Meditation

2nd Sinday_Lent 2024_രൂപാന്തരീകരണം (മർക്കോ 9:2-10)

ലാവണ്യം നഷ്ടപ്പെട്ട വാക്കുകളും ചിന്തകളും വേണ്ട. സത്യസന്ധതയാണ് സൗന്ദര്യം...

തപസ്സുകാലം രണ്ടാം ഞായർ

മർക്കോസ് തന്റെ പതിനാറ് അധ്യായങ്ങളുള്ള സുവിശേഷത്തിന്റെ ഒത്ത മധ്യേയാണ് യേശുവിന്റെ രൂപാന്തരീകരണം ചിത്രീകരിച്ചിരിക്കുന്നത്. ഉത്ഥാനാഖ്യാനങ്ങൾ ഇല്ലാത്ത ഈ സുവിശേഷത്തിലെ ഉത്ഥാനാനുഭവമാണ് ഒരുവിധത്തിൽ പറഞ്ഞാൽ രൂപാന്തരീകരണം. ക്രൂശിതനിൽ നിന്നും ഉത്ഥിതനിലേക്കുള്ള പരിവർത്തനത്തിന്റെ ആൽക്കെമി അതിൽ വ്യക്തമാകുന്നുണ്ട്. താബോറിൽ നിന്നും കാൽവരിയിലേക്കുള്ള ദൂരത്തിന്റെ ഒരു മാപിനിയും അവിടെ നിർണ്ണയിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് തന്റെ ഉള്ളം അറിഞ്ഞ മൂന്നു ശിഷ്യരെ മാത്രം അവൻ കൂടെ കൂട്ടുന്നത്. സാധാരണക്കാരാണ് അവർ. പക്ഷെ സ്വഭാവത്തിൽ വിമത ചിന്താഗതി ഉള്ളവരായിരുന്നു. ഇവർക്ക് മാത്രമാണ് യേശു വിളിപ്പേര് നൽകിയിരുന്നത് എന്ന കാര്യവും ഓർക്കണം. കാരണം ഇങ്ങനെയുള്ളവരെയാണ് എന്നും എപ്പോഴും കൂടെ നിർത്തേണ്ടതും ദിവ്യരഹസ്യങ്ങളുടെ ആഴങ്ങളെ ബോധ്യപ്പെടുത്തേണ്ടതും.

അപ്പോൾ, പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്”. റബ്ബി എന്നാണ് അവൻ യേശുവിനെ വിളിക്കുന്നത്. മർക്കോസിന്റെ സുവിശേഷത്തിൽ രണ്ടേരണ്ടു പേരാണ് യേശുവിനെ അങ്ങനെ വിളിച്ചിട്ടുള്ളത്: പത്രോസും യൂദാസും (9:5, 11:21, 14:45). വിസ്മയത്തിന്റെ പശ്ചാത്തലങ്ങളിലാണ് പത്രോസ് അങ്ങനെ വിളിക്കുന്നതെങ്കിൽ, റബ്ബി എന്ന ഒറ്റവാക്കിൽ ചതിയുടെ എല്ലാ അർത്ഥതലങ്ങളും ചേർത്തുവയ്ക്കുകയാണ് യൂദാസ്.

ദൈവീകതയുടെ ലാവണ്യാനുഭൂതിയാണ് രൂപാന്തരീകരണം. അതുകൊണ്ടാണ് ഇവിടെയായിരിക്കുന്നത് എത്രയോ മനോഹരമാണ് എന്ന അർത്ഥം വരുന്ന കലോസ് (καλός) എന്ന പദം പത്രോസ് ഉപയോഗിക്കുന്നത്. ഇതാ, ദൈവപുത്രൻ ഭൂമിയിലെ സകല സൗന്ദര്യവും സ്വത്വത്തിലേക്ക് ആവഹിച്ച് പ്രകാശപൂരിതനായി നിൽക്കുന്നു! സുന്ദരമായതെല്ലാം ദൈവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇനി നമുക്ക് വേണ്ടത് ആ സൗന്ദര്യബോധം ഉണ്ടാവുക എന്നതാണ്. ലാവണ്യം നമ്മെ ദൈവത്തിലേക്ക് തള്ളിവിടും. നമ്മുടെ വിശ്വാസവും ഒരു ലാവണ്യാനുഭൂതിയായി മാറണം. എങ്കിൽ മാത്രമേ ക്രിസ്തുവിൻ്റെ സ്വർഗീയ സൗന്ദര്യം അനുഭവിക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന് ലോകം പറയൂ.

എല്ലാവരും ഒരു താബോർ അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടാകണം. സ്വർഗ്ഗത്തെ സ്പർശിച്ച ഒരു നിമിഷം… ദൈവലാവണ്യം അനുഭവിച്ചറിഞ്ഞ ആ നേരം… അത് ചിലപ്പോൾ ഒരു താരകരാത്രിയിലെ ഏകാന്ത ധ്യാനമായിരിക്കാം, തീർത്ഥാടനമായിരിക്കാം, ജാഗരണ പ്രാർത്ഥനയായിരിക്കാം, ദിവ്യകാരുണ്യസന്നിധിയിലെ ആത്മഹർഷമായിരിക്കാം… അങ്ങനെ എത്രയോ അനുഭവങ്ങൾ. രൂപാന്തരത്തിന്റെ നിമിഷങ്ങളാണവ. സങ്കടങ്ങളുടെ നിഴലിലും ജീവിതം മനോഹരമാണെന്ന തിരിച്ചറിവ് നൽകിയ നിമിഷങ്ങളാണവ.

സൗന്ദര്യമാണ് ഇനി സഭയ്ക്കും നമുക്കും വേണ്ടത്. ലാവണ്യം നഷ്ടപ്പെട്ട വാക്കുകളും ചിന്തകളും വേണ്ട. സത്യസന്ധതയാണ് സൗന്ദര്യം. അത് ഇനി നഷ്ടപ്പെടാൻ പാടില്ല. ഒരു മലകയറ്റം നമുക്കും ഉണ്ടാകണം. എങ്കിൽ മാത്രമേ പ്രകാശപൂരിതനെ അനുഭവിച്ചറിയാൻ സാധിക്കു. ഇവിടെയായിരിക്കുന്നത് എത്രയോ സുന്ദരമാണ് എന്ന് പത്രോസ് പറഞ്ഞതുപോലെ സഭയെക്കുറിച്ചും നമ്മുടെ കൂട്ടായ്മയെക്കുറിച്ചും ഓരോരുത്തർക്കും പറയാൻ സാധിക്കണം.

ഹൃദയംകൊണ്ടു മാത്രം കാണാൻ കഴിയുന്നവയെ ദർശിക്കുന്ന അനുഭവമാണ് രൂപാന്തരീകരണം. എവിടെയോ സുവിശേഷം പറയുന്നുണ്ട്, “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; എന്തെന്നാൽ അവർ ദൈവത്തെ കാണും”. ശുദ്ധമായ ഹൃദയമുള്ളവർക്ക് എല്ലാം ശുദ്ധമായിരിക്കും. അവർ എല്ലാറ്റിലും, കഷ്ടപ്പാടുകളിലും മരണത്തിൽ പോലും, ദൈവത്തെ കാണും. സ്നേഹത്തിന്റെ പര്യായമാണ് ആ ശുദ്ധത. അത് വിശുദ്ധിയാണ്. സ്നേഹിച്ചിട്ടുള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാകും. കാരണം സ്നേഹമാണ് സുവിശേഷത്തിന്റെ ആന്തരികഭാവം. അതുകൊണ്ടാണ് പ്രണയികൾക്ക് യേശു എന്നും ഒരു ആരാധ്യപുരുഷനായിരിക്കുന്നത്.

എങ്ങനെയാണ് യേശുവിന്റെ രൂപം മാറിയത്? എങ്ങനെയാണ് അവൻ്റെ മുഖം സൂര്യനെ പോലെ പ്രകാശിച്ചത്? എങ്ങനെയാണ് അവൻ്റെ വസ്ത്രം വെൺമയും തിളക്കമുള്ളതുമായി മാറിയത്? ഉത്തരം ലളിതമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ, സ്നേഹിക്കപ്പെട്ടിട്ടുണ്ടോ, എങ്കിൽ കാര്യങ്ങൾ മനസ്സിലാകും. പ്രണയികളുടെ മുഖത്തേക്ക് നോക്കൂ. അമ്മയുടെ കൈകളിലെ കുഞ്ഞിനെ കാണൂ. പ്രസവിച്ചതിനുശേഷം കുഞ്ഞിനെ നോക്കുന്ന സ്ത്രീകളുടെ കണ്ണുകളെ ശ്രദ്ധിക്കൂ. സ്നേഹം കൊണ്ടുവന്ന മാറ്റം നമുക്ക് കാണാൻ സാധിക്കും. സ്നേഹത്തിന് മാത്രമേ നമ്മുടെ ശരീരത്തെയും രൂപത്തെയും മുഖത്തെയും വസ്ത്രത്തെയും മാറ്റാൻ സാധിക്കു. ദൈവസ്നേഹമാണ് താബോറിൽ വച്ച് യേശുവിൽ മാറ്റം ഉണ്ടാക്കുന്നത്. സ്നേഹത്തിന് മാത്രമേ നമ്മുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും മാറ്റാൻ സാധിക്കു. ആ കാഴ്ചപ്പാടിലേക്കാണ് പിന്നീട് യോഹന്നാൻ വളരുന്നത്. അതുകൊണ്ടാണ് അവൻ കുറിച്ചത്: അൻപേ ശിവം – ദൈവം സ്നേഹമാണ്. അതായത് സ്നേഹിക്കുന്നവർക്കു മാത്രമേ ദൈവത്തെ അറിയാൻ സാധിക്കു എന്നാണ്. ഹൃദയശുദ്ധത ഇല്ലാത്തവർക്ക് ഈശ്വരസങ്കല്പം ഉണ്ടായേക്കാം, പക്ഷേ അവനെ അനുഭവിക്കാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ എല്ലാം തുടങ്ങേണ്ടത് സൗന്ദര്യത്തിൽ നിന്നായിരിക്കണം, ദൈവസൗന്ദര്യത്തിൽ നിന്ന്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker