Meditation

23rd Sunday_സഭയും സാഹോദര്യവും (മത്താ 18:15-20)

സ്വാതന്ത്ര്യത്തിന്റെയും സൗഹൃദത്തിന്റെയും പരിമളം പരത്തുന്ന ഒരു ഇളംതെന്നലാണ് ദൈവം...

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ

“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ 15:20). അവരുടെയിടയിൽ ആർദ്രമായ ഒരു സാന്നിധ്യം പോലെ. ആർദ്രത, ദയ എന്നീ പദങ്ങൾക്ക് പശ എന്നും അർത്ഥമുണ്ട്. കൂട്ടിയോജിപ്പിക്കുന്ന സാന്നിധ്യമായി യേശു ഉണ്ട്. അവന്റെ നാമത്തിൽ ഒരുമിച്ചു കൂടുക എന്നത് ആരാധനക്രമത്തിന്റെയും കൾട്ടുകളുടെയും അതിർവരമ്പുകളിൽ ഒതുങ്ങുന്ന യാഥാർത്ഥ്യമാണെന്ന് കരുതരുത്. ജീവിതത്തിന്റെ ചക്രവാളത്തെ ചേർത്തുനിർത്തുന്ന വാചകമാണത്. രണ്ടോ മൂന്നോ പേർ സത്യത്തിനു വേണ്ടി നിലപാടെടുക്കുമ്പോൾ, കലർപ്പില്ലാത്ത സ്നേഹത്തോടെ പ്രണയികൾ പരസ്പരം കൈകൾ കോർക്കുമ്പോൾ, കണ്ണുകളിൽ നോക്കി നീ എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും ആണെന്ന് പറയുമ്പോൾ, അവിടെയുണ്ട് ദൈവം. ഏതു നന്മയെയും കെട്ടുറപ്പിക്കുന്ന സാന്നിധ്യമാണവൻ. സ്നേഹത്തിന്റെ കടം വീട്ടാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നവന്റെ കൂടെയുമുണ്ട് ക്രിസ്തു. അതിലാവണ്യമാണവൻ. ഒരേയൊരു ലക്ഷ്യമേ അവനുള്ളൂ: തെറ്റുചെയ്ത് അകന്നുപോയ സഹോദരനെ തേടി ഇറങ്ങിത്തിരിക്കുക. അവന്റെ വാതിലിൽ മുട്ടി അവനുമായി സംസാരിക്കുക.

“നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും… അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്താ 18:18). കെട്ടുക എന്നത് ആരെയെങ്കിലും വിധിക്കാനോ ശിക്ഷിക്കാനോ ഉള്ള നിയമപരമായ അധികാരമല്ല. അഴിക്കുക എന്നത് കുറ്റങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ആരെയെങ്കിലും മോചിപ്പിക്കുക എന്നതുമല്ല. സ്വാതന്ത്ര്യമുള്ള ഒരു കൂട്ടായ്മ സൃഷ്ടിക്കുക എന്നതാണത്. മുങ്ങിത്താഴുന്ന പത്രോസിനെ കൈ പിടിച്ചുയർത്തിയതു പോലെ, പതിനെട്ടു വർഷമായി കൂനുണ്ടായിരുന്ന ഒരു സ്ത്രീയെ നിവർന്നുനിൽക്കാൻ സഹായിച്ചതുപോലെ സഹജരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ്. ഓരോ തവണയും നമ്മൾ കൂട്ടായ്മയുടെ വിത്തുകൾ വിതയ്ക്കുമ്പോൾ സ്വർഗ്ഗം അവിടെയുണ്ട്. സ്വർഗ്ഗം എന്ന യേശു എന്നിലോ നിന്നിലോ ഉണ്ട് എന്നല്ല സുവിശേഷം പറയുന്നത്. എന്റെയും നിന്റെയും മധ്യേയുണ്ട് എന്നാണ്. നിശ്ചലമായ ഒരു സാന്നിധ്യം അല്ലത്, ഞാനും നീയും എത്തിച്ചേരേണ്ട ഒരു ലക്ഷ്യവും നടക്കേണ്ട വഴിത്താരയുമാണ്.

സ്വാതന്ത്ര്യത്തിന്റെയും സൗഹൃദത്തിന്റെയും പരിമളം പരത്തുന്ന ഒരു ഇളംതെന്നലാണ് ദൈവം. ആ ദൈവത്തിന്റെ സാദൃശ്യവും രൂപവുമാണ് നമുക്കുള്ളത്. അതുകൊണ്ടാണ് സുവിശേഷകൻ തെറ്റുകളെ കുറിച്ച് പറയുമ്പോഴും സംഭാഷണത്തിന്റെയും കണ്ടുമുട്ടലിന്റെയും ക്രിയകൾ ഉപയോഗിക്കുന്നത്. സഹോദരൻ തെറ്റ് ചെയ്താൽ അനുരഞ്ജനം തുടങ്ങേണ്ടത് അവനും നീയും ആയിരിക്കുമ്പോൾ മാത്രമാണ്. നീരസത്തോടെ നിശബ്ദത പാലിക്കാൻ എളുപ്പമാണ്. പക്ഷേ സംഭാഷണം ആരംഭിക്കണം എന്നാണ് സുവിശേഷം പറയുന്നത്. ആദ്യപടി ബോധ്യപ്പെടുത്തലാണ്. രണ്ടു രീതിയിൽ വേണമെങ്കിൽ അത് ചെയ്യാം. സ്നാപകയോഹന്നാനെ പോലെ ശബ്ദമുയർത്തി, വിരൽചൂണ്ടി ഒരു പ്രവാചകനെപ്പോലെ കഠിനമായ പദങ്ങൾ ഉപയോഗിക്കാം. അങ്ങനെയല്ല, പക്ഷേ, യേശുവിന്റെ സമീപനം. അവന്റെ ബോധ്യപ്പെടുത്തലിൽ കുറ്റപ്പെടുത്തൽ ഇല്ല. ആർദ്രതയാണ് അവന്റെ ചുണ്ടുവിരലിൽ ഉള്ളത്. പ്രസംഗ പീഠത്തിൽ നിന്നുള്ള പ്രബോധനത്തിലൂടെയല്ല അവൻ ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നത്, അവരോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ സങ്കടങ്ങളിൽ പങ്കുചേർന്നാണ്. പ്രസംഗത്തിലൂടെയല്ല, സംഭാഷണത്തിലൂടെ മാത്രമേ ഏത് അനുരഞ്ജനവും സാധ്യമാകുകയുള്ളൂ. തെറ്റ് ചെയ്തു നടന്നകലുന്നത് ശത്രുവല്ല, സഹോദരനാണ്. അവൻ ചിലപ്പോൾ നമ്മെ ആക്ഷേപിച്ചെന്നിരിക്കാം. പക്ഷെ വ്യക്തമായ ബോധത്തോടെ വേദനിപ്പിക്കുകയോ ഉള്ളിൽ തിന്മവച്ചുകൊണ്ട് മുഖസ്തുതി പറയുകയോ ചെയ്യുകയില്ല.

“അവൻ നിന്റെ വാക്ക് കേൾക്കുന്നെങ്കിൽ നീ നിന്റെ സഹോദരനെ നേടി”. സഹോദരനാകണം നമ്മുടെ നേട്ടം. ആ നേട്ടം ഒരു നിധിയാണ്. അതുമാത്രമാണ് സഭയുടെ സ്വത്ത്. എവിടെ നിന്റെ നിക്ഷേപം എന്ന് ചോദിച്ചാൽ അത് സാഹോദര്യത്തിലും സൗഹൃദത്തിലും ഉണ്ട് എന്ന് വിളിച്ചു പറയുന്ന കൂട്ടായ്മയാണ് സുവിശേഷം വിഭാവനം ചെയ്യുന്ന സഭ. അവിടെ ആർക്കും മഹറോനില്ല, അനുരഞ്ജനത്തിനായി വാതിലിൽ മുട്ടുന്ന സഹോദരരും ചുങ്കക്കാരോടൊപ്പം ഭക്ഷണം കഴിക്കുന്ന ക്രിസ്തുമാനസരും മാത്രമേയുള്ളൂ. അതാണ് സഭ. ആ കൂട്ടായ്മയെ മാത്രമേ സഭ എന്ന് വിളിക്കാനും പാടുള്ളൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker