Meditation

“നിങ്ങൾ എന്തന്വേഷിക്കുന്നു?” (യോഹ 1:35-42)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ

“നിങ്ങൾ എന്തന്വേഷിക്കുന്നു?” യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ ആദ്യ വാക്കുകളാണിത്. സ്നാപകന്റെ സാക്ഷ്യം കേട്ട് പിന്നാലെ കൂടിയിരിക്കുന്ന രണ്ട് യുവാക്കളോടാണ് അവന്റെ ഈ ചോദ്യം. ഈ ചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു. മറിച്ച് മറുചോദ്യമാണ്. ആദ്യമായിട്ടാണ് ഗുരുവിന്റെ ചോദ്യത്തിന് മറുചോദ്യമുയരുന്നത്: “ഗുരോ, അങ്ങ് എവിടെയാണ് താമസിക്കുന്നത്?” നമുക്ക് അവരുടെ സംഭാഷണത്തെ വേറൊരു രീതിയിൽ ചിത്രീകരിച്ചു നോക്കാം.

– “നിങ്ങൾ എന്തന്വേഷിക്കുന്നു?”
– ഞങ്ങൾ നിന്റെ വാസസ്ഥലം അന്വേഷിക്കുന്നു.
– എന്തിന്?
– നിന്നോടൊപ്പം ആയിരിക്കാൻ.

അതെ, അവർ അവനോടൊപ്പം വസിച്ചു. അത് വളരെ കൃത്യതയുള്ള കാര്യമാണ്. അതുകൊണ്ടാണ് സുവിശേഷകൻ ആ സമയത്തെക്കുറിച്ച് പോലും പ്രതിപാദിക്കുന്നത്: “അപ്പോൾ ഏകദേശം പത്താം മണിക്കൂർ ആയിരുന്നു” (v.39).

അന്വേഷണം എന്ന സങ്കല്പം യോഹന്നാന്റെ സുവിശേഷത്തിൽ ഒരു പ്രധാന വിഷയമാണ്. ഏകദേശം 34 പ്രാവശ്യം അന്വേഷിക്കുക എന്ന പദം ആവർത്തിക്കുന്നുണ്ട്. അതിൽ 11 പ്രാവശ്യം ക്രിസ്തുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. സുവിശേഷത്തിന്റെ അവസാന താളിൽ ഉത്ഥിതനും ഏകദേശം ഇതേ ചോദ്യം തന്നെ ചോദിക്കുന്നുണ്ട്. അവൻ മഗ്ദലേനയോട് ചോദിക്കുന്നു: “സ്ത്രീയെ, നീ ആരെയാണ് അന്വേഷിക്കുന്നത്?

യേശു അങ്ങനെയാണ്. വിസ്മയിപ്പിച്ചു കൊണ്ടോ, സംഭ്രമിപ്പിച്ചു കൊണ്ടോ, ഉപദേശിച്ചു കൊണ്ടോ ഒന്നുമല്ല നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. നീ എന്താണ് അന്വേഷിക്കുന്നത് ആ അന്വേഷണത്തിലെ മാർഗ്ഗവും ലക്ഷ്യവുമാണവൻ. അവൻ എല്ലാ അന്വേഷണങ്ങൾക്കുള്ളിലെ രാസത്വരകമാണ്. നിന്റെ മുന്നേ നടക്കുക എന്നതല്ല അവന്റെ അഭിരുചി. നിന്നോടൊപ്പം ആയിരിക്കുകയെന്നതാണ്. ഒരു സഹയാത്രികനായി നിന്റെ ഹൃദയാന്വേഷണത്തിന്റെ ഭാഗമാകുന്നു.

ഇവിടെയാണ് “നിങ്ങൾ എന്തന്വേഷിക്കുന്നു?” എന്ന ചോദ്യത്തിന് നമ്മൾ ഉത്തരം പറയേണ്ടത്. നമ്മുടെ ധിഷണയെയോ, നൈപുണ്യത്തെയോ, മനോവികാസത്തെയോ, ദൈവവിചാരത്തെയോ സ്പർശിക്കുന്ന തരത്തിലുള്ള ഒരു ചോദ്യമല്ല ഇത്. ഈ ചോദ്യത്തിന്റെ പൊരുൾ തികച്ചും മാനുഷികമാണ്. അതുകൊണ്ടു തന്നെ പാമരനൊ പണ്ഡിതനൊ, പാപിയൊ പുണ്യവാനൊ, പുരോഹിതനൊ പ്രവാചകനൊ, അൽമായനൊ ആശ്രമവാസിയൊ എന്ന വ്യത്യാസമില്ലാതെ ഏതൊരാൾക്കും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കും.
“നീയെന്തന്വേഷിക്കുന്നു?”

ആദ്യം നീ നിന്റെ ഉള്ളിലേക്ക് നോക്കണം. നിന്റെ ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ, അഭിനിവേശങ്ങളുടെ രഹസ്യാത്മക തലങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. എന്നിട്ട് നിന്നോട് തന്നെ ചോദിക്കണം: എന്താണ് ആത്യന്തികമായി എനിക്ക് വേണ്ടത്? എന്തിനു വേണ്ടിയാണ് ഞാൻ ദാഹിക്കുന്നത്? എന്ത് ലഭിച്ചാലാണ് എന്റെ ആന്തരികമായ വിശപ്പ് അടങ്ങുക? അപ്പോൾ മനസ്സിലാകും ഈ ദാഹവും വിശപ്പുമെല്ലാം ഉന്നതമായതിനു വേണ്ടിയാണെന്ന്. സ്വർഗ്ഗത്തിനോടുള്ള അഭിനിവേശമാണത്. ആനന്ദത്തിന്, സ്നേഹത്തിന്, ആർദ്രതയ്ക്ക് വേണ്ടിയുള്ള അന്വേഷണമാണത്. സത്യം അതിന്റെ എല്ലാ ലാവണ്യത്തോടു കൂടി തെളിഞ്ഞു നിൽക്കുന്നതിനുവേണ്ടി… നീതി പ്രഭാതകിരണമായി മാറാല കെട്ടിയ ജീവിതങ്ങളിൽ പതിയുന്നതിനുവേണ്ടി… തലവിധികളെ പഴിച്ച് ഇരുളടഞ്ഞ വഴികളിൽ തപ്പി തടയാതിരിക്കുന്നതിനു വേണ്ടി…

“നീ എന്തന്വേഷിക്കുന്നു?” ലളിതമാണ് ഗുരുവിന്റെ ചോദ്യം. നമുക്കറിയാം അന്വേഷണാത്മകതയും തൃഷ്ണയുമാണ് മനുഷ്യവർഗ്ഗത്തിന്റെ അനന്യതയെന്ന്. പൂർണ്ണരല്ല നമ്മൾ. എന്തൊക്കെയോ കുറവുകൾ നമുക്കുണ്ട്. ആ കുറവിനെ കുറിച്ചുള്ള അവബോധത്തിൽ നിന്നേ അന്വേഷണാത്മകതയുടെ വിത്തുകൾ കിളിർക്കു. പൂർണ്ണനാണെന്ന് കരുതിയിരുന്ന ഒരു ധനവാനായ യുവാവിനോട് ഗുരു മുഖത്തു നോക്കി പറയുന്നുണ്ട്; നിനക്ക് ഒരു കുറവുണ്ട്. നിയമങ്ങളെല്ലാം പാലിച്ചിരുന്നവനായിരുന്നു അവൻ. എന്നിട്ടും ഗുരു അവനിൽ ഒരു കുറവ് കണ്ടെത്തുന്നു. ദരിദ്രരെ അവഗണിച്ചുള്ള ധനസമ്പാദനമായിരുന്നു ആ കുറവ്. അവന്റെ കുറവ് നിറവാകുന്നതിനു വേണ്ടി രണ്ടു കാര്യമാണ് ഗുരു അവനോട് ആവശ്യപ്പെടുന്നത്; ദരിദ്രരെ പരിഗണിക്കുക എന്നിട്ട് എന്നോടൊപ്പം ചേരുക (മർക്കോ 10:17-22).

ഗുരുവിനോടൊപ്പം ചേരുക. അതാണ് നിറവ്. അത് ആന്തരിക അനുഭവമാണ്. അത് അവാച്യവും അവർണ്ണനീയവുമാണ്. അതിനെ നിമിഷങ്ങളിലെ നിർവ്വചിക്കാൻ സാധിക്കൂ. അതുകൊണ്ടാണ് സുവിശേഷകൻ ആ അനുഭവത്തെ സമയ സങ്കൽപ്പത്തോട് ചേർത്തു വയ്ക്കുന്നത് : “അപ്പോൾ ഏകദേശം പത്താം മണിക്കൂർ ആയിരുന്നു”.

ജ്ഞാനബലത്തിലോ, ധനബലത്തിലോ, ബന്ധുബലത്തിലോ, കായികബലത്തിലോ ഒന്നുമല്ല നമ്മിലെ പൂർണത അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം നീ സ്വരൂപിച്ചാലും ഇതിനുള്ളിലും ഒരു ഇല്ലായ്മ നിനക്കനുഭവപ്പെടും. ഒരു അസാന്നിധ്യം. ദൈവികതയുടെ അസാന്നിധ്യം. ക്രിസ്തുവിനോട് ചേർത്തു നിർത്തുമ്പോൾ മാത്രമേ ഈ നേട്ടങ്ങൾക്ക് പൊരുൾ ലഭിക്കു. സ്വർഗ്ഗത്തിന്റെ പരിമളമില്ലാത്ത ജ്ഞാനവും ധനവും ബന്ധവും കായിക ക്ഷമതയുമൊന്നും നിറവുകളല്ല, കുറവുകൾ തന്നെയാണ്. ഇവിടെയാണ് “നീയെന്തന്വേഷിക്കുന്നു?” എന്ന ചോദ്യം ഇന്നും പ്രസക്തമാകുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker