Meditation

27th Sunday_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

മുന്തിരിത്തോട്ടം ഒരു പ്രതീകമാണ്. നമ്മുടെ ഓരോരുത്തരുടെയും പ്രതീകം...

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല ഒരു ഘട്ടത്തിൽ അവൻ സ്വയം വിശേഷിപ്പിക്കുന്നത് ഒരു മുന്തിരിച്ചെടിയായിട്ടാണ്. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണെന്നാണ് അവൻ അപ്പോൾ പറയുന്നത് (യോഹ 15:5). ആ വെളിപ്പെടുത്തലിൽ പിതാവിനെ ഒരു തോട്ടക്കാരനായിട്ടാണ് അവൻ ചിത്രീകരിക്കുന്നത്. അതെ, പിതാവ് ഒരു കർഷകനാണ്. പക്ഷേ ഇന്നത്തെ സുവിശേഷം മുന്തിരിത്തോട്ടത്തിലെ രക്തച്ചൊരിച്ചിലിന്റെ കഥയാണ് പറയുന്നത്. ലളിതമല്ല ഈ ഉപമ. ഇതിലെ നല്ല ശതമാനം കഥാപാത്രങ്ങളും വില്ലന്മാരാണ്. ക്രൂരതയോടു കൂട്ടുകൂടുന്ന കൃഷിക്കാരാണവർ. വിവേകശൂന്യവും ക്രൂരവുമായ പദങ്ങൾ ഉപയോഗിക്കുന്നവരാണവർ. എന്തുകൊണ്ടാണ് യേശു ഇങ്ങനെയുള്ളവരെ കഥാപാത്രങ്ങളാക്കുന്നത്? കാരണം അവന്റെ ചുറ്റിനുമുള്ള യാഥാർത്ഥ്യം അതാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്. മുറിവുകളുടെ ഒരു ചക്രവാളത്തിലേക്കാണ് ഉപമ നമ്മെ കൊണ്ടുപോകുന്നത്.

“ഇവനാണ് അവകാശി, വരുവിൻ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം”. എങ്ങനെയാണ് അവർക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ സാധിക്കുക? ആ കൃഷിയിടവും ഫലങ്ങളും അവരുടെ സ്വന്തമല്ലെന്ന് അവർക്കറിയാം. എന്നിട്ടും പ്രാകൃതവും ക്രൂരവുമായ തലത്തിലൂടെയാണ് അവരുടെ ചിന്തകൾ പോകുന്നത്. ഒരാളെ കീഴ്പെടുത്തി അയാളുടെ സ്വന്തമെന്നു കരുതുന്നതെല്ലാം വരുതിയിലാക്കാൻ ശ്രമിക്കുക. ഇത് മാനുഷികമല്ല, പൈശാചികമാണ്. അതിനെ പ്രത്യാശകൊണ്ടാണ് സ്വർഗ്ഗം നേരിടുന്നത്. ഓരോ വഞ്ചനയ്ക്ക് ശേഷം ഭൃത്യരെയും പ്രവാചകന്മാരെയും ഒടുവിൽ തന്റെ ഏകജാതനെ പോലും മുന്തിരിത്തോട്ടത്തിലേക്ക് അയക്കുന്ന വീട്ടുടമസ്ഥനാണ് ദൈവം.

മുന്തിരിത്തോട്ടം ഒരു പ്രതീകമാണ്. നമ്മുടെ ഓരോരുത്തരുടെയും പ്രതീകം. നിരാസങ്ങളിലൂടെ സ്നേഹിക്കുന്നവരുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്ന ഒരിടമാണത്. അവിടെ പ്രണയികളുടെയും ദൈവത്തിന്റെയും നിരാശ തളംകെട്ടി കിടക്കുന്നുണ്ട്. ഉള്ളിൽ ആത്മാർത്ഥ സ്നേഹമുള്ളവർ ഒരു നിരസനത്തിന്റെയും മുന്നിൽ പിന്തിരിഞ്ഞു പോകുകയില്ല. അവർ വീണ്ടും വീണ്ടും ആ മുന്തിരിത്തോട്ടത്തിലേക്ക് സ്നേഹസന്ദേശങ്ങൾ അയക്കും. അതുതന്നെയാണ് ദൈവവും ചെയ്യുന്നത്.

ഉപമയുടെ അവസാനം ഒരു വഴിത്തിരിവുണ്ട്. അതൊരു ചോദ്യമാണ്; “അങ്ങനെയെങ്കിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ അവൻ ആ കൃഷിക്കാരോട് എന്തുചെയ്യും?” ചോദ്യം പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടുമാണ്. അവരോടാണല്ലോ യേശു ഈ ഉപമ പറയുന്നത്. ദാരുണമാണ് അവർ നൽകുന്ന ഉത്തരവും പരിഹാരവും: “അവൻ ദുഷ്ടരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏൽപ്പിക്കുകയും ചെയ്യും”. മറ്റൊരക്രമത്തിന്റെ ചരിത്രമാണ് അവർ രചിക്കുവാൻ ശ്രമിക്കുന്നത്. തിന്മയെ തിന്മ കൊണ്ട് നേരിടണമെന്നാണ് അവർ പറയുന്നത്. പ്രതികാരം, ഹിംസ, സ്വർഗ്ഗത്തിൽ നിന്നുള്ള അഗ്നി ഇതൊക്കെയാണ് ചില നിരസനങ്ങളുടെ മുൻപിൽ നമ്മൾ ഇന്നും കൊണ്ടുവരുന്ന പരിഹാരങ്ങൾ. പക്ഷേ അതല്ല യേശുവിന്റെ ശൈലിയും മനോഭാവവും. അവന്റെ മറുപടിയിൽ ഹിംസയുടെ തന്മാത്രകളില്ല. ദൈവവും മനുഷ്യനുമായുള്ള സ്നേഹഗാഥയിൽ വിശ്വാസവഞ്ചന ഒരു താളപ്പിഴയായി ഉണ്ടായാലും ഒരു ദുരന്തമായി ഈ കഥയെ ദൈവം അവസാനിപ്പിക്കുകയില്ല. മറിച്ച് ആത്മവിശ്വാസത്തോടെ മറ്റൊരു ഗാഥയ്ക്കായി അവൻ ഈണമിടും: “ദൈവരാജ്യം നിങ്ങളിൽ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നൽകപ്പെടും”.

വേണമെങ്കിൽ ദൈവത്തിന് എല്ലാ വ്യവസ്ഥകളെയും ഏകപക്ഷീയമായി പിൻവലിച്ചു തനിവഴിയിലൂടെ തിരികെ പോകാവുന്നതാണ്. ഇല്ല, അവനത് ചെയ്യുന്നില്ല. അവന്റേതാണ് ചരിത്രം. വിശ്വാസവഞ്ചന ആര് കാണിച്ചാലും ചരിത്രം മുന്നിലേക്ക് തന്നെ നീങ്ങേണ്ടിയിരിക്കുന്നു. ഇതാണ് നമ്മുടെ ഏക ആശ്വാസം. നമ്മുടെ സംശയങ്ങളും പാപങ്ങളും വിശ്വാസവഞ്ചനകളും ഒന്നുംതന്നെ അവനെ പിൻവലിക്കുന്നില്ല. നല്ല വീഞ്ഞിനായുള്ള അവന്റെ സ്വപ്നത്തെ ആർക്കും തല്ലിക്കെടുത്താൻ സാധിക്കുകയില്ല. മുന്തിരിത്തോട്ടം ഇനിയും പൂവണിയുകയും ഫലം കായ്ക്കുകയും ചെയ്യും. അതിനെ സംരക്ഷിക്കുന്നവർ ഹിംസയോടു കൂട്ടുകൂടുകയാണെങ്കിൽ, ഓർക്കുക, ഫലം പുറപ്പെടുവിക്കുന്നവർ ഇപ്പോഴും പുറത്തുണ്ട് എന്ന കാര്യം. അടിച്ചമർത്തലിന്റെയും ധാർഷ്ട്യത്തിന്റെയും മാർഗ്ഗത്തിലൂടെ എന്നും എപ്പോഴും മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരായി വാഴാം എന്ന് വിചാരിക്കരുത്. ഒരു ജനത പുറത്ത് ഉയർന്നുവരുന്നുണ്ട്. അവർക്കറിയാം എങ്ങനെ ഫലം പുറപ്പെടുവിക്കണമെന്ന്. അത് അവരെ ഏൽപ്പിക്കുന്ന കാലം അത്ര വിദൂരവും അല്ല. കാരണം, മുന്തിരിത്തോട്ടം ദൈവത്തിന്റേതാണ്. അവിടെ തിന്മയ്ക്ക് സ്ഥാനമില്ല. ഇന്നലത്തെ വഞ്ചനയെക്കാൾ നാളത്തെ വിളവെടുപ്പിനാണ് അവിടെ പ്രാധാന്യം. അതിനാൽ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരെന്ന് സ്വയംകരുതുന്നവർ ഓർക്കണം തോട്ടം ഏൽപ്പിച്ചവനോടുള്ള സ്നേഹം അവനയക്കുന്ന ഭൃത്യരോടും ഉണ്ടാകണം എന്ന കാര്യം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker