Meditation

Palm Sunday_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

കുരിശോളം എത്തിയ ക്രിസ്തുവിന്റെ സ്നേഹമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല്ല്...

ഓശാന ഞായർ

ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും സ്നേഹത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നു പറയുന്ന കുരിശും ക്രൂശിതനും നമ്മുടെ നയനങ്ങളിലും ഹൃദയങ്ങളിലും നിറയുന്ന ദിനങ്ങൾ. അതാണ് വിശുദ്ധ വാരം.

ആരാണ് യേശു എന്നറിയാൻ താല്പര്യമുണ്ടോ? ഇത്തിരി നേരം കുരിശിൻ കീഴിൽ നിന്നാൽ മാത്രം മതി. അപ്പോൾ അവനെ മാത്രമല്ല, നമുക്ക് നമ്മെയും തിരിച്ചറിയാൻ സാധിക്കും. കാരണം അവനുള്ളത് നമ്മുടെ ഓരോരുത്തരുടെയും മുഖച്ഛായയാണ്. നമ്മുടെയും ദൈവത്തിന്റെയും ഏറ്റവും ശുദ്ധമായ പ്രതിച്ഛായയാണ് കുരിശും ക്രൂശിതനും. അതൊരു തുറന്ന ചോദ്യം കൂടിയാണ്. എവിടെ നിന്റെ കുരിശ്?

ഉത്ഥാനത്തെ വിശ്വസിക്കാൻ എളുപ്പമാണ്. അതിൽ പ്രകാശത്തിന്റെ പൂർണ്ണതയുണ്ട്. ചുറ്റുമുള്ളത് സുന്ദരവും ആകർഷണീയവുമാണ്. അങ്ങനെയല്ല ദുഃഖവെള്ളി. അത് കാളിമയുടെ ദിനമാണ്. അവിടെ കുരിശുണ്ട്. അതിൽ നീ ഒറ്റയ്ക്കാണ്. എവിടെ ദൈവം എന്ന ചോദ്യം നിന്നിൽ ബാക്കിയാകും. നിന്റെ കരച്ചിലിന്റെ പ്രതിധ്വനികൾ നിന്നിലേക്ക് തന്നെ തിരികെ വരുന്നതായി അനുഭവപ്പെടും. അവിടെ നൊമ്പരങ്ങൾ നിന്റെ ശരീരത്തിനെയും ആത്മാവിനെയും പൊതിയും. ദൈവം ഒരു അഭാവമാകും. അപ്പോഴായിരിക്കും എവിടെ നിന്റെ വിശ്വാസം എന്ന ചോദ്യവും ഉണ്ടാകുക.

കഴുതപ്പുറത്തേറിയുള്ള യേശുവിന്റെ രാജകീയ പ്രവേശനം അവനെ കൊണ്ടെത്തിക്കുന്നത് ഏതെങ്കിലും രാജകൊട്ടാരത്തിലോ പ്രമാണികളുടെ ഭവനത്തിലോ അല്ല. ഒരു സത്രത്തിന്റെ മുകളിലത്തെ നിലയിലാണ്. അവിടെ അവൻ അരയിൽ ഒരു കച്ചകെട്ടി ശിഷ്യന്മാരുടെ കാലുകൾ കഴുകാൻ തുനിയുന്നുണ്ട്. അവിടെയുമുണ്ട് ഒരു ചോദ്യം: ആരാണ് ദൈവം? എന്റെ കാലുകൾ കഴുകുന്നവനാണവൻ. എന്റെ മുന്നിൽ മുട്ടുകുത്തുന്നവനാണവൻ. പത്രോസിനെ പോലെ നമ്മളും പറഞ്ഞു പോകും. അരുത്, നീ എന്റെ കാലു കഴുകരുത് എന്ന്. അപ്പോഴവൻ പറയും ഞാൻ ഭരിക്കുന്ന ദൈവമല്ല, ശുശ്രൂഷിക്കുന്ന ദൈവമാണെന്ന്. തന്നിലേക്ക് മടങ്ങിവരുന്ന ആരുടെയും കാലുകൾ കഴുകി ഭവനത്തിലേക്ക് സ്വീകരിക്കുന്ന അടിമഭാവമുള്ള ദൈവമാണെന്ന്. പൗലോസ് പറഞ്ഞത് എത്രയോ ശരിയാണ്: ക്രിസ്തുമതം ഒരു ഇടർച്ചയും ഭോഷത്തവുമാണ്. ആ മതത്തിലെ ദൈവം ഇങ്ങനെയാണ്. ഒറ്റിക്കൊടുക്കുന്നവനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ദൈവമാണത്. ആ ദൈവം ആരെയും തകർക്കുന്നില്ല, സ്വയം ശൂന്യനാകുന്നു. ആരുടെയും രക്തം ചൊരിയുന്നില്ല, സ്വയം ഒരു ബലിയായി മാറുന്നു. ആരുടെയും ത്യാഗങ്ങൾ ആവശ്യപ്പെടുന്നില്ല, സ്വയം ത്യാഗം ചെയ്യുന്നു. അവസാനം ജെറുസലേമിന് പുറത്ത്, ഒരു മലമുകളിൽ, തീർത്തും ദരിദ്രനും നഗ്നനുമായി ഒരു കുരിശിൽ സ്നേഹത്തെ പ്രതി സ്വയം ഇല്ലാതാകുമ്പോഴാണ് ദൈവം എന്ന സൗന്ദര്യം നമുക്കും ഒരു അനുഗ്രഹമായി മാറുന്നത്.

കുരിശോളം എത്തിയ ക്രിസ്തുവിന്റെ സ്നേഹമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല്ല്. നൊമ്പരങ്ങൾ അവനെ വികൃതമാക്കിയാലും സ്നേഹത്തിൽ അവൻ അതിസുന്ദരനാണ്. ഒരു ശിഷ്യനല്ല കുരിശിലെ ആ ലാവണ്യത്തെ തിരിച്ചറിഞ്ഞത്, വിജാതീയനായ ശതാധിപനാണ്. അയാൾ പറയുന്നു; “സത്യമായും ഇവൻ ദൈവപുത്രനായിരുന്നു”. കല്ലുകൾ മാറ്റിയ ശൂന്യമായ കല്ലറ കണ്ടുകൊണ്ടല്ല, അഭൗമീകമായ പ്രകാശത്തിന്റെ ഒരു മിന്നലിൽ നിന്നുമല്ല അയാൾ അങ്ങനെ പറയുന്നത്. ദുഃഖവെള്ളിയാഴ്ചയുടെ ഇരുളിമയിൽ കുരിശിൽ കിടക്കുന്നവന്റെ ശാന്തത കണ്ടുകൊണ്ടാണ്. അപകീർത്തികളുടെ സിംഹാസനമായ കഴുമരത്തിൽ ഒരു പുഴുവിനെപ്പോലെ കിടക്കുന്നവനെ നോക്കി കൊണ്ടാണ് ആ സൈനിക മേധാവി പറയുന്നത് സത്യമായും ഇവൻ ദൈവപുത്രനായിരുന്നു. ഒരുവൻ, അതാ, സ്നേഹത്തെ പ്രതി മരിക്കുന്നു. അതെ, അത് മറ്റാരുമല്ല, ദൈവം തന്നെയാണ്.

കാൽവരിയിൽ, കുരിശിൻ കീഴിൽ ഒരുപാട് സ്ത്രീകൾ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു എന്ന് സുവിശേഷങ്ങൾ പറയുന്നുണ്ട്. അവരുടെ ആ നോട്ടത്തിൽ സ്നേഹവും കണ്ണീരുമുണ്ടായിരുന്നു. കുരിശിനെയും ക്രൂശിതനെയും ഹൃദയത്തിൽ ഒപ്പിയെടുത്ത സാന്നിധ്യമായിരുന്നു അത്. അവരിൽ നിന്നാണ് സഭയുടെ പിറവി. അവരിലുണ്ട് ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെയും വേദനയുടെയും ഭാവം. അതാണ് സഭയുടെ തനിമ. അതിൽ ഇന്നുവരെയും വെള്ളം ചേർക്കാൻ ആർക്കും സാധിച്ചിട്ടുമില്ല. ശക്തമായ ഉത്ഥാനാനുഭവം എന്നപോലെ ദുഃഖവെള്ളിയിലെ നൊമ്പരവും സ്നേഹവും എന്നും സഭയുടെ സിരകളിലൂടെ ഒഴുകും. അങ്ങനെ കരയുന്ന മുഖങ്ങൾ മറ്റൊരു ക്രിസ്തുവായി മാറും. അവരുടെ കുരിശുകൾ നമ്മുടെയും കുരിശുകളാകും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker