Meditation

13th Sunday_Ordinary Time_കുരിശും സ്നേഹവും (മത്താ 10: 37-42)

കുരിശിനെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും പ്രതീകമായി കരുതരുത്. ദൈവപരിപാലനയാണത്...

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ

“എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല” (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു അവകാശവാദം. മാതാപിതാക്കളുടെ സ്നേഹമാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. എന്നിട്ടും യേശു പറയുന്നു അതിനു വലിയ പ്രാധാന്യം കൊടുക്കേണ്ട എന്ന്. വഞ്ചിക്കുകയാണോ അവൻ? അല്ല. ധ്യാനാത്മകവും പക്വതയുള്ളതും സ്വതന്ത്രവുമായ ഒരു ഉത്തരം അവൻ തേടുകയാണ്. സ്നേഹിക്കേണ്ട എന്നാണോ അവൻ പറയുന്നത്? വികാരങ്ങൾക്ക് പുതിയ ശ്രേണി ഉണ്ടാക്കുകയാണോ അവൻ? ദാഹാർദ്രമായ നമ്മുടെ ഹൃദയത്തിൽ നിന്നും സ്നേഹത്തെ കിഴിച്ചു മാറ്റുകയാണോ അവൻ? അല്ല. കൂട്ടിച്ചേർക്കുകയാണ്. മെച്ചപ്പെടുത്തുകയാണ് അവൻ നമ്മുടെ സ്നേഹത്തെ. ഇതൊരു കടന്നുകയറിയുള്ള പോഷണമാണ്. മാനുഷിക സ്നേഹത്തേക്കാൾ ഉന്നതമായ സ്നേഹം തനിക്കു നൽകാൻ സാധിക്കുമെന്ന വാഗ്ദാനമാണിത്.

പുതിയ ലോകത്തിന്റെ ഒരു വാസ്തുവിദ്യയാണ് അവൻ മുന്നിലേക്ക് വയ്ക്കുന്നത്. അതിന് കുടുംബബന്ധത്തേക്കാൾ ശക്തമായ ഒരു അഭിനിവേശം നമ്മിലുണ്ടാകണം. ഒരു നവമാനവികതയുടെ ആരംഭം നേരത്തെ കുറിച്ചു കഴിഞ്ഞിരിക്കുന്നു. തുടക്കം മുതലേ അതിനായുള്ള സ്വപ്നങ്ങൾ നെയ്തു തുടങ്ങിയിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണ് ഉല്പത്തി പുസ്തകം ഇങ്ങനെ കുറിക്കുന്നത്: “അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും” (2: 24). സാഫല്യത്തിന് വേണ്ടിയാണ് ആ ഉപേക്ഷിക്കൽ. മാതാപിതാക്കളെ “കുറച്ചു സ്നേഹിച്ച്” മറ്റൊരു സ്വത്വത്തിലേക്കുള്ള ചേക്കേറലാണിത്. എങ്കിൽ മാത്രമേ വളരുകയുള്ളൂ, പെരുകുകയുള്ളൂ.
“സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല” (മത്താ 10: 38). ഇതാണ് രണ്ടാമത്തെ വ്യവസ്ഥ. കുരിശിനെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും പ്രതീകമായി കരുതരുത്. ദൈവപരിപാലനയാണത്. ജീവിതത്തെ സഹനമായല്ല യേശു ദർശിക്കുന്നത്. കൂടെ കൂടുന്നവർ ക്രൂശിതരാകണമെന്ന് അവൻ ആഗ്രഹിക്കുന്നില്ല. മറിച്ച് ദൈവത്തിലാശ്രയിച്ച് ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയെ അഭിമുഖീകരിച്ച് അവൻ്റെ കാൽച്ചുവടുകൾ പിന്തുടരുക എന്നതാണ്. ഉള്ളിലെ സ്നേഹവും കയ്യിലെ അപ്പവും പകുത്ത് നൽകി അളവില്ലാതെ, കണക്കില്ലാതെ എല്ലാവർക്കും എല്ലാമായി തീരുവാനുള്ള വിളിയാണിത്.

“എന്നെ പ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവർ അതു കണ്ടെത്തും” (മത്താ 10: 39). ദ്വയാർത്ഥത്തിലാണ് നഷ്ടപ്പെടലും കണ്ടെത്തലും ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു ജൈവികമായ വിരോധാഭാസമാണ്. നഷ്ടപ്പെടൽ ഒരു തോൽവി അല്ല. ജീവിതം കയ്യിൽ നിന്നും വഴുതിപ്പോകുന്ന ഒരു അവസ്ഥയുമല്ല. സജീവമായ ഉപേക്ഷയാണത്. ഒരു സമ്മാനം എന്നതുപോലെ, ഒരു നിധി എന്നതുപോലെ അറിഞ്ഞു നൽകുന്ന കൈമാറ്റമാണത്.

നൽകിയാൽ മാത്രമേ ജീവിതത്തിന് വിലയുള്ളൂ. അതുകൊണ്ടാണ് യേശു പറയുന്നത്, ഒരു പാത്രം വെള്ളമാണെങ്കിലും അത് സഹജർക്കു നൽകുകയാണെങ്കിൽ, പ്രതിഫലം ഉറപ്പാണ്. എന്താണ് ആ പ്രതിഫലം? അത് ദൈവം തന്നെയാണ്. അതെ, തന്നെക്കാൾ കുറഞ്ഞതൊന്നും അവൻ പ്രതിഫലമായി നൽകില്ല.

ഒരു പാത്രം വെള്ളം ഏതു പാവപ്പെട്ടവന് പോലും നൽകാൻ കഴിയും. ആ നൽകുവാനുള്ള മനസ്സാണ് യേശു ആഗ്രഹിക്കുന്ന ശിഷ്യത്വം. വെള്ളം ഒരു പ്രതീകം മാത്രമാണ്. അതിൽ കരുതലുണ്ട്, വാത്സല്യമുണ്ട്, സ്നേഹമുണ്ട്, ആർദ്രതയുണ്ട്. അത് സുവിശേഷമാണ്. അതിൽ യേശുവിന്റെ പഠനം മുഴുവനുമുണ്ട്. സുവിശേഷം കുരിശിലുമുണ്ട്. പക്ഷേ സുവിശേഷത്തിന്റെ പൂർണ്ണതയുള്ളത് ഒരു പാത്രം ശുദ്ധജലത്തിലാണ്. നിറഞ്ഞ ഹൃദയത്തോടെ അത് സഹജന് കൊടുക്കുമ്പോഴാണ് സുവിശേഷം ജീവിതമാകുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker