ഞാൻ” എന്ന കൃത്യമായ ഉത്തരം നൽകുന്നു.  ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന സഭയും വിശ്വാസികളും സ്വീകരിക്കേണ്ട മാതൃകാപരമായ നിലപാട് സ്നാപകൻ നമുക്ക് നല്കുന്നു.  സഭ എന്തല്ലന്നും, എന്താണെന്നും, എന്ത്കൊണ്ടാണ് തന്റെ രക്ഷാകര ദൗത്യം നിർവ്വഹിക്കുന്നതെന്നും സഭ അറിയണം.  അതുപോലെ തന്നെ ഒരു ക്രിസ്ത്യാനി ആരല്ലന്നും, ആരാണന്നും, അവന്റെ ദൗത്യമെന്തന്നും അവന് ബോദ്ധ്യമുണ്ടാകണം.  ക്രിസ്തുവിന്റെ കാലം മുതൽ ഇന്ന് വരെ സഭയോടും സഭാവിശ്വാസികളോടും ഈ ലോകം അതിന്റെ അറിവും യുക്തിബോധവുമുസരിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും അവരാഗ്രഹിക്കുന്ന ഉത്തരം സഭ നൽകണമെന്ന് വാശി പിടിക്കുകയും ചെയ്യാറുണ്ട്.  എല്ലാ കാലത്തും സഭയുടെ ഉത്തരവും ദൗത്യവും സ്നാപകന്റെത്  തന്നെയാണ്.  “ക്രിസ്തുവാകുന്ന വെളിച്ചത്തിന് സാക്ഷ്യം നൽകി എല്ലാവരേയും ക്രിസ്തുവിലേയ്ക്ക് ആനയിക്കുക”.  തിരുപ്പിറവി തിരുനാളിനായി ഒരുങ്ങുന്ന ഈ ദിനങ്ങളിൽ നമ്മുടെ ദൗത്യവും ഇതു തന്നെയാണ്.  ആമേൻ…

ഫാ.സന്തോഷ്‌ രാജന്‍ ജന്‍മ്മനി

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker