Meditation

2nd Sunday_Lent_ശോഭപൂർണ്ണനായ യേശു (വി.മത്തായി 17:1-9)

സ്വർഗ്ഗത്തിന്റെ ജ്വലനമാണ് രൂപാന്തരീകരണം...

തപസ്സുകാലം രണ്ടാം ഞായർ

തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ കൂടിയാണത്. നമ്മൾ പോലും അറിയാതെ പ്രത്യാശയുടെ ചിറകുകൾ നമ്മിൽ മുളക്കുന്ന ദിനങ്ങൾ.

യേശു മൂന്നു ശിഷ്യരെയും കൂട്ടി ഉയർന്ന ഒരു മലയിലേക്ക് പോകുന്നു. മലകൾ വിശുദ്ധ ഗ്രന്ഥത്തിൽ ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളാണ്. സൂചികകളാണവ. നമ്മുടെ നിസ്സാരതയെയും പ്രപഞ്ചത്തിന്റെ നിഗൂഢതയെയും ചൂണ്ടിക്കാണിക്കുന്ന സൂചികകൾ. മറ്റൊരു കാര്യം കൂടി മലകൾ നമ്മളോട് പറയും. ജീവിതം കൂടുതൽ വെളിച്ചത്തിലേക്കുള്ള ഒരു കയറ്റമാണെന്ന്. അങ്ങനെയാണ് അവൻ തന്റെ ശിഷ്യരെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് കയറുന്നത്. അവിടെ അവൻ അവരുടെ മുമ്പിൽവച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി.

പത്രോസിനാണ് ആ കാഴ്ച ഒരനുഭൂതിയായി മാറുന്നത്. “കർത്താവേ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്.” നിത്യത ഒരു നൈമിഷികതയായി അവനിൽ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നത് യേശു മാത്രമല്ല, അവന്റെ വസ്ത്രവും മലയും ചുറ്റുപാടുകളും കൂടിയാണ്. ഇതാണ് സ്വർഗീയത. ഇത് പടർന്നു പിടിക്കും. ഇതൊരു എപ്പിഫനിയാണ്. അതായത് സ്വർഗ്ഗത്തിന്റെ പ്രത്യക്ഷവൽക്കരണം. ക്രിസ്തുവെന്ന പ്രകാശത്തിന്റെ ജ്വലനം. മനുഷ്യാവതാരം. നമ്മിൽ ജ്വലിക്കുന്ന ആ ക്രിസ്തുവിനെക്കുറിച്ച് പൗലോസപ്പോസ്തലൻ തിമോത്തിയോസിനോട് പറയുന്നുണ്ട്. അവൻ നമ്മിൽ ജീവനും അനശ്വരതയും പ്രകാശിപ്പിച്ചു (2 തിമോ 1:10). മലമുകളിൽ തിളങ്ങിയത് അവന്റെ മുഖവും വസ്ത്രവും മാത്രമല്ല, ശിഷ്യരുടെ ജീവിതവും നമ്മുടെ സ്വപ്നങ്ങളും കൂടിയാണ്.

സ്വർഗ്ഗത്തിന്റെ ജ്വലനമാണ് രൂപാന്തരീകരണം. സ്വർഗ്ഗം നമ്മിൽ ജ്വലിക്കുമ്പോൾ ചുറ്റുമുള്ള എല്ലാത്തിനെയും നമുക്ക് ജ്വലിപ്പിക്കാൻ സാധിക്കും. യേശുവിലേക്ക് നോക്കുക, സ്വയം ജ്വലിച്ചുക്കൊണ്ട് ലോകത്തിന് പ്രകാശമായി മാറിയവനാണവൻ. അങ്ങനെയാണവൻ ലോകത്തിന്റെ സിരകളിൽ നക്ഷത്രങ്ങളുടെ ശകലങ്ങൾ ഇട്ടത്, നമ്മുടെ ഉണ്മയ്ക്ക് പ്രൗഢിയും സൗന്ദര്യവും നൽകിയത്, നമ്മുടെ ജീവിതത്തിന് സ്വപ്നങ്ങളും പാട്ടുകളും നൽകിയത്. ഒരു സങ്കീർത്തനമെന്നപോലെ ആവർത്തിച്ചു പാടാനുള്ള നന്മയുണ്ട് ആ രൂപാന്തരീകരണത്തിൽ. സ്വയം ജ്വലിച്ചുകൊണ്ട് അവൻ നമ്മുടെ ജീവിതത്തെയും ജ്വലിപ്പിച്ചു.

ഒരു ചെറു ചെരാതായ നമ്മൾക്ക് എങ്ങനെ ഒരു വഴി വിളക്കാകാൻ സാധിക്കും? ഉത്തരം സ്വർഗ്ഗം നൽകും: “ഇവൻ എൻ്റെ പ്രിയപുത്രൻ… ഇവന്റെ വാക്കു ശ്രവിക്കുവിൻ.” സാക്ഷ്യമാണത്. തന്റെ പുത്രനെ കുറിച്ചുള്ള പിതാവിന്റെ സാക്ഷ്യം. ദൈവത്തിന്റെ ലാവണ്യം നമ്മിൽ പടരാനുള്ള ആദ്യപടിയാണത്. ശ്രവിക്കുക. ദൈവവചനത്തിനായി സമയവും ഹൃദയവും നൽകാനുള്ള മനസ്സുണ്ടാകുക.

നാം ഇവിടെയായിരിക്കുന്നതു നല്ലതാണ് എന്നാണ് പത്രോസ് പറയുന്നത്. ഒരു അമ്പരപ്പിൽ നിന്നാണ് അവൻ അത് പറയുന്നത്. അതിൽ സ്നേഹവും സൗന്ദര്യവും ഉണ്ട്. വിശ്വാസം ശക്തവും സജീവവുമാകണമെങ്കിൽ പത്രോസിനെ പോലെയുള്ള ചില അനുഭവങ്ങൾ നമുക്കും ഉണ്ടാകണം. മലയിലെ അത്ഭുത കാഴ്ചയിൽ അവൻ ദർശിക്കുന്നത് ദൈവത്തിന്റെ സൗന്ദര്യമാണ്. നന്മ നിറഞ്ഞ സൗന്ദര്യമാണത്. അതുകൊണ്ടാണ് അവൻ പറയുന്നത് ഇവിടെയായിരിക്കുന്നത് എത്രയോ നല്ലതെന്ന്. വിശ്വാസം സൗന്ദര്യാത്മകമാകണം. യഥാർത്ഥ വിശ്വാസം ലാവണ്യമില്ലാത്ത വാക്കുകളും പ്രവർത്തികളും ഉത്പാദിപ്പിക്കില്ല. അത് ബന്ധങ്ങളെ സൗന്ദര്യം കൊണ്ട് നിറയ്ക്കുകയും ജീവിതത്തിന് അർത്ഥം നൽകുകയും ചെയ്യും.

സൂര്യനെപ്പോലെ ശോഭിച്ചു നിൽക്കുന്ന യേശു! ആ മുഖം മാത്രമാണ് നമ്മുടെ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ഏക അടയാളം. മലമുകളിലെ യേശുവിന്റെ ആ മുഖശോഭയെ ശിഷ്യന്മാർ എന്നും ഹൃദയങ്ങളിൽ സൂക്ഷിച്ചതു പോലെ നമ്മളും ചേർത്തുവയ്ക്കണം നമ്മുടെയും ഹൃദയങ്ങളിൽ. കാരണം, ഇനി മുന്നിലുള്ളത് കാൽവരിയിലേക്കുള്ള യാത്രയാണ്. ശോഭപൂർണ്ണമായ ആ മുഖം ഉള്ളിലുണ്ടെങ്കിൽ മാത്രമേ വരാൻ പോകുന്ന അനിശ്ചിതത്വത്തെ അതിജീവിക്കാൻ നമുക്കും സാധിക്കു.

ഇരുണ്ട ദിനങ്ങൾ വരാൻ പോകുന്നു. ശത്രുക്കൾ അവന്റെ മുഖത്തടിക്കുകയും ആ മുഖത്തെ വികൃതമാക്കുകയും ചെയ്യുന്ന ദിനം. അന്ന് നമ്മൾ ഉള്ളിൽ കാണണം താബോർമലയിലെ ആ മുഖത്തെ. വിചാരണയുടെ നിമിഷങ്ങളിൽ നിശബ്ദനായി നിൽക്കുന്ന അവനിൽ അപ്പോൾ നമ്മൾ കാണണം രണ്ടു മുഖങ്ങൾ. ഒന്ന്, നമ്മുടെ ഉള്ളിലുള്ള ആ ശോഭപൂർണ്ണമായ മുഖം. രണ്ട്, ഒലിവ് മലയിൽ നിന്നുമാരംഭിച്ച രക്തത്തുള്ളികളാൽ നിറഞ്ഞ മുൾമുടി മുഖവും. അപ്പോഴും മനസ്സിലുണ്ടാകണം, ഒന്നും കാൽവരിയിൽ അവസാനിക്കുന്നില്ല. അവസാനം വെളിച്ചം വരും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker