Meditation

നിശ്ശബ്ദനായിരിക്കുക (മർക്കോ 1: 21-28)

നമ്മൾ വിശുദ്ധം എന്ന് കരുതുന്ന ഇടത്തിൽ ഏതു സാന്നിധ്യമാണ് കയറിക്കൂടിയിരിക്കുന്നത്...

ആണ്ടുവട്ടത്തിലെ നാലാം ഞായർ

അലഞ്ഞുതിരിഞ്ഞു നടന്ന റബ്ബിയായിരുന്നു യേശു. സ്വന്തമായി ഒരു സ്ക്കൂളും അവൻ സ്ഥാപിച്ചില്ല. പ്രസംഗിക്കാനായി ഒരു പ്രത്യേക ഇടവും അവൻ ഒരുക്കിയിരുന്നില്ല. എല്ലായിടത്തെയും ഒരു പ്രസംഗപീഠം ആക്കി എന്നതാണ് അവന്റെ പ്രത്യേകത. ഇതാ, അവനിപ്പോൾ കഫർണാമിലെ സിനഗോഗിൽ. സാബത്ത് ദിനമാണ്. അവൻ പഠിപ്പിക്കുകയാണ്. വചന വിചിന്തനം ചെയ്യുകയാണ്. നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ്.

വചനം പഠിപ്പിക്കാൻ അധികാരമുള്ളവരാണ് നിയമജ്ഞർ. നീണ്ടകാലത്തെ പഠനത്തിനു ശേഷമാണ് ഒരാൾ നിയമജ്ഞനാവുക. 40 വയസ്സാണ് ഏറ്റവും കുറഞ്ഞ പ്രായം. മോശയുടെ നിയമത്തിന്റെ ആത്മാവ് അറിയുക എന്നതാണ് അവരിൽ നിക്ഷിപ്തമായിരിക്കുന്ന കടമ. വിശുദ്ധ ഗ്രന്ഥത്തെ വ്യാഖ്യാനിക്കാൻ അവർക്ക് മാത്രമാണ് അധികാരമുള്ളത്. വിശുദ്ധ ഗ്രന്ഥത്തെ ആഴമായി പഠിച്ചവരാണെങ്കിൽ പോലും പ്രായോഗികതലത്തിൽ നല്ല ശതമാനം നിയമജ്ഞരും തോൽവികളായിരുന്നു എന്നതാണ് സത്യം. ദൈവനിയമത്തെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് പറിച്ചുനടാൻ അവർക്ക് സാധിച്ചിരുന്നില്ല. അറിവുകളെ നിർവചനങ്ങളാക്കി മാറ്റി ബുദ്ധിയുടെ തലത്തിൽ മാത്രം നിൽക്കുന്നവരായിരുന്നു അവർ. മുരടിപ്പിക്കുന്നതും മുഷിപ്പിക്കുന്നതും ആയിരുന്നു അവരുടെ അധികാരം.

അധികാരം എന്ന പദത്തിന്റെ ലത്തീൻ നിരുക്തിയെ അന്വേഷിച്ചാൽ “Augeo” എന്ന ക്രിയയിൽ നമ്മൾ എത്തിപ്പെടും. അതിന്റെ അർത്ഥം വളർത്തുക, വർദ്ധിപ്പിക്കുക എന്നൊക്കെയാണ്. അതായത് അധികാരമെന്നാൽ വളർത്തുക, വർദ്ധിപ്പിക്കുക എന്നതാണ്. ആരെയാണ് വളർത്തേണ്ടത്? അധികാരിയുടെ കീഴിലുള്ള ഓരോരുത്തരെയും. ഇതാണ് യേശുവിന്റെ അധികാരത്തിന്റെ പ്രത്യേകത. തളർത്തുന്നവനല്ല, വളർത്തുന്നവനാണ് യേശു. അതുകൊണ്ടാണ് അവൻ്റെ വാക്കുകൾ ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. ഒരു കാര്യം നമ്മളും ഓർക്കണം, നമ്മൾ പ്രസംഗിക്കുന്ന കാര്യങ്ങൾ പ്രായോഗികമാക്കാൻ നടത്തുന്ന പരിശ്രമത്തിനേക്കാളുപരി നമ്മൾ വിശ്വസിക്കുന്നതിൽ നിന്നും പിന്മാറുകയില്ല എന്ന ബോധ്യമാണ് ആദ്യം നമുക്ക് വേണ്ടത്. എങ്കിൽ മാത്രമേ നമ്മുടെ പ്രസംഗങ്ങളും വിശ്വാസവും ശ്രോതാക്കളെ വളർത്തൂ. നമ്മൾ ആരും പ്രസംഗപീഠത്തിൽ നിന്നും വിഡ്ഢിത്തരങ്ങൾ വിളമ്പില്ലായിരിക്കാം. പക്ഷേ പല പ്രാവശ്യവും നമ്മുടെ വചന വ്യാഖ്യാനങ്ങൾ നിയമജ്ഞരുടേതു പോലെയാണ്. ആരുടെയും ഹൃദയത്തെ സ്പർശിക്കാത്ത അധികാരമില്ലാത്ത പ്രഘോഷണങ്ങളായി അവ ചുരുങ്ങുന്നു. പലപ്രാവശ്യവും നമ്മൾ അധികാരത്തെ സ്വേച്ഛാധിപത്യമാക്കി ചില ഭാഷ്യങ്ങളെ നിർബന്ധിച്ച് ശ്രോതാക്കളെ കേൾപ്പിക്കുകയാണ്. അങ്ങനെ ഒരു captive audience നമ്മുടെ പള്ളികളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

“അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ സിനഗോഗിൽ ഉണ്ടായിരുന്നു”. ഉള്ളിലാണ് തിന്മയുടെ സാന്നിധ്യം. പ്രാർത്ഥനയുടെ ഇടം എന്ന് കരുതുന്നിടത്താണ് ഈ സാന്നിധ്യം. ഈയൊരു ഉള്ളടക്കത്തിൽ നിന്നാണ് മോചനം ആദ്യം വേണ്ടത്. നമ്മൾ വിശുദ്ധം എന്ന് കരുതുന്ന ഇടത്തിൽ ഏതു സാന്നിധ്യമാണ് കയറിക്കൂടിയിരിക്കുന്നത് എന്നും വിചിന്തനം ചെയ്യേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്. സഭയിൽ ചില പ്രശ്നങ്ങൾ വരുമ്പോൾ പുറത്തേക്കല്ല നമ്മൾ വിരൽ ചൂണ്ടേണ്ടത്. ഉള്ളിലേക്കാണ്. അവിടെ ഏത് ആത്മാവാണ് കയറിക്കൂടിയിരിക്കുന്നത് എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം ഉണ്ടാകേണ്ടത്. ശരിയാണ്, സഭ എന്നത് പരിപൂർണ്ണരായ വിശുദ്ധരുടെ ഒരു കൂട്ടായ്മയല്ല, അത് ക്ഷമിക്കപ്പെട്ട പാപികളുടെ ഇടമാണ്. അപ്പോഴും ഒരു കാര്യമോർക്കണം, സഭയിൽ വിനീതവിധേയരായ സൂപ്പർഹീറോകളെ മാത്രം മതി എന്ന ചിന്ത സിനഗോഗിനുള്ളിൽ ഒന്നുമറിയാത്തവനെ പോലെ ഇരുന്നിരുന്ന അശുദ്ധാത്മാവ് ബാധിച്ചവനെപ്പോലെയുള്ളവരെ സൃഷ്ടിക്കുക മാത്രമേ ചെയ്യു.

ആ സിനഗോഗിലേക്ക് യേശു കടന്നുവരുന്നതുവരെ അശുദ്ധാത്മാവ് ബാധിച്ചവൻ ശാന്തനായിരുന്നു. പക്ഷേ യേശുവിന്റെ സുവിശേഷാത്മകമായ ഇടപെടലിൽ അവൻ അസ്വസ്ഥനാകുകയാണ്. വചനം വ്യക്തമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ തിന്മയുടെ ശക്തികൾ അലമുറയിടും. വചനം ജൈവികമാകുന്ന ഇടങ്ങളിൽ തിന്മയുടെ ശക്തിക്ക് നിലനിൽക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് അശുദ്ധാത്മാവ് ബാധിച്ചവൻ അലറുന്നത്: “നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്?” ദൗർഭാഗ്യം എന്ന് പറയട്ടെ ഇന്ന് സഭയുടെ പുറത്തുനിന്നല്ല, അകത്തുനിന്നുമാണ് ഇങ്ങനെയുള്ള വാചകങ്ങൾ അലമുറയായി മുഴങ്ങിക്കേൾക്കുന്നത്.

അശുദ്ധാത്മാവ് ബാധിച്ചവനോടുള്ള യേശുവിന്റെ ആദ്യത്തെ വാക്ക് ഫീമൊത്തേതി (Φιμώθητι) അഥവാ വാമൂടിക്കെട്ടുക എന്നാണ്. ശക്തമാണ് ഈ പദം. മൃഗങ്ങൾക്ക് മൂക്കുകയറിടുന്ന പ്രവൃത്തിയെയാണ് അത് സൂചിപ്പിക്കുന്നത്. വെറുമൊരു നിശബ്ദതയല്ല, നിർബന്ധിത നിശബ്ദതയാണത്. സൗഖ്യമാകാൻ, തിന്മയിൽ നിന്നും അകന്നിരിക്കാൻ, രൂപാന്തരപ്പെടാൻ ആഗ്രഹമുണ്ടോ? എങ്കിൽ നിശബ്ദരായിരിക്കുക. യേശു പ്രവർത്തിക്കട്ടെ. ഈ അലമുറകൾ കൊണ്ട് ഒന്നും നമ്മൾ നേടിയെടുക്കാൻ പോകുന്നില്ല. നമ്മുടെ പ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമായി പുറത്തേക്കല്ല ഇനി വിരൽ ചൂണ്ടേണ്ടത്, ഉള്ളിലേക്കാണ്. അവിടെ വചനം ഉണ്ടോ? അവിടെ യേശു ഉണ്ടോ? ഉണ്ടെങ്കിൽ നിശ്ശബ്ദരായിരിക്കുക. അവൻ പ്രവർത്തിക്കട്ടെ. അപ്പോൾ എല്ലാ തിന്മയുടെ ശക്തികളും വിട്ടകലും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker