Kerala

ഇനി ചിതാഭസ്മം ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാം

ഓർമ്മച്ചെപ്പ്: ഭാരത കത്തോലിക്കാ സഭാ ചരിത്രത്തിൽ ആദ്യമായി ചിതാഭസ്മ (ആഷ്) സെമിത്തേരി...

ജോസ് മാർട്ടിൻ

കണ്ണൂർ: ഭാരത കത്തോലിക്കാ സഭാ ചരിത്രത്തിൽ ആദ്യമായി ചിതാഭസ്മ (ആഷ്) സെമിത്തേരി നിർമ്മിച്ച് തലശ്ശേരി അതിരൂപതയിലെ കണ്ണൂർ മേലേചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി പള്ളി.

ആഗോള കത്തോലിക്കാ തിരുസഭ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെങ്കിലും (കാനോൻ 1176 § 3) പരമ്പരാഗത ക്രിസ്തീയ മൃതസംസ്കാര രീതിയാണ് ഭാരത കത്തോലിക്കാ സഭ പിൻതുടരുന്നത്.

ഓർമ്മച്ചെപ്പ് എന്ന പേരിൽ ചിതാഭസ്മ സെമിത്തേരി നിർമ്മിക്കാനുണ്ടായ സാഹചര്യത്തെകുറിച്ച് ഇടവക വികാരി ഫാ.തോമസ് കൊളങ്ങായിൽ കാത്തലിക് വോക്സ്സിനോട് പറഞ്ഞത് ഇങ്ങനെ: ഫെബ്രുവരി നാലിന് മരിച്ച കണ്ണൂര്‍ മേലേ ചൊവ്വ കട്ടക്കയം സ്വദേശിനി ലൈസാമ്മയുടെ ആഗ്രഹം ആയിരുന്നു തന്റെ മൃതദേഹം കല്ലറയിൽ അടക്കം ചെയ്യുന്ന പരമ്പരാഗത ക്രിസ്തീയ രീതി ഒഴിവാക്കി പൊതുശ്മശാനത്തില്‍ സംസ്കരിക്കണമെന്നത്. മൃതദേഹം പൈയ്യാമ്പലം പൊതു ശ്മശാനത്തിൽ ദഹിപ്പിച്ച ശേഷം ലൈസാമ്മയുടെ മരണാനന്തര ചടങ്ങുകൾ പള്ളിയിൽ നടത്തുകയും തുടർന്ന് ചിതാഭസ്മം സെമിത്തേരിയിൽ പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചുവരികയുമായിരുന്നു.

മരിച്ചവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി പള്ളിയിൽ തന്നെ അവരുടെ ചിതാഭസ്മം സൂക്ഷിക്കാനായി ഒരു ആഷ് സെമിത്തേരി നിര്‍മ്മിക്കണമെന്നൊരാശയം ഇങ്ങനെയാണ് ഉണ്ടായതാണെന്നും പല വിദേശ രാജ്യങ്ങളിലും ആഷ് സിമിത്തേരികൾ വ്യാപകമാണെങ്കിലും ഇന്ത്യയിൽ ആദ്യമാണ് ഇത്തരമൊരു സെമിത്തേരിയെന്നും അദ്ദേഹം പറഞ്ഞു.

പള്ളിയുടെ പുറത്ത് ഒരുവശത്തായി രണ്ടടി വലിപ്പത്തിലുള്ള ചിതാഭസ്മ പേടകങ്ങൾ സൂക്ഷിക്കാവുന്ന രീതിയിൽ 39 അറകളായാണ് ഇപ്പോൾ നിർമ്മിച്ചിട്ടുള്ള ഓർമ്മച്ചെപ്പിൽ ഉള്ളത്. അവിടെ മരിച്ച വ്യക്തിയുടെ ഫോട്ടോ വെക്കാനും, തിരികൾ തെളിക്കാനും, പ്രാർത്ഥനകൾ നടത്താനും ഒക്കെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യമായി ലൈസാമ്മയുടെ ചിതാഭസ്മമാണ് ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചിട്ടുള്ളത്.

കോവിഡ് മഹാമാരിയുടെ കാലത്ത് ഭാരതത്തിൽ ആദ്യമായി ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിലാണ് തന്റെ രൂപതയിൽ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് റോമിലെ വിശ്വാസ തിരുസംഘം 2016 ഓഗസ്റ്റ് 15-ന് പുറപ്പെടുവിച്ച മൃതദേഹം ദഹിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള അനുവാദം നൽകിയത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker