Meditation

5th Sunday_Easter_വഴിയും സത്യവും ജീവനും (യോഹ 14:1-12)

ഞാനാണ് ആഗമനവും ലക്ഷ്യവും എന്നല്ല യേശു പറയുന്നത്. ഞാനാണ് വഴി എന്നാണ്. ചലന ബിന്ദു ആണവൻ...

പെസഹാക്കാലം അഞ്ചാം ഞായർ

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ” (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ വാചകമാണിത്. പറയുന്നത് മറ്റാരോടുമല്ല, ശിഷ്യന്മാരോടാണ്. അതും യൂദാസ് അന്ത്യ അത്താഴത്തിൽ നിന്നും ഇറങ്ങി പോയതിനു ശേഷം. ദൈവ-മനുഷ്യ ബന്ധത്തിൽ എന്നും എപ്പോഴും കാത്തു സൂക്ഷിക്കേണ്ട വചനമാണിത്. പിതാവിലും യേശുവിലും ആശ്രയിക്കുക. അത് മാത്രമാണ് എല്ലാ ഭയത്തെയും അതിജീവിക്കാനുള്ള മാർഗ്ഗം. ഓർക്കുക, ഭയത്തിന്റെ വിപരീതം ധൈര്യമല്ല, ദൈവസ്നേഹത്തിലുള്ള വിശ്വാസമാണ്. നമ്മെ സ്നേഹിക്കുന്ന ഒരു ദൈവം നമ്മോട് കൂടെയുണ്ട് എന്ന വിശ്വാസം. ആ ദൈവമാണ് നമ്മുടെ വഴിയും സത്യവും ജീവനും. അപാരമായ വാക്കുകളാണിത്. മനുഷ്യാവസ്ഥയുടെ എല്ലാ തലത്തെയും ഉൾക്കൊള്ളുന്ന യാഥാർത്ഥ്യം.
വഴിയാണ് യേശു. വഴി കാണിച്ചു തരുന്ന വിളറിയതും വിദൂരവുമായ ധ്രുവനക്ഷത്രത്തേക്കാൾ വലുതാണവൻ. വഴികാട്ടികളായി ഒത്തിരി നക്ഷത്രങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടാകാം. പക്ഷേ വഴി ഒന്ന് മാത്രമേയുള്ളൂ. അത് യേശുവാണ്. ഉറപ്പുള്ളതും വിശ്വസനീയമായ വഴിയാണത്. നമ്മുടെ കാൽപാദങ്ങളോട് ചേർന്ന് നിൽക്കുന്ന യാഥാർത്ഥ്യം. ആ വഴിയിൽ ഒരു കാലടിയും ഇടറില്ല. ആ വഴിയിലൂടെ നടന്നു പോയവരുടെ കാൽപ്പാടുകൾ മായാത്ത മുദ്രകളായി ചരിത്രത്തിന്റെ താളുകളിൽ കുറിക്കപ്പെട്ടിട്ടുണ്ട്. അത് നമുക്ക് നൽകുന്ന ഒരു ഉറപ്പുണ്ട്. നമ്മളാരും തനിച്ചല്ല എന്ന ഉറപ്പ്. ഒരു തടസ്സവുമില്ലാത്ത വഴിയാണത്. ഹൃദയ താളമനുസരിച്ച് സഞ്ചരിക്കുന്നവർക്കുള്ള എളുപ്പവഴിയാണത്.

ഞാനാണ് ആഗമനവും ലക്ഷ്യവും എന്നല്ല യേശു പറയുന്നത്. ഞാനാണ് വഴി എന്നാണ്. ചലന ബിന്ദു ആണവൻ. ജീവിതത്തെ ഉയർത്തുന്ന യാത്ര. നമുക്ക് ചിറകുകൾ നൽകുന്ന അത്ഭുതം. തളരില്ല. തോൽക്കുകയുമില്ല നമ്മൾ. ഏത് അസാധ്യമായ അവസ്ഥയിലും ആദ്യ ചുവട് നമ്മൾ മുന്നിലേക്ക് വയ്ക്കും. അപ്പോൾ നമ്മൾ പറക്കാൻ തുടങ്ങും. ഇനി തിരിഞ്ഞുനോട്ടം ഇല്ല. ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ നമ്മെ പിടിച്ചു കെട്ടുകയുമില്ല. അബ്രാഹത്തെ പോലെ, ദൈവം തൊടുത്തുവിട്ട അമ്പിനെപ്പോലെ നമ്മൾ നിത്യത ലക്ഷ്യമാക്കി പായും. കാരണം, നമ്മുടെ വഴി നിത്യജീവനായ യേശു തന്നെയാണ്.

സത്യമാണ് യേശു. എനിക്ക് സത്യമറിയാമെന്നോ ഞാൻ നിങ്ങളെ സത്യം പഠിപ്പിക്കാമെന്നോ എന്നും അവൻ പറയുന്നില്ല. സത്യമാണവൻ. ലത്തീൻ ഭാഷയിൽ സത്യം അഥവാ Veritas എന്ന പദം വരുന്നത് വസന്തം എന്ന അർത്ഥമുള്ള വേരിസ് (Veris) എന്ന വാക്കിൽ നിന്നാണ്. സത്യമാണ് ജീവിതത്തിനു വസന്തം നൽകുന്നത്. ശൈത്യകാലത്തെ മഞ്ഞിൽ മൂടിക്കിടക്കുന്ന വിത്തുകളെ പൂവണിയിക്കുന്നത് വസന്തകാലമാണ്. സത്യത്തിന് മാത്രമേ നമ്മുടെ ജീവിതത്തെ പൂവണിയിക്കാൻ സാധിക്കു. യേശുവാണ് സത്യം. അവൻ മാത്രമാണ് നമ്മുടെ കർത്താവും സംരക്ഷകനും ജീവിതത്തെ പൂവണിയിക്കുന്നവനും. നമുക്കും സത്യമാകാം. യേശുവിനെ പോലെ ഒരു വസന്തമായി മാറാൻ സാധിക്കുകയാണെങ്കിൽ… സഹജീവികളുടെ കണ്ണുനീർ തുടക്കുകയാണെങ്കിൽ… വഴിയിൽ വീണു കിടക്കുന്നവന്റെ മറുവശത്തു കൂടെ നടന്നു പോകാതിരിക്കുകയാണെങ്കിൽ… കൂടെയുള്ളവരുടെയുള്ളിൽ ഇത്തിരിയോളം വസന്തത്തിന്റെ വിത്തുകൾ വിതയ്ക്കാൻ സാധിക്കുകയാണെങ്കിൽ നമ്മളും സത്യമാകും.

ജീവനാണ് യേശു. “കർത്താവേ, ജീവൻ നൽകണമേ” എന്നത് ബൈബിളിൽ ഏറ്റവും അധികമുള്ള ഒരു പ്രാർത്ഥനയാണ്. ഇസ്രായേലിന്റെ നിലവിളിയാണത്. ഭൂമിയിലെ നിരാശരായ എല്ലാവരുടെയും ആന്തരിക ചോദനയാണത്. സങ്കീർത്തനങ്ങളുടെ ഉള്ളടക്കമാണത്. യേശു പറയുന്നു, ഞാനാണ് ജീവൻ. ചരിത്രം രേഖപ്പെടുത്തിയ എല്ലാം നിലവിളികളുടെയും ഉത്തരമാണവൻ. അവനിൽ മരണത്തിന്റെ തന്മാത്രകളില്ല. ഹിംസയും നശീകരണവും അവനോട് ചേർത്തുവയ്ക്കുവാനും സാധിക്കില്ല. അവൻ ജീവനാണ്, ഭാവിയാണ്, സ്നേഹമാണ്, ഭവനമാണ്, ആഘോഷമാണ്, ആഗ്രഹമാണ്, ആലിംഗനമാണ്, വിരുന്നാണ്, വിശ്രമമാണ്.

ഓർക്കുക, ദൈവം വിദൂരസ്ഥനല്ല. നമ്മുടെ കാലടികൾക്ക് കീഴിലുള്ള പാതയാണവൻ. നമ്മുടെ സ്വത്വത്തിലുള്ള വസന്തമായ സത്യമാണവൻ. നമ്മുടെ ഉള്ളിലുള്ള തുടിപ്പിന്റെ ജീവനാണവൻ. വിശുദ്ധിയിലൂടെ മാത്രമേ യേശുവെന്ന വഴിയെയും സത്യത്തെയും ജീവനെയും തിരിച്ചറിയാൻ സാധിക്കു. കാരണം വിശ്വാസത്തിനും ജീവിതത്തിനും, വിശുദ്ധിക്കും യാഥാർത്ഥ്യത്തിനും ഒരിക്കലും പരസ്പരം എതിർത്തുനിൽക്കാൻ സാധിക്കില്ല. സങ്കീർത്തനങ്ങളിലെന്നപോലെ അവ പരസ്പരം കണ്ടുമുട്ടുമ്പോൾ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker