Meditation

കതിരും കളകളും (മത്തായി 13:24-43)

കളകൾക്ക് പ്രാധാന്യം കൊടുക്കുന്ന ചില നിഷേധാത്മക ചിന്തകളിൽ നിന്നും നമ്മൾ പുറത്തേക്ക് വരണം...

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും… എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു തർക്ക ഭൂമികയാണ്. ജീവന്റെ യജമാനനും മനുഷ്യന്റെ ശത്രുവും തമ്മിലുള്ള അനന്തമായ തർക്കത്തിലേർപ്പെടുന്ന ഇടം. അവിടെ നമ്മുടെ ഹൃദയവും ഉൾപ്പെടുന്നു. ഒരു നിലമാണ് ആ ഹൃദയം. വിത്തും കളകളും ഒന്നിച്ചു വളരുന്ന ഒരു നിലം. ആ നിലത്തിലേക്കാണ് യേശു ഉപമകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നത്.

കളകൾ എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വരിക അവയെ പിഴുതു മാറ്റുക എന്നതായിരിക്കാം. അത് ഒരു നൈസർഗ്ഗികമായ കാര്യമാണ്. ബാലിശവും തെറ്റായതും പക്വതയില്ലാത്തതുമായ പലതിനെയും പറിച്ചു കളയുക അല്ലെങ്കിൽ ഉന്മൂലനം ചെയ്യുക എന്ന ചിന്ത സ്വാഭാവികമാണ്. ചിലതൊക്കെ പറിച്ചു കളയുക അപ്പോൾ നല്ല ഫലം ഉണ്ടാകും എന്ന യുക്തിയാണത്. പക്ഷേ നല്ല വിത്തു വിതച്ച ദൈവത്തിന്റെ കാഴ്ചപ്പാട് അങ്ങനെയല്ല. അവൻ പറയുന്നത്, “വേണ്ട, കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങൾ പിഴുതു കളഞ്ഞെന്നു വരും”. ഒരു കാത്തിരിപ്പിന്റെ ആത്മീയത ഇവിടെയുണ്ട്. ചില കളകളെ കാണുമ്പോൾ ഉടനടി പ്രതികരിക്കുക എന്നതല്ല ദൈവീക പക്വത, അവയുടെ ഉന്മൂലനത്തെക്കാളുപരി വിത്തുകളുടെ സംരക്ഷണമാണ് പ്രധാനം എന്നതാണ്.

എന്താണ് ദൈവം നമ്മിൽ തേടുന്നത്? നമ്മുടെ കുറവുകളെയോ പ്രശ്നങ്ങളെയോ ദൗർബല്യങ്ങളെയോ ഒന്നുമല്ല, അപ്പമായി മാറാൻ സാധ്യതയുള്ള ഗോതമ്പു മണികളെയാണ്. വിളവിന്റെ നാഥന് നിലത്തിന്റെ കുറവുകളെ കുറിച്ച് നല്ല അവബോധമുണ്ട്. വിതക്കാരനായ ആ ദൈവം ഇന്നത്തെ നമ്മുടെ ദൗർബല്യത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്, നാളത്തെ വിളവിനാണ്. നമ്മുടെ പാപങ്ങളിലല്ല അവന്റെ നോട്ടം പതിയുന്നത്, നമ്മുടെ നന്മയിലേക്കും ആന്തരീക സൗന്ദര്യത്തിലേക്കുമാണ്. നമ്മുടെ കുറവുകളല്ല നമ്മെ നിർവചിക്കുന്നത്, നമ്മുടെ പക്വതയിലേക്കുള്ള വളർച്ചയാണ്. ആ വളർച്ചയിൽ രാത്രിയുടെ മറവിൽ വന്ന് കളകൾ വിതച്ചവന്റെ പ്രതിച്ഛായയല്ല നമ്മിലുണ്ടാവുക, നല്ല വിത്തു വിതച്ച യജമാനന്റെ സാദൃശ്യമായിരിക്കും.

സുവിശേഷമെന്നത് വിളവിന്റെയും ഫലഭൂയിഷ്ഠതയുടെയും ഒരു ആഖ്യായമാണ്. വയലേലകളും മുന്തിരിത്തോട്ടങ്ങളുമെല്ലാം ഉന്നതത്തിൽ നിന്നും ഊർജ്ജം സംഭരിച്ച് പതിയെ വളരുന്ന ജൈവീകതയുടെ പ്രതീകങ്ങളാണ്. അവ ചിത്രീകരിക്കുന്നത് എല്ലാം തികഞ്ഞ ഒരു ജീവിതത്തെയല്ല, ദുർബല ജീവിതത്തിന്റെ സാധാരണതയെയാണ്. ഇവിടെ ആരും അമലോൽഭവരോ പൂർണതയുള്ളവരോ അല്ല എന്ന ബോധ്യം നമുക്കുണ്ടാകണം. കുറവുകൾ ഉള്ളവരാണ് നമ്മൾ. നന്മയിലേക്ക് നടന്നടുക്കാൻ ആഗ്രഹിക്കുന്നവരുമാണ് നമ്മൾ. അങ്ങനെയാകുമ്പോൾ കളകൾക്കല്ല, വിളകൾക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. തിന്മയെക്കാൾ വലുപ്പം നന്മയ്ക്കാണ്. ഇരുട്ടിനേക്കാൾ പ്രാധാന്യം വെളിച്ചത്തിനാണ്. കളകളേക്കാൾ മൂല്യം കതിരിനു തന്നെയാണ്.

ഇതാണ് സുവിശേഷത്തിന്റെ പോസിറ്റിവിറ്റി. കളകൾക്ക് പ്രാധാന്യം കൊടുക്കുന്ന ചില നിഷേധാത്മക ചിന്തകളിൽ നിന്നും നമ്മൾ പുറത്തേക്ക് വരണം. നമ്മൾ നമ്മിലെ നിഴലുകളെയും ദൗർബല്യങ്ങളെയും കണ്ട് ഭയപ്പെടുന്നവരാണെങ്കിൽ കളകളെ പറിച്ചു കളയാൻ തിരക്കുകൂട്ടുന്ന ഭൃത്യന്മാർക്ക് തുല്യരാണ്. ആദ്യം നമ്മുടെ മനഃസാക്ഷി ശുദ്ധമാകട്ടെ. അപ്പോൾ നല്ലതും പ്രധാനപ്പെട്ടതും എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ദൈവം നമ്മിൽ നിരന്തരം വിത്തുകൾ വിതച്ചു കൊണ്ടിരിക്കുകയാണ് എന്ന സത്യം നമ്മൾ തിരിച്ചറിയും. ഒരു ഏദൻ തോട്ടം നമ്മുടെ ഉള്ളിലും ഉണ്ട്. അതിന്റെ പരിപാലനയാണ് നമ്മുടെ ഏക ഉത്തരവാദിത്വം. തോട്ടത്തിൽ പ്രലോഭനമായി ഒരു സർപ്പം ഉണ്ടായിരുന്നതു പോലെ, രാത്രിയുടെ മറവിൽ കളകൾ വിതയ്ക്കാൻ ശത്രുക്കളും കടന്നു വരാം. സർപ്പം ഇഴയുന്നതുപോലെ കളകളും വളരും. ശ്രവിക്കേണ്ടത് സർപ്പത്തെയല്ല, ശ്രദ്ധിക്കേണ്ടത് കളകളേയുമല്ല. മറിച്ച് യജമാനന്റെ സ്വരത്തെയും നല്ല വിത്തിന്റെ നന്മയെയുമാണ്. അവയിൽ നിന്നും മാത്രമേ ശക്തിയും സൗന്ദര്യവും പൊട്ടിപ്പുറപ്പെടുകയുള്ളൂ. അവ മാത്രമേ അവസാനം വരെ നിലനിൽക്കുകയുമുള്ളൂ. നാളെ ഒരു നിമിഷം വരും അപ്പോൾ കളകൾ അപ്രത്യക്ഷമാകും. കൊയ്ത്തുകാർ അവയെ ശേഖരിക്കും. തീയിൽ ചുട്ടുകളയുകയും ചെയ്യും. പക്ഷേ നല്ല വിത്തുകളായ ഗോതമ്പുകൾ എന്നേക്കും നിലനിൽക്കും. അതെ, നമ്മുടെ കുറവുകളല്ല, നമ്മുടെ നന്മകൾ മാത്രമെ നിത്യതയോളം നിലനിൽക്കു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker