Meditation

ദേവാലയ ശുദ്ധീകരണം (യോഹ 2: 13-25)

ദേവാലയ ശുദ്ധീകരണം എന്ന ഒറ്റ പ്രവർത്തിയിലൂടെ ആത്മീയതയിലെ വാണിജ്യവൽക്കരണത്തെയാണ് യേശു ഇല്ലാതാക്കുന്നത്...

തപസ്സുകാലം മൂന്നാം ഞായർ

ജെറുസലേം ദേവാലയം ഒരു ആരാധനാലയം മാത്രമല്ല. യഹൂദരുടെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിൻ്റെ കേന്ദ്രവും കൂടിയാണ്. എല്ലാ പ്രാർത്ഥനകളും വഴിപാടുകളും ചിന്തകളും സംഗമിക്കുന്ന ഇടമാണത്. ജോസഫും മറിയവും ശിശുവായ യേശുവിനെ സമർപ്പിക്കുന്നതിനായി വരുന്നത് ഇവിടെയാണ്. ബാലനായ യേശു നിയമജ്ഞരുമായി തർക്കത്തിൽ ഏർപ്പെട്ടതും ഇവിടെയാണ്. യോഹന്നാന്റെ സുവിശേഷത്തിൽ, ആറാം അധ്യായം ഒഴിച്ച്, അഞ്ചു മുതൽ പത്തു വരെയുള്ള അധ്യായങ്ങളിലെ സംഭവങ്ങളും സംവാദങ്ങളും നടക്കുന്നത് ഇതിന്റെ ഇടനാഴികളിലും പരിസരങ്ങളിലുമാണ്. യഹൂദരുടെ ഒരു സാംസ്കാരിക ഇടം കൂടിയായിരുന്നു ജെറുസലേം ദേവാലയം. ആ ദേവാലയത്തിലേക്കാണ് അവൻ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി കടന്നുചെല്ലുന്നത്. പെസഹാ തിരുനാൾ അടുത്തിരിക്കുന്ന സമയത്താണ് അവൻ അങ്ങോട്ട് കയറി ചെല്ലുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു ശുദ്ധീകരണം. അതുതന്നെയാണ് അവൻ്റെ ലക്ഷ്യം. പെസഹായ്ക്ക് മുമ്പ് എല്ലാം ശുദ്ധീകരിക്കണം എന്ന മോശയുടെ നിയമം ദേവാലയത്തിൽ നിന്നും അവൻ ആരംഭിക്കുന്നു. അതെ, എല്ലാ ശുദ്ധീകരണവും തുടങ്ങേണ്ടത് അരികുകളിൽ നിന്നല്ല, കേന്ദ്രത്തിൽ നിന്നുതന്നെയായിരിക്കണം.

എല്ലാ സുവിശേഷകന്മാരും ചിത്രീകരിക്കുന്ന ഒരു സംഭവമാണ് ദേവാലയ ശുദ്ധീകരണം. തന്റെ പിതാവിന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണതയാൽ കത്തിജ്വലിക്കുന്ന യേശുവിന്റെ ചിത്രമാണ് അവർ ചിത്രീകരിക്കുന്നത്. കരുണാമയന്റെ ആരും പ്രതീക്ഷിക്കാത്ത സ്വഭാവവും ചേഷ്ടയും ആണവ. സ്നേഹിക്കാൻ പറഞ്ഞവന് ഇങ്ങനെയും പ്രവർത്തിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയരാവുന്നതാണ്. അപ്പോഴും ഒരു കാര്യം ഓർക്കണം. എവിടെയൊക്കെയോ അവൻ പറഞ്ഞിട്ടുണ്ടല്ലോ “ഭൂമിയിൽ സമാധാനമാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങൾ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത്” (മത്താ 10:34).

എന്താണ് സമാധാനം? നമ്മെ സംബന്ധിച്ച് ഒന്നിലും ഇടപെടാതിരിക്കുക എന്നതായിരിക്കാം സമാധാനം. അനീതി കണ്ടാലും നിശബ്ദരായി നിൽക്കുക എന്ന യുക്തിയാണത്. അങ്ങനെയുള്ള അവസരങ്ങളിൽ “പ്രാർത്ഥിക്കാം”, “ദൈവം ഇടപെടും” എന്നൊക്കെ പറഞ്ഞു കൈകഴുകിയുള്ള രക്ഷപ്പെടൽ സർവ്വസാധാരണമാണ്. അത് ചുടുകാട്ടിലെ ഭയം ഉണർത്തുന്ന സമാധാനത്തിന് തുല്യമാണ്. അങ്ങനെയുള്ള സമാധാനം ഒരിക്കലും സുന്ദരമായ ഒരു ലോകത്തെ കെട്ടിപ്പടുക്കില്ല.

എന്തിനാണ് യേശു ഇത്രയ്ക്കും കർക്കശമാകുന്നത്? പണമിടപാടും കച്ചവടവുമെല്ലാം അവരുടെ ജീവനോപാധിയുടെ മാർഗ്ഗമല്ലേ? ഒരുവിധത്തിൽ പറഞ്ഞാൽ വിലയേറിയ സേവനമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. ദേവാലയത്തിൽ അനുവാദമില്ലാത്ത ചക്രവർത്തിയുടെ ചിത്രമുള്ള നാണയങ്ങളെ തടയുകയല്ലേ പണമിടപാടുകാർ ചെയ്യുന്നത്? ബലി അർപ്പിക്കാൻ വരുന്നവർക്ക് ബലി വസ്തുക്കളെ എളുപ്പത്തിൽ സൗകര്യപ്പെടുത്തുകയല്ലേ കച്ചവടക്കാർ? പിന്നെ എന്തിനാണ് അവൻ ചാട്ടവാർ ഉണ്ടാക്കിയത്? ഉത്തരം ഒന്നേയുള്ളു. അത് അന്നും ഇന്നും ഒന്നു തന്നെയാണ്. ദേവാലയം പിതാവിൻ്റെ ഭവനമാണ്. അതിനെ ഒരു ചന്തസ്ഥലമായി കാണാൻ അവൻ ആഗ്രഹിക്കുന്നില്ല. ഒപ്പം ഒരു കാര്യം കൂടി അവൻ പറയുന്നുണ്ട്: “നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാൻ അതു പുനരുദ്ധരിക്കും”. പറയുന്നത് സ്വന്തം ശരീരത്തെ കുറിച്ചാണ്. ഇപ്പോൾ ദേവാലയം ഒരു കെട്ടിടമല്ല, ശരീരമാണ്. അതെ, ശരീരവും പിതാവിൻ്റെ ആലയമാണ്. ചന്തസ്ഥലമായി മാറാതിരിക്കാൻ അവിടെയും വേണം ചില ശുദ്ധീകരണങ്ങൾ.

നിർമ്മാണം തുടങ്ങിയിട്ട് ഏകദേശം 46 വർഷമായിട്ടും പൂർത്തിയാകാത്ത ബൃഹത്തായ ഒരു കെട്ടിടമാണ് ജെറുസലേം ദേവാലയം. എല്ലാദിവസവും രാവിലെ ഒമ്പതിനും ഉച്ചകഴിഞ്ഞ് മൂന്നിനും കുഞ്ഞാടുകളുടെ ബലിയർപ്പണമുണ്ട്. താമിദ് എന്നാണ് ഈ ബലിയർപ്പണം അറിയപ്പെടുന്നത്. ഈ ബലിയെയാണ് നിരന്തരബലി എന്നു വിളിക്കുന്നത്. കാര്യസാധ്യങ്ങൾക്കായുള്ള വഴിപാടുകളാണവ. കുഞ്ഞാടിനെ ബലിയായി നൽകി ദൈവത്തിൽ നിന്നും കാര്യങ്ങൾ സാധിക്കുക എന്ന യുക്തിയാണ് അവയുടെ പിന്നിൽ. ആ യുക്തിയെയാണ് യേശു ഇപ്പോൾ ശുദ്ധീകരിക്കുന്നത്. മൃഗങ്ങളുടെ രക്തം നൽകിയല്ല ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കേണ്ടത്, സ്വന്തം രക്തം നൽകിയായിരിക്കണം. ബലി ഒരിക്കലും വസ്തുനിഷ്ഠമാകരുത്, ആത്മനിഷ്ഠമാകണം. മറ്റുള്ളവയെ സമർപ്പിച്ചു കൊണ്ടല്ല ദൈവത്തെ പ്രീതിപ്പെടുത്തേണ്ടത്, സ്വയം ഒരു ബലിയായിട്ടാകണം. അതുകൊണ്ടാണ് അവൻ സ്വയം ഒരു കുഞ്ഞാടായി മാറുന്നത്. ആ കുഞ്ഞാട് പിന്നീട് രാവിലെ 9 മണിക്ക് കാൽവരിയാകുന്ന ബലിപീഠത്തിലേക്ക് ആനയിക്കപ്പെടുകയും ഉച്ചകഴിഞ്ഞ് 3 മണിക്ക് ബലിയായി മാറുകയും ചെയ്യുന്നുണ്ട്. ഇതാ, യാഗങ്ങളുടെ യുഗം അവസാനിച്ചിരിക്കുന്നു. ഇനി ദൈവത്തെ പ്രീതിപ്പെടുത്താൻ ദേവാലയങ്ങളിലേക്ക് പോകേണ്ട കാര്യമില്ല. ഇനി പോകേണ്ടത് കൃതജ്ഞത അർപ്പിക്കാൻ മാത്രമായിരിക്കണം. ഇനിമുതൽ യഥാർത്ഥ ആരാധന ഉണ്ടാകേണ്ടത് ദേവാലയങ്ങളിലല്ല, നമ്മുടെ തന്നെ ശരീരത്തിലാണ്. സത്യാരാധന നടക്കേണ്ടത് ആലയങ്ങളിലല്ല, നമ്മുടെ ഓരോരുത്തരുടെയും മാനസങ്ങളിലാണ്. മാനസങ്ങളിൽ മാറ്റം ഉണ്ടായാൽ മാത്രമേ ആലയങ്ങളിലും മാറ്റം ഉണ്ടാകു.

ദേവാലയ ശുദ്ധീകരണം എന്ന ഒറ്റ പ്രവർത്തിയിലൂടെ ആത്മീയതയിലെ വാണിജ്യവൽക്കരണത്തെയാണ് യേശു ഇല്ലാതാക്കുന്നത്. എന്തൊക്കെയോ വഴിപാടുകളും ത്യാഗങ്ങളും നടത്തിക്കഴിയുമ്പോൾ പ്രീതിപ്പെടുന്നവനാണ് ദൈവം എന്ന് കരുതരുത്. നമ്മുടെ സ്തോത്രയാഗങ്ങളുടെ കണക്കുകൾ എഴുതി സൂക്ഷിക്കുന്ന ഒരു കണക്കപ്പിള്ള അല്ല ദൈവം. അവൻ ഒരു വില്പന ചരക്കുമല്ല. ദൈവം ശുദ്ധമായ സ്നേഹമാണ്. ആ സ്നേഹത്തിൽ വാണിജ്യമില്ല. വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്ന ആത്മീയതയിൽ ദൈവസങ്കല്പം എന്നും വികലമായിരിക്കും. ആ വികലമായ സങ്കൽപ്പത്തെ വൃത്തിയാക്കാനുള്ള സമയം കൂടിയാണ് നോമ്പുകാലം. എങ്ങനെയാണ് നാമും ദൈവവും തമ്മിലുള്ള ബന്ധം? നമ്മുടെ ആത്മീയത വാണിജ്യവൽക്കരിക്കപ്പെട്ട ഒരു ആത്മീയതയാണോ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker